പെരുമ്പാവൂരിൽ ‘ഹർത്താൽ മൂഡ്’

പെരുമ്പാവൂരിൽ ‘ഹർത്താൽ മൂഡ്’

ബംഗാളിലെ നിയമസഭാതിരഞ്ഞെടുപ്പ് തൊഴിലാളികൾ നാടുപിടിച്ചു To advertise here, വ്യവസായമേഖലയിൽ പ്രതിസന്ധി പെരുമ്പാവൂർ: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ബംഗാളികളായ തൊഴിലാളികൾ കൂട്ടത്തോടെ പോകുന്നതിനാൽ പെരുമ്പാവൂരിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം നാമമാത്രമായി. ഇപ്പോൾ ഏതാണ്ട് ഒരു ‘ഹർത്താൽ മോഡി’ലാണ് പ്രദേശം. ഇൗ മാസം 23, 29 തീയതികളിലാണ് ബംഗാളിലെ വോട്ടെടുപ്പ്. പതിവില്ലാത്തവിധം വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ബംഗാളിൽ. മുഖ്യമന്ത്രി മമതാ ബാനർജിയും ബി.ജെ.പി.യും തമ്മിലുള്ള കനത്ത പോരാട്ടത്തിൽ പഴയ ശക്തി തെളിയിക്കാൻ ഇടതുപക്ഷവുമുണ്ട്. മറുനാട്ടിലുള്ളവരെക്കൂടി നാട്ടിലെത്തിച്ച് വോട്ടുചെയ്യിക്കാൻ എല്ലാകക്ഷികളും കിണഞ്ഞുശ്രമിക്കുന്നുണ്ട്. കഴിഞ്ഞമാസം വോട്ടുചെയ്യാൻപോയ അസം തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഗൾഫ് മേഖലയിലെ യുദ്ധംമൂലം പ്ലൈവുഡ് ഫാക്ടറികളിലേക്ക് ആവശ്യമായ മെഥനോൾ പോലുള്ള പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇരട്ടി വിലയായതും പ്രതിസന്ധി രൂക്ഷമാക്കി. കേരളത്തിലെ വിഷുവിന് സമാനമായി അസമിൽ 'ബിഹു' ആഘോഷം നടക്കുന്നതുമൂലം അവിടെ നിന്നുള്ള തൊഴിലാളികൾ തിരിച്ചെത്താൻ വൈകുകയാണ്. ബംഗാളിലും ‘പഹല വൈശാഖ്’ എന്ന സമാനമായ ആഘോഷം നടക്കുകയാണ്. ഇതരസംസ്ഥാനത്തൊഴിലാളികളെ ആശ്രയിച്ചുള്ള കേരളത്തിലെ വ്യവസായമേഖല ഇതിനുമുൻപ് ഇതുപോലെ പ്രതിസന്ധി നേരിട്ടിട്ടില്ലെന്ന് സോമിൽ ഓണേഴ്‌സ് ആൻഡ് ൈപ്ലവുഡ് മാനുഫാക്‌ചേഴ്‌സ് അസോ. പ്രസിഡന്റ് എം.എം. മുജീബ് റഹ്‌മാൻ പറഞ്ഞു. എറണാകളം ജില്ലയിൽ മാത്രം 1000 ത്തോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകളുണ്ട്. ‘‘ഫാക്ടറികളുടെ പ്രവർത്തനം നാമമാത്രമാണെങ്കിലും മലയാളികൾ ഉൾപ്പെടെയുളള ഓഫീസ് സ്റ്റാഫുകൾ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ തുടങ്ങിയ കുറേയധികം മാസശമ്പളക്കാരായ ജീവനക്കാരെ സ്ഥാപനത്തിൽ നിലനിർത്തേണ്ടതുണ്ട്. ഉത്പാദനം നിലച്ച് വരുമാനമില്ലാത്ത സ്ഥിതിയിൽ ബാങ്ക് വായ്പയുടെ പലിശയ്ക്ക് ഇളവു ലഭിക്കുന്നില്ല’’ പ്ലൈവുഡ് വ്യവസായി എം.എച്ച്. റിയാസ് പറഞ്ഞു. അസം, ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിരലിലെണ്ണാവുന്ന തൊഴിലാളികളേ പല കമ്പനികളിലും പണിയെടുക്കാനുളളു. വോട്ടുചെയ്യാൻ ഒഴുക്ക് കേരളത്തിലെ ഇതരസംസ്ഥാനത്തൊഴിലാളികളിൽ 40 ശതമാനം ബംഗാളിൽ നിന്നുള്ളവരാണ്. ഇതിൽ 80 ശതമാനത്തോളംപേർ മുർഷിദാബാദ് ജില്ലയിലെ ഡോംകൽ ഉപജില്ലക്കാരാണ്. മുൻപൊരിക്കലും ഇല്ലാത്തവിധമാണ് വോട്ടുചെയ്യാൻ തൊഴിലാളികൾ കേരളം വിടുന്നത്. വോട്ടർപട്ടിക പരിഷ്കരണം, പൗരത്വനിയമ ഭേദഗതി ബിൽ തുടങ്ങി വിവിധ വിഷയങ്ങൾ തൊഴിലാളികളെ അലട്ടുന്നു. പലവിധ സമ്മർദങ്ങളും ഇവരെ നാട്ടിലേക്ക് തിരിച്ചുവിളിക്കുന്നുണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്‌മെന്റ് (സി.എം.ഐ.ഡി.) എക്സി. ഡയറക്ടർ ബിനോയ് പീറ്റർ പറയുന്നു. മൂന്നുദിവസം യാത്ര പെരുമ്പാവൂരിൽനിന്ന് ബംഗാളിലേക്കുള്ള ബസിൽ സീറ്റിന് 4,500 രൂപയാണ് നിരക്ക്. ബംഗാളിലെത്താൻ മൂന്നു ദിവസമെടുക്കും. തൊഴിലാളികൾ സ്വന്തംനിലയ്ക്കും തൊഴിലുടമകൾ ഏർപ്പെടുത്തിക്കൊടുക്കുന്ന ബസുകളുമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇവർ തിരിച്ചുവരുമെന്ന് ഉറപ്പാക്കാനാണ് തൊഴിലുടമകൾ ബസ് ഏർപ്പെടുത്തുന്നത്. പോകുന്ന ബസുകൾ തൊഴിലാളികൾ തിരിച്ചുവരുന്നതുവരെ അവിടെ തങ്ങും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമ്പാവൂരിൽ ‘ഹർത്താൽ മൂഡ്’ — Mathrubhumi | Boolokam | Boolokam