ചാരുംമൂട് : പെരുവേലിച്ചാൽ പുഞ്ചയിലെ നെൽക്കർഷകരുടെ ദുരിതം തുടർക്കഥയാകുന്നു. പുഞ്ചയിലെ ഉയർന്ന പ്രദേശത്തെ നെൽക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങിയതിനു പിന്നാലെ കൊയ്ത്തിനു പാകമായ നെൽച്ചെടികൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞദിവസം കൂട്ടത്തോടെയെത്തിയ കാട്ടുപന്നികൾ പുഞ്ചയിലെ നല്ലൊരുഭാഗത്തെ നെൽച്ചെടികളും കുത്തിമറിച്ച് നശിപ്പിച്ചു. To advertise here, കർഷകരായ ഉദയകുമാർ, രാജൻ, സുഭാഷ്, ഓമനയമ്മ, വാസുദേവൻനായർ, സിദ്ധാർഥൻ, ശ്യാമളാ രാജേന്ദ്രൻ തുടങ്ങിയവരുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിഭവനിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നാണ് പരാതി. ഇൻഷുർ ചെയ്തിട്ടുള്ള നെൽക്കൃഷിയുടെ നഷ്ടപരിഹാരത്തിനായി കൃഷിഭവനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പുലിമേൽ നെല്ലുത്പാദകസമിതി. പുഞ്ചയുടെ കരയിൽ കാടുപിടിച്ച് വനമേഖല കണക്കേ കിടക്കുന്ന ഭാഗങ്ങളാണ് പന്നിക്കൂട്ടത്തിന്റെ ആവാസകേന്ദ്രം. കാടു വെട്ടിത്തെളിക്കണമെന്ന കർഷകരുടെ ആവശ്യം അധികാരികൾ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രണ്ടാഴ്ച മുൻപാണ് വെള്ളമില്ലാതെ പുഞ്ചയിലെ നെൽക്കൃഷി കരിഞ്ഞുണങ്ങിത്തുടങ്ങിയത്. ആ സമയത്തു പെയ്ത വേനൽമഴ കർഷകർക്ക് ആശ്വാസമായി. പുഞ്ചയിലെ ജലസേചനമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് കർഷകർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൃഷി തുടങ്ങിക്കഴിയുമ്പോൾ കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ട് പുഞ്ചയിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. നൂറനാട്, ചുനക്കര, തഴക്കര പഞ്ചായത്തുകളിലായി ആയിരത്തിൽപ്പരം ഏക്കറിലാണ് പുഞ്ച വ്യാപിച്ചുകിടക്കുന്നത്. ഇതിൽ നൂറനാട് പഞ്ചായത്തിൽവരുന്ന ഭാഗത്താണ് കൂടുതൽ പ്രശ്നമുള്ളത്. മുന്നൂറിൽപ്പരം കർഷകർ ഇവിടുണ്ട്. പുഞ്ചയിലെ വെള്ളം കൃഷിയിറക്കും മുൻപായി കൃത്യമായി വറ്റിച്ചു കിട്ടാത്തതിനാൽ കൃഷിയിറക്കുന്നതിനു താമസം നേരിടാറുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ കനാലിലെ മുതുകാട്ടുകര, പറയംകുളം എന്നിവിടങ്ങളിൽനിന്ന് രണ്ട് ഉപകനാലുകൾ പുഞ്ചയിലേക്കുണ്ടെങ്കിലും കൃത്യമായി വെള്ളമെത്താറില്ല. കനാലിൽ അമിതമായി വെള്ളം തുറന്നുവിട്ടപ്പോൾ ചാലിൽ വെള്ളംകൂടി പാടശേഖരത്തിലെ കൃഷി മുങ്ങിയ സംഭവങ്ങളുമുണ്ട്. കുട്ടനാട് പാക്കേജിൽപ്പെടുത്തി പുഞ്ചയുടെ സംരക്ഷണത്തിനായി 33 കോടി രൂപ അനുവദിച്ചിരുന്നു. ശക്തികൂടിയ മോട്ടോറുകൾ സ്ഥാപിക്കുന്നതടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.

പെരുവേലിച്ചാൽ പുഞ്ചയിൽ കാട്ടുപന്നി ആക്രമണം; നെൽച്ചെടികൾ നശിപ്പിച്ചു
M
MathrubhumiSource Link
18 days ago