പേ രാവൂർ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുക. കെപിസിസി പ്രസിഡന്റിനെ തറപറ്റിക്കുക. കണ്ണൂരിലെ യുഡിഎഫ് ശക്തികേന്ദ്രത്തിൽ കെ.കെ. ശൈലജയെ തന്നെ സിപിഎം കളത്തിലിറക്കിയതിന് പിന്നിൽ ലക്ഷ്യം ഒന്നുമാത്രം. മണ്ഡലം പിടിച്ച് അഭിമാനപ്പോരാട്ടത്തിൽ വിജയിച്ച് കയറുക. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിലെ യുഡിഎഫ് മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളിലൊന്നായ ശൈലജയെ തന്നെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതും ആ കാരണം കൊണ്ടാണ്. ഇടതുതരംഗം ആഞ്ഞുവീശീയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ഇളകാതെ യുഡിഎഫിന് കൈകൊടുത്ത മണ്ഡലത്തിൽ ശൈലജ വിജയിച്ചുകയറുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. To advertise here, 2006-ൽ കോൺഗ്രസിനെ അട്ടിമറിച്ച് പേരാവൂർ പിടിച്ചടക്കിയ ശൈലജ ഇക്കുറിയും വിജയിക്കുമെന്ന് കണക്കുകൂട്ടിയാണ് സിപിഎം ആ തിരുമാനത്തിലെത്തിയത്. എതിരാളിയാകട്ടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലമായി പേരാവൂർ മാറി. മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. മട്ടന്നൂരിൽ നിന്ന് ശൈലജ പേരാവൂർ അങ്കത്തിന്. ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വരുമ്പോൾ കടുത്ത പോരാട്ടം നടക്കുമെന്നുറപ്പ്. 2021-ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായുള്ള പ്രകടനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും ശൈലജ ചർച്ചകളിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു നീക്കം സിപിഎം ശൈലജയിലൂടെ നടത്തയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. വടകര ലോക്സഭാ സീറ്റ് തിരിച്ച് പിടിക്കുക എന്ന ദൗത്യത്തിനിറങ്ങിയ ശൈലജയ്ക്ക്, പക്ഷേ, ഷാഫി പറമ്പിലിന് മുന്നിൽ അടിതെറ്റി. എന്നാൽ വടകരയിലെ സ്ഥിതിയായിരിക്കില്ല പേരാവൂരിലെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. 2021-ൽ പേരാവൂരിൽ കിതച്ച് ജയിച്ച സണ്ണി ജോസഫ് ഇത്തവണ ശൈലജയ്ക്ക് മുന്നിൽ വീഴുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ ജനപ്രീതിയും കൂടി വോട്ടാകുമ്പോൾ സീറ്റ് തിരിച്ചുപിടിക്കാമെന്ന് പാർട്ടി കരുതുന്നു. പേരാവൂരിനെ ഒരു തവണ ഞെട്ടിച്ചതിന്റെ ചരിത്രം കൂടി ശൈലജയ്ക്കുണ്ട്. 2006 ൽ പേരാവൂരിൽ മത്സരിച്ച കെകെ ശൈലജ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായ ശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. ഇത്തവണ അത് ആവർത്തിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, ആ സാഹചര്യമല്ല ഇപ്പോഴെന്നാണ് സംസ്ഥാനത്തുള്ള ഇടത് വിരുദ്ധ തരംഗം പേരാവൂരിലും ആഞ്ഞടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലവും സമീപകാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും ഇതിന് തെളിവാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ശൈലജയുടെ വരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പേരാവൂർ മാറുകയാണ്. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പേരാവൂർ മണ്ഡലം. കഴിഞ്ഞ തവണ ഇതിൽ രണ്ട് പഞ്ചായത്തിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണമെങ്കിൽ ഇപ്പോഴത് അഞ്ച് പഞ്ചായത്തിലേക്ക് യുഡിഎഫ് കരുത്തുകൂട്ടി. എല്ലായ്‌പ്പോഴും യുഡിഎഫിനോട് ചായ്‌വ് കാണിക്കുന്ന പേരാവൂർ ശൈലജയ്ക്ക് വോട്ട് നൽകി എൽഡിഎഫിനേയും ഉൾക്കൊള്ളുമെന്ന് ഒരു തവണ തെളിയിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെ മണ്ഡലമല്ല ഇപ്പോഴത്തെ പോരാവൂർ. 2009 ൽ മണ്ഡലത്തിന്റെ ഭാഗങ്ങളിൽ മാറ്റം വന്നു. ശൈലജ തന്നെ വീണ്ടുമെത്തുമ്പോൾ പേരാവൂർ കൈയും നീട്ടി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2006ൽ എ.ഡി മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ശൈലജ 2011ൽ വീണ്ടും മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിനാണ് തോറ്റത്. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ഇക്കുറി ജനവിധി എന്താകുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. Content Highlights: KK Shailaja returns to Peravoor to challenge KPCC President Sunny Joseph., Historical context of the 2006 upset and subsequent electoral shifts., Analysis of UDF's stronghold versus CPM's ambition to regain the seat., Impact of recent local body election trends on the upcoming assembly contest. Published: 15 Mar 2026, 05:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പേരാവൂരിൽ ശൈലജ തന്നെ, സണ്ണി ജോസഫിന്റെ തട്ടകത്തിൽ ഗ്ലാമർ പോരാട്ടം; ആര് വാഴും?
M
MathrubhumiSource Link
about 2 months ago