കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴി മറയ്ക്കാൻ ചെങ്കല്ല് നിരത്തി To advertise here, പേരാവൂർ : ഏറെ തിരക്കേറിയ പേരാവൂർ-കൊട്ടിയൂർ റോഡിൽ വാഹനങ്ങൾക്ക് അപകടഭീഷണിയൊരുക്കി ജലവകുപ്പ്. ചെവിടിക്കുന്നിന് സമീപം ജലവിതരണ കേന്ദ്രത്തിനടുത്ത് പൈപ്പ് പൊട്ടിയുണ്ടായ കുഴി മറയ്ക്കാൻ റോഡിൽ നിരത്തിയ കല്ലുകളാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയൊരുക്കുന്നത്. പേരാവൂർ പഞ്ചായത്തിൽ കുടിവെള്ളവിതരണം നടത്തുന്ന പമ്പ് ഹൗസിന്റെ തൊട്ടടുത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. പൈപ്പ് പൊട്ടി വെള്ളം ശക്തിയായി പുറത്തേക്ക് വന്നതോടെയാണ് റോഡ് തകർന്നതും കുഴിയായതും. കുഴിയിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായതോടെ തകരാർ പരിഹരിക്കാതെ കുഴിക്ക് ഇരുവശവും ചെങ്കല്ലുകൾ നിരത്തുകയായിരുന്നു. കല്ലാണെന്ന് തിരിച്ചറിയാതിരിക്കാൻ ചാക്ക് കൊണ്ട് മൂടുകയും ചെയ്തു. രണ്ട് വളവുകൾക്കിടയിലുള്ള സ്ഥലത്ത് റോഡിൽ കല്ലുകൾ നിരത്തിയതിനാൽ വാഹനങ്ങൾ കല്ലിൽ വന്നിടിച്ച് ഇപ്പോൾ അപകടങ്ങൾ കൂടുകയാണ്. പേരാവൂർ-കൊട്ടിയൂർ വയനാട് റോഡായതിനാൽ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് വാഹന യാത്രക്കാർ രക്ഷപ്പെടുന്നത്. ഇത്ര വലിയ അപകടഭീഷണിയുണ്ടായിട്ടും പൈപ്പ് നന്നാക്കാനോ കുഴിയടയ്ക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. Published: 22 Apr 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
