മുര്‍ഷിദബാദിലെ ഭഗബന്‍ഗോളയില്‍നിന്ന് സി.പി. ശ്രീഹര്‍ഷന്‍ Last Updated: 29 Apr 2026, 02:47 pm IST പന്ത്രണ്ടും പത്തും വയസ്സുള്ള മക്കളുടെ പേര് മോസ്‌താരി ബാനു പറഞ്ഞു: "മാവൂൻ സർക്കാർ, മോയിൻ സർക്കാർ." 'സർക്കാർ' എന്നത് കുടുംബപ്പേരല്ല. മാറ്റാനാലോചിക്കുന്ന പേര് മടിച്ചുമടിച്ചവർ വെളിപ്പെടുത്തിയതാണ്. ഭർത്താവ് കമൽ ഹുസൈൻ ആണ്. മാവൂൻ ഹുസൈൻ, മോയിൻ ഹുസൈൻ എന്നീ പേരുകളായാൽ മക്കൾക്ക് വോട്ടവകാശം ലഭിക്കാറാവുമ്പോൾ എസ്.ഐ.ആറിൽ സാങ്കേതിക കാരണം പറഞ്ഞ് വോട്ടവകാശം നിഷേധിച്ചാലോ! മോസ്‌താരി ബാനുവിന്റെ കണ്ണുകളിൽ ആശങ്കയുടെ നിഴലായിരുന്നു. മുർഷിദാബാദിലെ ഭഗബൻഗോള റെയിൽവേ സ്‌റ്റേഷന് അരികിലൂടെയുള്ള ഇടുങ്ങിയ നിരത്ത് കടന്നെത്തുന്നത് ബലിയസാംപോർ കോളനിയിലേക്കാണ്. ഇവിടെ മോസ്‌താരിബാനുവിന്റേതടക്കം നിരവധി കർഷകകുടുംബങ്ങളുണ്ട്. മോസ്‌താരിബാനുവിന്റെ ഭർത്താവ് കമാൽ ഹുസൈൻ സി.ഐ.ടി.യുവിന് കീഴിലെ പശ്ചിമബംഗാൾ മൈഗ്രന്റ് വർക്കേഴ്‌സ് യൂണിയന്റെ ജില്ലാ സെക്രട്ടറി. മോസ്‌താരി ബാനുവിനെ പൊതിഞ്ഞുനിൽക്കുന്ന ഭീതിക്ക് പിന്നിൽ ഇത്തവണത്തെ എസ്.ഐ.ആർ വേളയിലുണ്ടായ ദുരനുഭവമാണ്. മുമ്പ് എസ്.ഐ.ആർ നടന്ന 2002ൽ വോട്ടർമാരായിരുന്നവർ മറ്റ് രേഖകൾ ഹാജരാക്കേണ്ടതില്ലെന്ന ഉത്തരവുണ്ടായിട്ടും, 2002ൽ വോട്ട് ചെയ്‌ത ബാനുവിനോട് അധികൃതർ കനിഞ്ഞില്ല. "ആദ്യം ഹിജാബ് ധരിച്ച ഫോട്ടോ പറ്റില്ലെന്ന് പറഞ്ഞു. രേഖ ചോദിച്ചു. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ അത് പറ്റില്ലെന്ന് തള്ളി"- അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഈ നിഷേധനിലപാടിനെതിരെ മോസ്‌താരിബാനു കഴിഞ്ഞ നവംബർ 25ന് സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളിലെ എസ്.ഐ.ആറിനെതിരായ ആദ്യ ഹർജി. സുപ്രീംകോടതി ഇടപെടലിലേക്കും പിന്നീട് നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ തർക്കപരിഹാര സംവിധാനത്തിനും ട്രിബ്യൂണൽ രൂപീകരണത്തിനുമുള്ള ഉത്തരവുകളുണ്ടായത് ഈ ഹർജിയിന്മേലാണെന്ന് മോസ്‌താരി ബാനു. "എന്റെ ഹർജിയാണ് കോടതിയിടപെടലിലേക്ക് നയിച്ചത്. ഇത് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി മമത ബാനർജി നാടകീയമായി രംഗത്തിറങ്ങിയതും സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായതുമെല്ലാം. ഇപ്പോൾ അവരുടെ ഇടപെടലിലാണ് കോടതിയിടപെടലുണ്ടായതെന്ന് പ്രചരിപ്പിക്കുന്നു"- ബാനു പറഞ്ഞു. വിധിവൈപരീത്യമെന്നോണം, ഫെബ്രുവരി 28-നിറങ്ങിയ അന്തിമ വോട്ടർപട്ടികയിൽ ബാനുവിന്റെ പേരൊഴിവാക്കപ്പെട്ടു. തർക്കപരിഹാര ട്രിബ്യൂണലിന്റെ തീർപ്പിൽ ഇക്കഴിഞ്ഞ ഏപ്രിൽ 6നാണ് ബാനുവിന് വോട്ടവകാശമുറപ്പായത്. എസ്.ഐ.ആർ കേസ് പൊതുമധ്യത്തിൽ ചർച്ചയായത് മമത ബാനർജിയുടെ ഇടപെടലോടെയാണെങ്കിലും ഫെബ്രുവരി 4-ന്റെ അഡ്‌ജുഡിക്കേഷൻ ഉത്തരവിറങ്ങിയത് മോസ്‌താരി ബാനുവിന്റെ ഹർജിയിലാണ്. "ഈ ബൂത്തിൽ മാത്രം 303 പേർക്കാണ് അഡ്‌ജുഡിക്കേഷന് ശേഷവും വോട്ടവകാശം നിഷേധിക്കപ്പെട്ടിട്ടുള്ളത്. ബലിയസാംപോറിലെ രണ്ട് ബൂത്തുകളിലായി 439 പേർക്ക് വോട്ടില്ല. ഭഗബൻഗോളയിൽ മാത്രം വെട്ടപ്പെട്ടത് 47,347 വോട്ടർമാർ"- കമൽ ഹുസൈൻ കണക്ക് നിരത്തി. ചുടുകട്ടകളിൽ കെട്ടിപ്പൊക്കിയ, ഷീറ്റിട്ട മേൽക്കൂരയ്‌ക്ക് കീഴിലുള്ള വീട്ടിലാണ് മോസ്‌താരിബാനുവിന്റെ കുടുംബം കഴിയുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം ഭർത്തൃമാതാവ് റാബിയബീവിയുമുണ്ട്. കമാൽ ഹുസൈന്റെ മുതുമുത്തച്ഛന്റെ കാലത്തേയുള്ള വീട്ടിൽ വർഷങ്ങളുടെ കാലപ്പഴക്കമറിയാനുണ്ട്. അയാൾക്ക് കൃഷിപ്പണിയാണ്. വീട്ടിനകത്ത് ആട് പച്ചില തിന്നുന്നതിനരികിൽ റാബിയബീവി കിടന്നുറങ്ങുന്നു. മോസ്‌താരി ബാനു വാർത്തകളിൽ നിറഞ്ഞതോടെ പ്രാദേശിക തൃണമൂൽ കോൺഗ്രസുകാരുടെ ഭീഷണികളുണ്ടാകുന്നുണ്ടെന്ന് സി.പി.എമ്മുകാരനായ കമൽ ഹുസൈൻ. "അവർ അതിക്രമിച്ചുവന്ന്‌് റോഡരികിലെ വാതിൽപ്പടിയിൽ തൃണമൂലിന്റെ കൊടി കെട്ടുകയും ചുവരിൽ പോസ്‌റ്റർ പതിക്കുകയും ചെയ്യുന്നു. പിന്നീടിവർ തന്നെയെത്തി അത് കീറിക്കളഞ്ഞ് ഞങ്ങൾ ചെയ്‌തതാണെന്ന് പറയുന്നു"- അദ്ദേഹം പറഞ്ഞു. To advertise here, കമാൽ ഹുസൈന്റെ സംഘടനയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ പലരും കേരളത്തിലും തമിഴ്നാട്ടിലും പണിയെടുക്കുന്നുണ്ട്. 11 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലായി തൊഴിലെടുക്കുന്നത്. കേരളത്തിൽ നിന്നുള്ളവർ ട്രെയിനിൽ വന്നുകൊണ്ടിരിക്കുകയാണെന്ന്, ഇവരെ നാട്ടിലേക്കെത്തിച്ച് വോട്ടുറപ്പാക്കുന്നതിൽ വ്യാപൃതനായ കമാൽ ഹുസൈൻ പറഞ്ഞു. ഭഗബൻഗോളയിലെ 150 അന്യസംസ്ഥാന തൊഴിലാളികൾക്ക് എസ്.ഐ.ആർ വേളയിൽ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഹുസൈൻ വെളിപ്പെടുത്തി. ഈ മേഖലയിലെ ജനകീയവിഷയങ്ങളിൽ സജീവമായ സി.പി.എം ഏരിയ കമ്മിറ്റി അംഗം സദദ് പറഞ്ഞു: "ഈ മണ്ഡലത്തിൽ മത്സരം തൃണമൂലും സി.പി.എമ്മും തമ്മിലാണ്. നമ്മൾ ഉറപ്പായും വിജയിക്കും. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരധാരണയോടെയാണ് മറ്റു പാർട്ടികളുടെ കടന്നുവരവിന് തടയിടുന്നത്." മുർഷിദാബാദിൽ മാത്രം നീക്കപ്പെട്ടത് 4.55ലക്ഷം പേർ എസ്.ഐ.ആറിൽ ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപ്പെട്ട ജില്ലയാണ് മുർഷിദാബാദ്. 4,55,137 പേർ. എസ്.ഐ.ആറിന്റെ ആദ്യഘട്ടത്തിൽ മരിച്ചവരുടേതടക്കം 64 ലക്ഷം പേരുകളൊഴിവായി. 60 ലക്ഷം അപേക്ഷകൾ അഡ്‌ജുഡിക്കേഷന് വിട്ടു. ഇതിൽ തീർപ്പായപ്പോൾ പാടേ ഒഴിവാക്കപ്പെട്ടവർ 27 ലക്ഷമായി. ആദ്യം ഒഴിവായവരും ചേർത്ത് 91 ലക്ഷം ആളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളപ്പെട്ടു. ഇവരുടെ അന്യവൽക്കരണം സൃഷ്ടിച്ച ഭീതി മുതലെടുക്കാൻ തൃണമൂൽ കോൺഗ്രസ് നടത്തുന്ന നീക്കങ്ങളും അതിനെതിരായ ബി.ജെ.പിയുടെ അടവുകളുമാണ് ഇത്തവണത്തെ ബംഗാൾ തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയമായി എസ്.ഐ.ആർ മാറാനിടയാക്കുന്നത്. 'ലോജിക്കൽ ഡിസ്‌ക്രിപൻസി' പ്രശ്‌നമെന്ന് കമ്മിഷൻ ലോജിക്കൽ ഡിസ്‌ക്രിപൻസിയാണ് പല പേരുകളും തർക്കത്തിൽ കുരുങ്ങുകയോ ഒഴിവാകുകയോ ചെയ്‌തതെന്നാണ് കമ്മിഷൻ വാദം. സർട്ടിഫിക്കറ്റിലും വോട്ടർപട്ടികയിലുമുള്ള പേരിലെ വ്യത്യാസവും മറ്റുമാണ് ലോജിക്കൽ ഡിസ്‌ക്രിപൻസി ഗണത്തിൽ. അല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ നീക്കുകയല്ല ചെയ്‌തതെന്ന് കമ്മിഷൻ വാദിക്കുന്നു. എന്നാൽ മുസ്ലിങ്ങളെയും സ്‌ത്രീകളെയും ദളിതരെയും ഒഴിവാക്കി തൃണമൂലിനെ തോൽപ്പിക്കാനുള്ള ശ്രമം കമ്മിഷന്റെ ഒത്താശയോടെ ബി.ജെ.പി നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.

പേര് മാറ്റണം, ഹിജാബ് മുതൽ സർട്ടിഫിക്കറ്റ് വരെ കാരണം; SIR-ൽ മമതയ്ക്കുംമുൻപേ കോടതിയിലെത്തിയ മോസ്താരി
M
MathrubhumiSource Link
19 days ago