ശ്രീപദ്മനാഭസ്വാമി ക്ഷേത്രം To advertise here, തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു ചൊവ്വാഴ്ച രാവിലെ കൊടിയേറി. ഏപ്രിൽ 1-ന് സുന്ദരവിലാസം കൊട്ടാരത്തിനുമുന്നിൽ പള്ളിവേട്ടയും 2-ന് വൈകീട്ട് ശംഖുംമുഖം കടവിൽ ആറാട്ടും നടക്കും. 3-ന് രാവിലെ ആറാട്ടുകലശത്തോടെ ഉത്സവം സമാപിക്കും. രാവിലെ 9-ന് കൊടിക്കൂറ പൂജയ്ക്കു പിന്നാലെ പെരിയനമ്പിയും പഞ്ചഗവ്യത്തുനമ്പിയും കൊടിയും കൊടിക്കയറും തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിനു കൈമാറി. കിഴക്കേഗോപുരത്തിനു മുന്നിലെ സ്വർണക്കൊടിമരത്തിൽ ഗരുഡരൂപാങ്കിതമായ കൊടി തന്ത്രി ഉയർത്തിയപ്പോൾ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. തിങ്ങിനിറഞ്ഞ ഭക്തർ വിഷ്ണുനാമങ്ങൾ ഉരുവിട്ടു. വായ്ക്കുരവയും വാദ്യഘോഷവും ഉയർന്നു. തുടർന്ന് തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലെ വെള്ളിക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് കൊടിയേറ്റി. രാത്രി 8.30-ന് സിംഹാസന വാഹനത്തിൽ ഉത്സവശീവേലി നടന്നു. കൊടിയേറ്റിനു മുന്നോടിയായി മുളപൂജയ്ക്കുള്ള മണ്ണുനീർകോരൽച്ചടങ്ങ് നടന്നു. പടിഞ്ഞാറെനടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽനിന്നാണു മണ്ണുനീർ കോരിയത്. കൊടിയേറ്റിന്റെ ചടങ്ങിനു പോറ്റിമാർ, ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, കരമന ജയൻ, വേലപ്പൻനായർ, എക്സിക്യുട്ടീവ് ഓഫീസർ ഇൻചാർജ് ശ്രീഹരി, മാനേജർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. തുലാഭാരമണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികളും കിഴക്കേനട നാടകശാലയിൽ രാത്രി കഥകളിയും അരങ്ങേറും. ഗരുഡവാഹനത്തിലാണ് പള്ളിവേട്ടയ്ക്കുള്ള എഴുന്നള്ളത്ത്. സുന്ദരവിലാസം കൊട്ടാരത്തിനുമുന്നിൽ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട. പടിഞ്ഞാറേനടവഴി ശ്രീപദ്മനാഭസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയെയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പ് എയ്ത് വേട്ട നിർവഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളിക്കും. ഏപ്രിൽ 2-ന് വൈകീട്ട് അഞ്ചിന് പടിഞ്ഞാറെനടവഴി ആറാട്ട് ഘോഷയാത്ര ആരംഭിക്കും. Published: 25 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
