പൈങ്കുനി ഉത്സവം സമാപിച്ചു; ശംഖുംമുഖത്ത് ശ്രീപദ്മനാഭന് ആറാട്ട്

പൈങ്കുനി ഉത്സവം സമാപിച്ചു; ശംഖുംമുഖത്ത് ശ്രീപദ്മനാഭന് ആറാട്ട്

M
MathrubhumiSource Link
തിരുവനന്തപുരം : പൈങ്കുനി ഉത്സവത്തിന്റെ സമാപനം കുറിച്ച് ശ്രീപദ്മനാഭസ്വാമിക്ക് ശംഖുംമുഖത്ത് ഭക്തിനിർഭരമായ ആറാട്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെനടവഴി പുറത്തിറങ്ങി. To advertise here, നേരത്തെ ക്ഷേത്രത്തിലെ ശീവേലിപ്പുരയിൽ സ്വർണഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളിൽ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു. രാജഭരണക്കാലത്തെ ആചാരപ്പൊലിമയോടെയായിരുന്നു ആറാട്ട് എഴുന്നള്ളിപ്പ് നടന്നത്. വിളംബരമറിയിച്ച് പെരുമ്പറ കെട്ടിയ ആന മുന്നിൽ നടന്നു. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളിവാളേന്തി അകമ്പടി വന്നു. നഗരത്തിലെ തൃപ്പാദപുരം, ത്രിവിക്രമംഗലം വിഷ്ണുക്ഷേത്രങ്ങൾ, ശ്രീവരാഹം ക്ഷേത്രം, ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള വിഗ്രഹങ്ങൾ കൂടിയാറാട്ടിനായി ഒപ്പം ചേർന്നു. സായുധപോലീസും കരസേനയുടെ അംഗങ്ങളും ആചാരബഹുമതി നൽകി. വേൽക്കാർ, കുന്തക്കാർ, പോലീസിന്റെ ബാൻഡ് സംഘം എന്നിവ അകമ്പടി സേവിച്ചു. ഭക്തർ വായ്ക്കുരവയും വിഷ്ണുനാമവും ഉയർത്തി. എഴുന്നള്ളത്ത് പടിഞ്ഞാറെനട കടന്നപ്പോൾ ആചാരവെടിയുയർന്നു. വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിച്ചു. തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരി, പെരിയനമ്പി, പഞ്ചഗവ്യത്തു നമ്പി എന്നിവർ കാർമികരായി. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി. തുടർന്ന് കൊടിയിറക്കവും നടന്നു. എഴുന്നള്ളത്തിന് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, കരമന ജയൻ, എ.വേലപ്പൻനായർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ശ്രീഹരി, മാനേജർ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ആറാട്ട് കലശം നടക്കും. ആറാട്ട് ഘോഷയാത്രക്കിടെ ആന ഇടഞ്ഞു തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് എഴുന്നള്ളത്തിനിടയിൽ ആന ഇടഞ്ഞത് അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. കൂടി ആറാട്ടിനായി തൃപ്പാദപുരം മഹാദേവ ക്ഷേത്രത്തിൽനിന്ന് എത്തിയ ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്ത് പടിഞ്ഞാറേ കോട്ടവാതിലിൽ എത്തിയപ്പോൾ ആചാരവെടി മുഴക്കുന്ന പതിവുണ്ട്. ഈ സമയത്താണ് ഘോഷയാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന ആനകളിലൊന്ന് ഇടഞ്ഞത്. ഭക്തർ പേടിച്ച് ചിതറി ഓടി. ഇതോടെ ഘോഷയാത്രയിലുണ്ടായിരുന്ന മറ്റ് ആനകളും വിരണ്ടു തുടങ്ങി. ഇടഞ്ഞ ആനയെ സമീപത്തെ പുരയിടത്തിലേക്ക് മാറ്റിയതോടെ സ്ഥിതി നിയന്ത്രണ വിധേയമായി. അഞ്ച് ആനകളാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. ഇടഞ്ഞ ആനയെ എഴുന്നള്ളത്തിൽനിന്ന് ഒഴിവാക്കിയ ശേഷമാണ് ഘോഷയാത്ര ശംഖുംമുഖത്തേക്ക് തിരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ആന ഇടഞ്ഞിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൈങ്കുനി ഉത്സവം സമാപിച്ചു; ശംഖുംമുഖത്ത് ശ്രീപദ്മനാഭന് ആറാട്… | Boolokam