അമ്പലപ്പാറ : ജൽജീവൻ പദ്ധതിയിൽ പൈപ്പിടാൻ പൊളിച്ച റോഡുകളുടെ ആദ്യഘട്ട ടാറിങ് തുടങ്ങി. ഒറ്റപ്പാലം-മണ്ണാർക്കാട് പാതയിൽ അമ്പലപ്പാറ ചന്തപ്പടിമുതൽ മുതലപ്പാറക്കാവ് ഖാദി കേന്ദ്രത്തിനുസമീപംവരെയാണ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ചുനങ്ങാട് സ്കൂൾ റോഡ് ജങ്ഷൻമുതൽ മോട്ടോർവാഹന വകുപ്പിന്റെ എ.ഐ. ക്യാമറ സ്ഥാപിച്ചതിനുസമീപംവരെ നവീകരിക്കും. To advertise here, ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ നേതൃത്വത്തിൽ 2.14 കോടി രൂപ വിനിയോഗിച്ച് ഏകദേശം മൂന്നുകിലോമീറ്ററാണ് വീതികൂട്ടി നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് നവീകരണം. പൈപ്പിടാൻ പൊളിച്ച ഭാഗങ്ങളിൽ നേരത്തേ ക്വാറിമിശ്രിതമിട്ട് നിരപ്പാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് റോഡ് മുഴുവനായി ടാറിങ് ചെയ്ത് തുടങ്ങിയത്. പൈപ്പിടാൻ പൊളിച്ച മറ്റുപാതകളുടെ നവീകരണം അടുത്തഘട്ടത്തിൽ നടപ്പാക്കും. തകർന്ന പാതയിൽ നിരന്തരമായി പരാതിയുയർന്നതിനെത്തുടർന്നാണ് നവീകരണം. അമ്പലപ്പാറ-വേങ്ങശ്ശേരി റോഡ്, മുരുക്കുംപറ്റ-വരോട് റോഡ്, മുരുക്കുംപറ്റ-മംഗലം, മേലൂർ-കീഴൂർ പാതകളാണ് രണ്ടാം ഘട്ടത്തിൽ പൂർവസ്ഥിതിയിലാക്കുക. ജൽജീവൻ പദ്ധതിയിൽ വിതരണ ലൈൻ സ്ഥാപിക്കാൻ അഞ്ചുവർഷംമുൻപ് പൊളിച്ച റോഡുകളാണിപ്പോൾ നവീകരിക്കുന്നത്. തകർന്നപാതയിൽ ഇടക്കിടെ കുഴികളടയ്ക്കാറുണ്ടെങ്കിലും യാത്ര ബുദ്ധിമുട്ടായിരുന്നു. അമ്പലപ്പാറ സെൻറർ ഉൾപ്പെടെയും മുരുക്കുംപറ്റ സെൻറർമുതൽ ചുനങ്ങാട് സ്കൂൾ റോഡുവരെയുള്ള ഭാഗവുമാണ് വളരെയേറെ അപകടാവസ്ഥയിലായിരുന്നത്. ചുനങ്ങാട്ട്, റോഡിന്റെ ഇരുവശവും തകർന്നതിനാൽ ഒരു വലിയ വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രമേ വീതിയുണ്ടായിരുന്നുള്ളൂ. പ്രോജക്ട് ഡിവിഷൻ നവീകരിക്കാത്ത ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിക്കുക. ഗതാഗതം തടസ്സപ്പെട്ടത് ഒന്നരമണിക്കൂറിലേറെ റോഡ് നവീകരണത്തെത്തുടർന്ന് അമ്പലപ്പാറയിൽ ഗതാഗതം തടസ്സപ്പെട്ടത് ഒന്നരമണിക്കൂറിലേറെ. അമ്പലപ്പാറ ചന്തപ്പടിമുതൽ മുന്നറിയിപ്പില്ലാതെ നവീകരണം തുടങ്ങിയതാണ് ഗതാഗതതടസ്സത്തിന് കാരണമായത്. റോഡിന്റെ ഒരുവശമടച്ചായിരുന്നു ടാറിങ്. ഇതോടെ, ഒരുഭാഗത്തുകൂടി മാത്രമായി ഗതാഗതം. രാവിലെയായതിനാൽ വാഹനങ്ങളുടെ തിരക്ക് കൂടുതലായിരുന്നു. ഒരുവശത്തുകൂടി വാഹനം കടത്തിവിടുമ്പോഴേക്കും മറ്റൊരു വശത്ത് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. തുടർന്ന്, മണിക്കൂറുകളെടുത്താണ് ഗതാഗതം പൂർവസ്ഥിതിയിലായത്.

പൈപ്പിടാൻ പൊളിച്ച റോഡുകളിൽ ടാറിങ് തുടങ്ങി
M
MathrubhumiSource Link
about 2 months ago