6500-ലധികം കുടുംബങ്ങളുടെ കുടിവെള്ളം വീണ്ടും മുടങ്ങി To advertise here, എലത്തൂർ : ചെട്ടികുളം, എലത്തൂർ, പറമ്പിൻമുകൾ, കാരേകാട്ടിൽ മേഖലകളിൽ വീണ്ടും കുടിവെള്ളവിതരണം മുടങ്ങി. പൊട്ടിയ പൈപ്പ് പൂർവസ്ഥിതിയിലാക്കി കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഞായറാഴ്ച വീണ്ടും പൈപ്പ് പൊട്ടിയത്. ആറു ദിവസത്തോളം മേഖലയിൽ കുടിവെള്ളം മുടങ്ങിയിരുന്നു. പുളാടിക്കുന്നിന് സമീപം പുറക്കാട്ടിരി റോഡിൽ കള്ളുഷാപ്പിനടുത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് പ്രദേശത്തെ വീടുകളിലേക്ക് വരെ നിറഞ്ഞൊഴുകിയതോടെ പ്രധാന വാൾവടച്ചു. ഇതോടെ എലത്തൂർ മേഖലയിലേക്കുള്ള കുടിവെള്ളവിതരണം പൂർണമായും നിലച്ചു. 6500-ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. പൈപ്പ് വെള്ളത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോഴിപടന്നയിൽ ഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തെത്തുടർന്ന് കഴിഞ്ഞദിവസം ബന്ധുവീടുകളിലേക്ക് താമസംമാറിയിരുന്നു. പൂളാടിക്കുന്നിലെയും പെരുന്തുരുത്തി ഭാഗത്തെയും പൈപ്പ് ലൈനുകളാണ് കഴിഞ്ഞദിവസം ബൈപ്പാസിലെ നിർമാണപ്രവൃത്തിക്കിടെ പൊട്ടിയത്. കുടിവെള്ളക്ഷാമമുള്ള മേഖലകളിൽ കോർപ്പറേഷൻ ടാങ്കർ വഴി വെള്ളമെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മൊകവൂർ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതിനാൽ കോർപ്പറേഷൻ ടാങ്കർ വഴി വെള്ളമെത്തിക്കണമെന്ന് കൗൺസിലർ എസ്.എം. തുഷാര ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. അതേസമയം, പൊട്ടിയ പൈപ്പ് മാറ്റി തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു. Published: 16 Mar 2026, 04:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈപ്പ് പൊട്ടൽ തുടർക്കഥ ആര് പരിഹാരംകാണും
M
MathrubhumiSource Link
about 2 months ago