ഓട്ടോറിക്ഷയും ആംബുലൻസും വരില്ല To advertise here, ബദിയഡുക്ക : കുംബഡാജെ ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ ജീവനാഡിയാണ് പൊടിപ്പള്ളം–ബെളിഞ്ച–നാട്ടക്കൽ വഴി നീളുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള പാത. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലൂടെയും കടന്നുപോകുന്ന ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. ഒരു നാടിനെ അധികൃതർ എത്രത്തോളം അവഗണിക്കുന്നു എന്നറിയാൻ ഈ റോഡ് വഴി ഒന്ന് യാത്രചെയ്താൽ മതി. പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ നിലയിലാണ് റോഡിന്റെ മിക്ക ഭാഗവും. മഴക്കാലത്ത് ചെളിക്കുഴികളും വേനൽക്കാലത്ത് പൊടിക്കാറ്റും താണ്ടി മാത്രം സഞ്ചരിക്കാനാണ് ഇവരുടെ യോഗം. വർഷങ്ങളായി ഇതേയവസ്ഥയിൽ തുടരുന്ന ഈ റോഡ് നന്നാക്കും എന്ന വാക്ക് തിരഞ്ഞെടുപ്പുകാലത്ത് മാത്രം കേൾക്കുന്ന ഒരു തമാശയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ മുതൽ ആശുപത്രിയിലേക്കുള്ള രോഗികൾ വരെ ഈ ദുരിതം അനുഭവിക്കുകയാണ്. കർഷകരും വ്യാപാരികളും ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. പാലം വീതികൂട്ടിപുനർനിർമിക്കണം ബദിയഡുക്ക,കാറഡുക്ക,ബെള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുകയും കർണാടകയിലേക്ക് കടന്നുപോകുകയും ചെയ്യുന്ന പ്രധാന പാതയാണിത്. നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. അരനൂറ്റാണ്ട് കാലം മുൻപ് കാർഷികാവശ്യത്തിന് നിർമിച്ച തടയണയെ കുംബഡാജെ പാലം എന്ന് വിളിക്കേണ്ട അവസ്ഥയാണ്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന ഈ ചെറു പാലത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ അപായസാധ്യത ഏറെയുണ്ട്. ഇതുവഴിയുള്ള സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ വീതികൂടിയ പുതിയ പാലം നിർമിക്കുകതന്നെ വേണം. റോഡ് പൊതുമരാമത്തുവകുപ്പിന് കൈമാറണം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് പൊതുമരാമത്തുവകുപ്പിന് കൈമാറണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയെന്ന് പറഞ്ഞിരുന്നു. എങ്കിലും ഇതുവരെ പണിയൊന്നും ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങും എന്ന ചോദ്യത്തിനും അവർക്ക് ഉത്തരമില്ല. നവീകരണപ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കുടിവെള്ളപദ്ധതിക്കായി റോഡിന്റെ വശങ്ങൾ കുഴിച്ചെടുത്തത്. അതിനാൽ, അനുവദിച്ച ഫണ്ട് മതിയാകില്ലെന്ന വാദത്തിൽ കരാറുകാരൻ പണി തുടങ്ങാൻ വിസമ്മതിച്ചു. ഇതാണ് അറ്റകുറ്റപ്പണി അനിശ്ചിതമായി നീളാനുള്ള കാരണം. ആംബുലൻസുപോലും വരാൻ മടിക്കുന്നു ഓട്ടോറിക്ഷയും ആംബുലൻസും വരാൻ മടിക്കുന്ന ഒരു റോഡുള്ള നാട്ടിൽ ജീവിക്കേണ്ടിവരുമ്പോൾ അനുഭവിക്കുന്ന ദുരിതവും അരക്ഷിതാവസ്ഥയും പറഞ്ഞറിയിക്കാനാവില്ല. കുംബഡാജെ ഗ്രാമപ്പഞ്ചായത്ത് എൻഡോസൾഫാൻ ദുരിതമേഖലയായതിനാൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. അടിയന്തരഘട്ടത്തിൽ ആസ്പത്രികളിലേക്ക് പോകാൻ ആംബുലൻസ് പോലും വരാൻ മടിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഒരു പ്രദേശത്തുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം പോലും നിഷേധിക്കുന്ന തരത്തിലുള്ള ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ഇവർ നിർബന്ധിതരാകും.

പൊടിപ്പള്ളം-നാട്ടക്കൽ പാതയിൽ കുംബഡാജെക്കാർക്ക് ദുരിതയാത്ര
M
MathrubhumiSource Link
about 2 months ago