റീ-ടാറിങ്ങിന് കുത്തിപ്പൊളിച്ചശേഷം ആരും തിരിഞ്ഞുനോക്കുന്നില്ല To advertise here, ഉദുമ : കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ റീടാറിങ്ങിന് കുത്തിപ്പൊളിച്ച ഭാഗത്തേക്ക് കരാർ എടുത്ത സ്ഥാപനം തിരിഞ്ഞുനോക്കാഞ്ഞതിനാൽ നാട്ടുകാരും യാത്രക്കാരും പൊടിതിന്നുന്നു. ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലെ, ചേറ്റുകുണ്ട് തെക്കുപുറം വളവിലാണ് പൊടിശല്യം കാരണം ജനം പൊറുതിമുട്ടുന്നത്. കരാറെടുത്ത സ്ഥാപനം മൂന്നാഴ്ച മുൻപ്, പഴയ റോഡ് കുത്തിപ്പൊളിച്ച് കരിങ്കൽപ്പൊടിയും വലിയ മെറ്റലും നിരത്തിയിരുന്നു. ഇതിന് പിന്നാലെ ചെയ്യേണ്ട തുടർജോലികൾ ഇതുവരെയും തുടങ്ങിയില്ല. കടുത്ത ചൂടിൽ മിശ്രിതത്തിൽ ചേർത്തിരുന്ന കരിങ്കൽപൊടി ഉണങ്ങിയതോടെ ഏത് വാഹനം കടന്നുപോകുമ്പോഴും പരിസരം മുഴുവൻ പൊടിനിറയും. തൊട്ടുമുൻപിൽ പോകുന്ന വാഹനങ്ങളെ കാണാത്തവിധം പൊടി അന്തരീക്ഷത്തിൽ പരക്കും. നിരന്തരം വാഹനങ്ങൾ കടുന്നുപോയ്‌ക്കൊണ്ടിരിക്കുന്നതിനാൽ ഇവിടെ രാവും പകലും പൊടിനിറഞ്ഞ അന്തരീക്ഷമാണ്. പരിസരവാസികളും വാഹനയാത്രക്കാരും ഒരുപോലെ വിഷമിക്കുകയാണ്. മറ്റിടങ്ങളിൽ പൊടിശല്യം കുറയ്ക്കാൻ കരാറുകാർ വെള്ളം ഒഴിക്കുന്നുണ്ട്. ഇവിടെ ആ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ചേറ്റുകുണ്ട്-തെക്കുപുറം വളവിൽ പൂർണമായും കുഴികൾ നിറഞ്ഞ് തകർന്ന റോഡാണ് ഉണ്ടായിരുന്നത്. സംസ്ഥാനപാത നന്നാക്കാനാണ് ഇവിടെ കുത്തിപ്പൊളിച്ചത്. കരിങ്കൽപ്പൊടി ഇട്ടതോടെ മുൻപുള്ളതിനെക്കാളും ഇവിടം മോശം അവസ്ഥയിലായെന്ന് പരസരവാസികളും വാഹനയാത്രക്കാരും പറഞ്ഞു. 27.78 കിലോമീറ്റർ സംസ്ഥാനപാത പുതുക്കിപ്പണിയാൻ 38 കോടി രൂപയ്ക്ക് ഉരാളുങ്കാൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ എടുത്തിരിക്കുന്നത്. മഴക്കാലം തുടങ്ങും മുൻപ് ജോലികൾ പൂർത്തീകരിക്കേണ്ടതാണ്. Published: 18 Apr 2026, 04:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
