വെങ്ങന്നൂരുകാർ ക്വാറിയിലേക്കുള്ള വണ്ടികൾ തടഞ്ഞു To advertise here, ആലത്തൂർ : പാറപ്പൊടി ശ്വസിച്ച് സഹികെട്ട വെങ്ങന്നൂരുകാർ ടോറസ് വണ്ടികൾ തഞ്ഞിട്ടു. തകർന്നുകിടക്കുന്ന പാത നന്നാക്കുകയും ടോറസുകളുടെ ഓട്ടം നിയന്ത്രിക്കയും ചെയ്യണമെന്നായിരുന്നു ആവശ്യം. ജൽജീവൻമിഷന്റെ പൈപ്പിടാൻ ചാലുകീറിയതുമൂലം പാത തകർന്നുകിടക്കയാണ്. കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ രണ്ടും എരിമയൂർ ഗ്രാമപ്പഞ്ചായത്തിൽ ഒന്നും ക്വാറിയാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് ആലത്തൂർ ഗ്രാമപ്പഞ്ചായത്തിലെ വെങ്ങന്നൂർ നിവാസികളാണ്. ബുധനാഴ്ച രാവിലെമുതൽ വൈകീട്ടുവരെ ഇതുവഴിവന്ന എല്ലാ ടോറസ് വണ്ടികളും തടയുകയും പാത നന്നാക്കിയശേഷം ഇതുവഴിവന്നാൽ മതിയെന്ന് അറിയിക്കയും ചെയ്തു. ഇത് അംഗീകരിക്കാത്തപക്ഷം അടുത്തദിവസംമുതൽ സമ്പൂർണ വഴിതടയൽ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. നൂറുകണക്കിന് ടോറസ് വണ്ടികളാണ് രാപകൽ ഇതുവഴി വന്നുപോകുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ കിടക്കയാണ് വെങ്ങന്നൂർ പാത. പാതയുടെ തകർച്ചയാണ് പൊടിശല്യത്തിന് കാരണം. പൊടിശ്വസിച്ച് കുട്ടികളും മുതിർന്നവരുമടക്കം ശ്വാസസംബന്ധമായ പ്രയാസം അനുഭവിക്കുന്നുണ്ട്. Published: 02 Apr 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
