ഏ ത് പ്രതികൂല സാഹചര്യത്തിലും ഒരിക്കലും ഇളക്കാത്ത ഇടതുകോട്ടകൾ. ധർമടം, കല്യാശ്ശേരി, മട്ടന്നൂർ, പയ്യന്നൂർ. തുടങ്ങിയ മണ്ഡലങ്ങളടങ്ങിയ കണ്ണൂർ, മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ജില്ല. രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ല. പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടകൾ. കണ്ണൂരെന്ന ചെങ്കോട്ട. ഒരുകാലത്തും ഈ കോട്ടകൾ തകരില്ലെന്ന് സിപിഎം ഉറപ്പിച്ച് പറയുന്ന കണ്ണൂർ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സ്ഥിതി അസാധാരണമാണ്. പതിവില്ലാത്തവിധം ചില ഭാഗങ്ങളിൽനിന്ന് പൊട്ടിത്തെറികളും വിമതശബ്ദങ്ങളും ഉയർന്നുവന്നു. ജില്ലയിലെ പോരാട്ടം എന്തുകൊണ്ടും പാർട്ടിക്ക് അഭിമാനപ്രശ്‌നമാണ്. മറുഭാഗത്ത് വിമതരെയും ഇടഞ്ഞുനിൽക്കുന്നവരെയും കൂടെക്കൂട്ടി ഇടതുശക്തികേന്ദ്രങ്ങൾ പിടിക്കാമെന്ന് കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാൽ ഏത് ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുന്ന ഈ കോട്ടകളിൽ വിള്ളൽ വീഴ്ത്തുക എന്നത് അത്ര എളുപ്പമല്ല. കെപിസിസി പ്രസിഡന്റിനെ പോലും ഇത്തവണ നിലംതൊടീക്കില്ലെന്ന് എൽഡിഎഫും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ കണ്ണൂരിലെ 11 സീറ്റുകളിൽ 9 സീറ്റും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് നേടിയത് രണ്ടെണ്ണം മാത്രം. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ കണ്ണൂരിലെ ചിത്രം എങ്ങനെയാകും ? രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. To advertise here, തളിപ്പറമ്പ് പിടിക്കാൻ ടി.കെ, നിലനിർത്താൻ ശ്യാമള; പാർട്ടികോട്ടയിൽ അഭിമാനപോരാട്ടം കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നാണ് തളിപ്പറമ്പ്. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. എന്നാൽ തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി അടിയൊഴുക്കുകൾ സൃഷ്ടിക്കുമോ എന്നതാകും ശ്രദ്ധേയം. പി.കെ. ശ്യാമളയും അവരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്. എൻ. ഹരിദാസാണ് എൻഡിഎ സ്ഥാനാർഥി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ടായിരുന്നു. നിലവിലെ തളിപ്പറമ്പ് എം.എൽ.എ.യായ എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള എതിർപ്പ്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോൺഗ്രസിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്. അന്തിമപട്ടിക അംഗീകരിച്ച ജില്ലാകമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ടി.കെ. ഗോവിന്ദനെ തഴയാനായി തളിപ്പറമ്പ് സ്ത്രീകൾക്കായി സംവരണംചെയ്യാൻ പാർട്ടി തീരുമാനിച്ചെന്നും മറ്റെല്ലാ അഭിപ്രായങ്ങളും നിരാകരിച്ച് പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയായി നിർദേശിക്കുകയായിരുന്നെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിരുന്നു. ദീർഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചുമതലക്കാരനായിരുന്ന ഗോവിന്ദന്റെ വിമതനീക്കം കടുപ്പമേറിയ പ്രതിസന്ധിയാകും സി.പി.എമ്മിനുണ്ടാക്കുക. ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളയും സ്ഥാനാർഥിയായതെന്ന് കെ.കെ. രാഗേഷ് പറയുന്നു. പി.കെ. ശ്യാമള ടീച്ചർ പത്ത് നാൽപ്പത് വർഷക്കാലം കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകൾ നിർവഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ടി.കെ. ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഈ പ്രതിരോധം എത്രകണ്ട് ഫലം കാണുമെന്ന് കണ്ടുതന്നെയറിയണം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുഡിഎഫിന്റെ മുന്നേറ്റം സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിടാതെ ഒപ്പംനിർത്താൻ സാധിക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നടത്തുന്ന മുന്നേറ്റം വലിയ സൂചനയാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഈ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. കണ്ണൂരിലെ കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖമായ കെ. സുധാകരൻ ഈ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ മറികടന്ന് ലീഡെടുത്തു. 2019-ലും 2024-ലുമാണ് സുധാകരൻ ഇടതുകോട്ടകളെ വിറപ്പിച്ചത്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനെ ഞെട്ടിച്ചാണ് സുധാകരൻ വിജയിച്ചുകയറിയത്. 2019 ൽ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പികെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. ഇടതുകോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ചുവപ്പ് കോട്ടകളായ ധർമടത്തും മട്ടന്നൂരും സിപിഎമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു. സിപിഎം അക്ഷരാർഥത്തിൽ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തിൽ 725 വോട്ടിന്റെ ലീഡെടുത്തായിരുന്നു സുധാകരന്റെ കുതിപ്പ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്ക് ജയിച്ച അതേ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ ലീഡ്.പക്ഷേ,കഴിഞ്ഞ തവണ എം.വി ഗോവിന്ദൻ മത്സരിച്ചപ്പോൾ ആ ഭൂരിപക്ഷം 22,689 ആയി കുറഞ്ഞു. Photo: Mathrubhumi 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സിപിഎമ്മിനായിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഇടതുകോട്ടകൾ ആടിയുലഞ്ഞു. 2024-ലെ ജനവിധി 2019നേക്കാൾ കടുത്ത പ്രഹരമാണ് സിപിഎമ്മിന് സമ്മാനിച്ചത്. ഉറച്ചകോട്ടകളായ മട്ടന്നൂരിൽ 3,034 വോട്ടിന്റെ ലീഡും ധർമടത്ത് 2,616 വോട്ടുകളുടെ ലീഡും മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. തളിപ്പറമ്പിലാകട്ടെ വലിയ ഞെട്ടലിലായി. 8,787 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നേടിയത്. മണ്ഡലത്തിൽ നിന്ന് ഇങ്ങനെയൊരു തിരിച്ചടി പാർട്ടി പ്രതീക്ഷിച്ചിട്ടേയില്ല. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടാനായത് സിപിഎമ്മിന് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ പ്രവർത്തനം ശക്തമാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പേരാവൂർ പോരിൽ ശൈലജയോ സണ്ണിയോ? യുഡിഎഫിന് കാലങ്ങളായി മേധാവിത്വമുള്ള പേരാവൂരും ഇക്കുറി കടുത്ത മത്സരമാണ്. സംസ്ഥാനത്തെ തന്നെ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമായി പോരാവൂർ മാറിക്കഴിഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയും പോരാടാനിറങ്ങുമ്പോൾ മത്സരം പ്രവചനങ്ങൾക്കപ്പുറമാകുമെന്നുറപ്പ്. മണ്ഡലത്തിലെ ഏക സിപിഎം എംഎൽഎയായ ശൈലജ ഒരിക്കൽക്കൂടി കളത്തിലിറങ്ങുമ്പോൾ ഇടതുക്യാംപ് ആവേശത്തിലാണ്. എന്നാൽ 2011 ൽ ശൈലജയെ തോൽപ്പിച്ച ചരിത്രം ആവർത്തിക്കുമെന്ന് പറയുകയാണ് യുഡിഎഫ്. ബിഡിജെഎസിലെ പൈലി വാത്യാട്ടാണ് എൻഡിഎ സ്ഥാനാർഥി. പേരാവൂർ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുക. കെപിസിസി പ്രസിഡന്റിനെ തറപറ്റിക്കുക. കണ്ണൂരിലെ യുഡിഎഫ് ശക്തികേന്ദ്രത്തിൽ കെ.കെ. ശൈലജയെ തന്നെ സിപിഎം കളത്തിലിറക്കിയതിന് പിന്നിൽ ലക്ഷ്യം ഒന്നുമാത്രം. മണ്ഡലം പിടിച്ച് അഭിമാനപ്പോരാട്ടത്തിൽ വിജയിച്ച് കയറുക. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിലെ യുഡിഎഫ് മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളിലൊന്നായ ശൈലജയെ തന്നെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതും ആ കാരണം കൊണ്ടാണ്. ഇടതുതരംഗം ആഞ്ഞുവീശീയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ഇളകാതെ യുഡിഎഫിന് കൈകൊടുത്ത മണ്ഡലത്തിൽ ശൈലജ വിജയിച്ചുകയറുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. ഈ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലമായി പേരാവൂർ മാറി. മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശൈലജ പോരാവൂരിലെത്തിയത്. ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വരുമ്പോൾ കടുത്ത പോരാട്ടം നടക്കുമെന്നുറപ്പ്. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിലേക്ക് നിയോഗിച്ചത് ജയിപ്പിക്കാനല്ല എന്ന വാദം കോൺഗ്രസ് ഉയർത്തുന്നു. മറ്റിടത്തെ സിറ്റിങ് എംഎൽഎമാരെല്ലാം അതാത് സീറ്റിൽ മത്സരിക്കുമ്പോഴാണ് ഈ മാറ്റം. 2021-ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായുള്ള പ്രകടനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും ശൈലജ ചർച്ചകളിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു നീക്കം സിപിഎം ശൈലജയിലൂടെ നടത്തയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. വടകര ലോക്സഭാ സീറ്റ് തിരിച്ച് പിടിക്കുക എന്ന ദൗത്യത്തിനിറങ്ങിയ ശൈലജയ്ക്ക്, പക്ഷേ, ഷാഫി പറമ്പിലിന് മുന്നിൽ ദയനീയമായി അടിതെറ്റി. എന്നാൽ വടകരയിലെ സ്ഥിതിയായിരിക്കില്ല പേരാവൂരിലെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. 2021-ൽ പേരാവൂരിൽ കിതച്ച് ജയിച്ച സണ്ണി ജോസഫ് ഇത്തവണ ശൈലജയ്ക്ക് മുന്നിൽ വീഴുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ ജനപ്രീതിയും കൂടി വോട്ടാകുമ്പോൾ സീറ്റ് തിരിച്ചുപിടിക്കാമെന്ന് പാർട്ടി കരുതുന്നു. പേരാവൂരിനെ ഒരു തവണ ഞെട്ടിച്ചതിന്റെ ചരിത്രം കൂടി ശൈലജയ്ക്കുണ്ട്. 2006 ൽ പേരാവൂരിൽ മത്സരിച്ച കെകെ ശൈലജ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. ഇത്തവണ അത് ആവർത്തിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. 2011 ൽ ഇതേ സണ്ണി ജോസഫിനോടാണ് അന്ന് ശൈലജ പരാജയപ്പെട്ടത് എന്നാൽ, ആ സാഹചര്യമല്ല ഇപ്പോഴെന്നാണ് സംസ്ഥാനത്തുള്ള ഇടത് വിരുദ്ധ തരംഗം പേരാവൂരിലും ആഞ്ഞടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലവും സമീപകാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും ഇതിന് തെളിവാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 23,481 വോട്ടുകളുടെ ലീഡാണ് നേടിയത്. തദ്ദേശത്തിലും മികച്ച ലീഡ് നേടാനായത് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 10,230 വോട്ടുകൾക്കാണ് തദ്ദേശത്തിൽ യുഡിഎഫ് പേരാവൂരിൽ മുന്നിലെത്തിയത്. 2006ൽ എ.ഡി മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ശൈലജ 2011ൽ വീണ്ടും മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിനാണ് തോറ്റത്. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ഇക്കുറി ജനവിധി എന്താകുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. പ്രതീകാത്മക ചിത്രം | Photo: PTI പയ്യന്നൂരിൽ സിപിഎമ്മിന് വെല്ലുവിളി ഉയർത്തുമോ കുഞ്ഞികൃഷ്ണൻ? നാളിതുവരെ സിപിഎം മാത്രം ജയിച്ച മണ്ഡലമാണ് പയ്യന്നൂർ. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പതിനായിരത്തിന് മുകളിൽ എൽഡിഎഫിന് ലീഡ് സമ്മാനിച്ച മണ്ഡലം. എന്നാൽ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മാത്രമല്ല, അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങുകയും ചെയ്തതോടെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. നിലവിലെ എംഎൽഎ ആയ ടി.ഐ മധുസൂദനനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഭൂരിപക്ഷം കുറയുന്നത് പോലും എൽഡിഎഫിന് വലിയ ക്ഷീണമാകുമെന്നിരിക്കെ മത്സരത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. എ.പി. ഗംഗാധരനാണ് എൻഡിഎ സ്ഥാനാർഥി. സിപിഎം ടി.ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാനിറങ്ങിയത്. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്നും തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ തവണ 49,780 വോട്ടുകൾക്ക് ജയിച്ച മധുസൂദനന് വെല്ലുവിളി ഉയർത്താനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാർട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം. എന്നാൽ, പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തിൽ വി. കുഞ്ഞികൃഷ്ണൻ പറയുന്നു. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി എത്തുകയും യുഡിഎഫ് പിന്തുണ നൽകുകയും ചെയ്ത സാഹചര്യത്തിൽ പയ്യന്നൂരിലെ മത്സരം ശ്രദ്ധേയമാവുകയാണ്. സിറ്റിങ് എം.എൽ.എ. കൂടിയായ ടി.ഐ. മധുസൂദനൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ബാലസംഘം ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം. ഏരിയാ സെക്രട്ടറി, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, പയ്യന്നൂർ നഗരസഭാ വൈസ് ചെയർമാൻ, പയ്യന്നൂർ സഹകരണ ആസ്പത്രി പ്രസിഡന്റ്, പയ്യന്നൂർ എ.കെ.ജി. ഹോസ്പിറ്റൽ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂരും അഴീക്കോടും ഇഞ്ചോടിഞ്ച് ഏത് തിരഞ്ഞെടുപ്പിലും ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നയിടങ്ങളാണ് കണ്ണൂരും അഴീക്കോടും. എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന പ്രദേശങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ തന്നെ കടുത്ത പോരാട്ടം നടക്കുന്ന ഈ മണ്ഡലങ്ങൾ മുന്നണികൾ അഭിമാനപ്രശ്‌നമായാണ് കണക്കാക്കുന്നത്. ആര് ജയിക്കുമെന്ന് അവസാനവോട്ടും എണ്ണിത്തീരാതെ ആർക്കും ഉറപ്പിക്കാനാവില്ല. പ്രവചനങ്ങൾക്ക് ഇടമില്ലാത്തവിധം ഇരുമുന്നണികൾക്കും നല്ല സ്വാധീനമുണ്ട് കണ്ണൂരും അഴീക്കോടും. ഇക്കുറി ഈ മണ്ഡലങ്ങൾ ആര് പിടിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. തങ്ങളുടെ മണ്ഡലമെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിച്ചിരുന്നയിടമാണ് കണ്ണൂർ. എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെയും സ്ഥിതി അതല്ല. എൽഡിഎഫിനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചുകയറിയത്. കോൺഗ്രസിന് കനത്ത ആഘാതമുണ്ടാക്കുന്നതായിരുന്നു ആ വിജയങ്ങൾ. ഇക്കുറി ഏത് വിധേനയും കണ്ണൂർ സ്വന്തമാക്കുകയാണ് യുഡിഎഫ് ലക്ഷ്യം. എന്നാൽ ഹാട്രിക് ജയം ഉന്നമിടുകയാണ് കടന്നപ്പള്ളി. മുൻ മേയർ ടി.ഒ. മോഹനനാണ് യുഡിഎഫ് സ്ഥാനാർഥി. ബി.ജെ.പി. ദേശീയ സമിതി അംഗം സി. രഘുനാഥാണ് എൻഡിഎ സ്ഥാനാർഥി. നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി കഴിഞ്ഞ രണ്ടു തവണയും കണ്ണൂരിൽ നിന്ന് ജയിച്ചത്. 2016-ൽ 1196 വോട്ടിനായിരുന്നു ജയമെങ്കിൽ 2021-ൽ 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. രണ്ട് വട്ടവും കോൺഗ്രസിലെ സതീശൻ പാച്ചേനിയേയാണ് കടന്നപ്പള്ളി തോൽപ്പിച്ചത്. ഇക്കുറി തിരിച്ചുപിടിക്കാൻ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്ത് സജ്ജമാണ് കോൺഗ്രസ്. കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കെ. സുധാകരനുണ്ടാക്കിയ വിവാദങ്ങൾ അടങ്ങിയതോടെ യുഡിഎഫ് ക്യാംപ് ആശ്വാസത്തിലാണ്. സുധാകരനും പ്രചാരണത്തിന് ആവേശം പകരുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടുകണക്ക് യുഡിഎഫിന് പ്രതീക്ഷ പകരുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 26,030 വോട്ടിന്റെ ലീഡും തദ്ദേശ തിരഞ്ഞെടുപ്പിൽ 10,838 വോട്ടിന്റെ മേൽക്കൈയുമുണ്ട്. അതിനാൽ മണ്ഡലം പിടിക്കുമെന്ന് കണക്കുകൂട്ടുകയാണ് യുഡിഎഫ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കണക്കുകൾക്ക് പ്രസക്തിയില്ലെന്ന് പറയുകയാണ് എൽഡിഎഫ്. പ്രതീകാത്മക ചിത്രം | Mathrubhumi കണ്ണൂരുപോലെ അഴീക്കോട്ടും തീപാറും പോരാട്ടമാണ്. 2021 ൽ മണ്ഡലം പിടിച്ച കെ.വി. സുമേഷിനെ തന്നെയാണ് ഇക്കുറിയും സിപിഎം രംഗത്തിറക്കിയത്. എന്നാൽ മുസ്ലിം ലീഗിൽ നിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയാണ് കളത്തിൽ. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി. തിരഞ്ഞെടുപ്പുകളിൽ മുന്നണികൾ മാറിമാറി വിജയിച്ച ചരിത്രമാണ് അഴീക്കോടിനുള്ളത്. 2005-ലെ ഉപതിരഞ്ഞെടുപ്പ് മുതൽ 2011 വരെ സി.പി.എമ്മിലെ എം.പ്രകാശനാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2011-ൽ എം.പ്രകാശനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി വിജയിച്ചു. പിന്നീട് 2016 ലും ഷാജി വിജയം ആവർത്തിച്ചു. അന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് മാധ്യമപ്രവർത്തകനായ നികേഷ് കുമാറായിരുന്നു. സിപിഎമ്മിന്റെ ആ നിക്കം ഫലം കണ്ടില്ലെങ്കിലും 2021 ൽ സുമേഷിലൂടെ ഷാജിയെ പരാജയപ്പെടുത്താൻ എൽഡിഎഫിനായി. 2021 ൽ 6,141 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. ഇത്തവണ കരീം ചേലേരിയിലൂടെ മണ്ഡലം പിടിക്കാമെന്ന് ലീഗ് കണക്കുകൂട്ടുന്നു. മാത്രമല്ല, ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് മേൽക്കൈയുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 22,218 വോട്ടുകളുടെ ലീഡ് നേടാൻ യുഡിഎഫിനായി. എന്നാൽ തദ്ദേശത്തിൽ അത് 2110 ആയി ചുരുങ്ങി. ഇളകുമോ ധർമടം, തലശ്ശേരിക്കോട്ടകൾ? വിവാദങ്ങളും പൊട്ടിത്തെറികളും കത്തിനിൽക്കുന്ന തളിപ്പറമ്പിനും പയ്യന്നൂരിനും പുറമേ ചുവപ്പുകോട്ടകൾ പിന്നേയുമുണ്ട് കണ്ണൂരിൽ. കല്ല്യാശ്ശേരി, മട്ടന്നൂർ, ധർമടം, തലശ്ശേരി എന്നിങ്ങനെ ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ. സംസ്ഥാനമൊട്ടാകെ കൊടുങ്കാറ്റ് ആഞ്ഞുവീശിയാലും തകരില്ലെന്ന് സിപിഎം ഉറപ്പിക്കുന്ന ചെങ്കോട്ടകൾ. ഈ കോട്ടകൾക്ക് ഇളക്കം തട്ടുമെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. 2021 ൽ വൻ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥികൾ ഈ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറിയും അതാവർത്തിക്കുമെന്ന് സിപിഎം കണക്കുകൂട്ടുമ്പോൾ അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുകയാണ് യുഡിഎഫും എൻഡിഎയും. കല്ല്യാശ്ശേരിയിൽ തുടർച്ചയായ രണ്ടാം തവണയും എം.വിജിനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിനായി രാജീവൻ കപ്പച്ചേരിയും എൻഡിഎക്കായി എ.വി. സനിൽ കുമാറും രംഗത്തുണ്ട്. ഇടതുകോട്ടയായ മണ്ഡലത്തിൽ നിന്ന് 44,393 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് 2021 ൽ വിജിൻ ജയിച്ചുകയറിയത്. 2016 ൽ 42,891 വോട്ടുകളുടെ ഭൂരിപക്ഷമാണ് ടി.വി. രാജേഷ് നേടിയതെങ്കിൽ അത് ഉയർത്താൻ വിജിന് സാധിച്ചിട്ടുണ്ട്. ഇക്കുറിയും മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷം തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാൽ യുഡിഎഫാകട്ടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലാണ് പ്രതീക്ഷവെക്കുന്നത്. സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഇടതുകോട്ടകൾ ആടിയുലഞ്ഞപ്പോൾ കല്ല്യാശ്ശേരിയിലെ സിപിഎം കോട്ടകളും വിറച്ചു. അന്ന് മണ്ഡലത്തിൽ എൽഡിഎഫ് നേടിയ ലീഡ് വെറും 1058 വോട്ടുകളുടേത് മാത്രമാണ്. ഭരണവിരുദ്ധവികാരം പ്രതിഫലിക്കുമെന്നും 2024-ലേതിന് സമാനമായി വോട്ടുകൾ സമാഹരിക്കാനാവുമെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് മുപ്പതിനായിരത്തിൽപ്പരം വോട്ടുകളുടെ ലീഡ് നേടാനായത് ഇടതുപക്ഷത്തിന് ആശ്വാസമാണ്. മട്ടന്നൂരിലും വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൽഡിഎഫ്. സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയ്ക്ക് പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് ഇക്കുറി നിയമസഭാ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. മണ്ഡലത്തിൽ നിന്ന് മിന്നും ജയത്തിൽ കുറഞ്ഞതൊന്നും ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നില്ല. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ ശൈലജ താത്പര്യപ്പെട്ടെങ്കിലും അവിടെ നിന്ന് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം കെ.കെ. ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് കെ.കെ. ശൈലജ മത്സരിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. 2021 ൽ 60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ശൈലജ മട്ടന്നൂരിൽ നിന്ന് നിയമസഭയിലേക്കെത്തിയത്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. ഇക്കുറി ആ ഭൂരിപക്ഷം നേടാൻ വി.കെ. സനോജിന് സാധിക്കുമോ എന്നത് മാത്രമാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. യുഡിഎഫിൽ നിന്ന് ചന്ദ്രൻ തില്ലങ്കേരിയും എൻഡിഎ യിൽ നിന്ന് ബിജു എളക്കുഴിയുമാണ് എതിർസ്ഥാനാർഥികളായി മത്സരിക്കുന്നത്. 2021 ൽ റെക്കോഡ് ഭൂരിപക്ഷം നേടിയെങ്കിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നതാണ്. അന്ന് വെറും 3,034 വോട്ടുകളുടെ ലീഡാണ് മട്ടന്നൂരിൽ നിന്ന് എൽഡിഎഫിന് നേടാനായത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമെങ്കിലും ഇക്കുറി ഭരണവിരുദ്ധവികാരം മണ്ഡലത്തിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. യുഡിഎഫിനായി അബ്ദുൾ റഷീദ് മത്സരിക്കുമ്പോൾ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് ആണ് എൻ.ഡി.എ. സ്ഥാനാർഥി. പിണറായി വിജയൻ | PTI, വി.പി. അബ്ദുൾ റഷീദ് | Facebook.com കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച അബ്ദുൾ റഷീദിന് ഇത്തവണ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയെ നേരിടാനുള്ള നിയോഗം വന്നുചേരുന്നത്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെത്തിയപ്പോൾ സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയാണ് ഇതിന് വഴിവെച്ചത്. പാർട്ടിവിട്ടെത്തിയ സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുകയും യു.ഡി.എഫ്. പിന്തുണയ്ക്കുകയും ചെയ്തതോടെ അബ്ദുൾ റഷീദിനെ ധർമടത്തേക്ക് മാറ്റി. 2016-ൽ ജെയിംസ് മാത്യു നേടിയ 40,617 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 22,689 വോട്ടായി കുറക്കാൻ കോൺഗ്രസിന്റെ ഈ യുവനേതാവിനായിരുന്നു. ഇത്തവണ ധർമടം പിടിക്കുമെന്ന് അബ്ദുൾ റഷീദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 50,123 വോട്ടാണ് പിണറായിയുടെ ഭൂരിപക്ഷം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2,616 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെ നിന്ന് എൽഡിഎഫിന് നേടാനായത്. ഈ കണക്കിലാണ് കോൺഗ്രസ് പ്രതീക്ഷ വെച്ചുപുലർത്തുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡ് നേടി മണ്ഡലത്തിൽ ഇടതുപക്ഷം വേരുറപ്പിച്ചിട്ടുമുണ്ട്. പതിറ്റാണ്ടുകളായി സിപിഎം ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് തലശ്ശേരി. ഇക്കുറി പുതുമുഖങ്ങളെ കളത്തിലിറക്കിയാണ് മുന്നണികൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അങ്കം കുറിച്ചിരിക്കുന്നത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഡയറക്ടറുമായ കെ.പി.സാജുവാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഒ.നിധീഷാണ് എൻ.ഡി.എ. സ്ഥാനാർഥി. കഴിഞ്ഞ തവണ 36,801 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചാണ് എ.എൻ. ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടർന്നാണ് നേരിട്ടുള്ള മത്സരമായത്. എം.എൽ.എ.യായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറായി. ഷംസീറിന്റെ പിൻഗാമിയായാണ് കാരായി രാജനെ സി.പി.എം. കളത്തിലിറക്കിയത്. ഇക്കുറി ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മണ്ഡലത്തിൽ 38,524 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഫസൽ വധക്കേസാണ് തലശ്ശേരിയിൽ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണവിഷയം. ഫസൽ വധക്കേസ് പ്രതിയാണ് കാരായി രാജൻ. ജില്ലയിൽ കൂത്തുപറമ്പ് നിയമസഭാ മണ്ഡലം നിലനിർത്തുക ലക്ഷ്യമിട്ടാണ് ഇക്കുറിയും എൽഡിഎഫ് ഗോദയിലിറങ്ങിയിരിക്കുന്നത്. ഘടകക്ഷിയായ ആർജെഡി ഇടതുമുന്നണിയിൽ നിന്ന് മത്സരിക്കുമ്പോൾ മുസ്ലിം ലീഗാണ് യുഡിഎഫിനായി പോരാടുന്നത്. ആർജെഡിയിൽ നിന്ന് പി.കെ. പ്രവീണും ലീഗിൽ നിന്ന് ജയന്തി രാജനും ബിജെപിയിൽ നിന്ന് ഷിജി ലാലുമാണ് മത്സരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.പി.മോഹനൻ വിജയിച്ചത്. ഇക്കുറി കെ.പി. മോഹനന് പകരം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.കെ. പ്രവീണിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം. ഇതിൽ പാനൂർ നഗരസഭയും തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുമൊഴികെ എൽ.ഡി.എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 38000-ത്തോളം വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. ഈ ഇടതുകോട്ടകളെ പോലെ കണ്ണൂരിലെ യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് ഇരിക്കൂർ. കഴിഞ്ഞ നാല് പതിറ്റാണ്ടായി വലതുകാറ്റ് ആഞ്ഞുവീശുന്ന മണ്ഡലം. യുഡിഎഫിന്റെ ഉറച്ച കോട്ട. ഇക്കുറിയും മണ്ഡലത്തിൽ ഒരു മാറ്റം അധികമാരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ശക്തമായ പോരാട്ടത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എൽഡിഎഫ്. 1982 മുതൽ എട്ട് തവണ കെ.സി. ജോസഫ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. അതും മികച്ച ഭൂരിപക്ഷത്തോടെ. 2021 ൽ കെ.സി ജോസഫിന് പകരം സജീവ് ജോസഫാണ് കോൺഗ്രസിൽ നിന്ന് ജയിച്ചുകയറിയത്. എൽഡിഎഫിനായി കേരള കോൺഗ്രസിൽ (മാണി വിഭാഗം) നിന്ന് സജി കുറ്റിയാനിമറ്റമാണ് മത്സരിച്ചത്. 66,754 വോട്ടുകൾ നേടിയ സജി മികച്ച മത്സരമാണ് കാഴ്ചവെച്ചത്. 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജീവ് ജോസഫ് ജയിച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സജീവ് ജോസഫ് തന്നെയാണ് കോൺഗ്രസ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിൽ നിന്ന് മാത്യു കുന്നപ്പിള്ളിയാണ് എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ യുഡിഎഫിന്റെ പരമ്പരാഗത ക്രിസ്ത്യൻ വോട്ട്ബാങ്കിലേക്ക് കടന്നുകയറാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്. ആ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. അതേസമയം എൻ.ഡി.എ. സ്ഥാനാർഥിയായി ട്വന്റി 20യിൽ നിന്ന് ശ്രീനാഥ് പദ്‌മനാഭനാണ് മത്സരിക്കുന്നത്.

പൊട്ടിത്തെറി, അടിയൊഴുക്ക്… ധർമടം പോലും വിറപ്പിക്കുമെന്ന് UDF; കണ്ണൂരിൽ സിപിഎമ്മിന് അഭിമാനപോരാട്ടം
M
MathrubhumiSource Link
about 1 month ago