പൊന്നാനിയും തവനൂരും മറിയുമോ? മലപ്പുറത്ത് 16/16 ലക്ഷ്യമിട്ട് UDF, കോട്ടകൾ കാക്കാൻ LDF

പൊന്നാനിയും തവനൂരും മറിയുമോ? മലപ്പുറത്ത് 16/16 ലക്ഷ്യമിട്ട് UDF, കോട്ടകൾ കാക്കാൻ LDF

M
MathrubhumiSource Link
അ ങ്കത്തട്ടൊരുങ്ങി, സ്ഥാനാർഥികളും കളംപിടിച്ചു. ഇനി പോരാട്ടത്തിന്റെ ചൂടേറിയ ദിനങ്ങൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി കഴിഞ്ഞു. ശക്തികേന്ദ്രമായ മലപ്പുറത്ത് ഇത്തവണ 16-ൽ 16-ഉം പിടിച്ചെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് മുസ്ലിംലീഗും കോൺഗ്രസും ഉൾപ്പെടുന്ന യുഡിഎഫ് പോരിനിറങ്ങിയിരിക്കുന്നത്. 2021-ൽ പിടിച്ചെടുത്ത നാലിൽനിന്ന് സീറ്റുകൂട്ടാനായി എൽഡിഎഫും കച്ചമുറുക്കി രംഗത്തുണ്ട്. സ്ഥാനാർഥിപ്രഖ്യാപനത്തിലും ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്തുന്നതിലും കല്ലുകടിയുണ്ടായെങ്കിലും അതെല്ലാം തരണംചെയ്യാനാകുമെന്നാണ് ഇടതിന്റെ കണക്കുക്കൂട്ടൽ. താനൂർ, നിലന്പൂർ, തവനൂർ, വേങ്ങര തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഇത്തവണ സ്വതന്ത്രരെ അണിനിരത്തിയാണ് എൽഡിഎഫ് അട്ടിമറി ലക്ഷ്യമിടുന്നത്. വോട്ട് കൂട്ടി സാന്നിധ്യമറിയിക്കാനായി ബിജെപി-എൻഡിഎയും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. To advertise here, തവനൂരും പൊന്നാനിയും... തവനൂർ, പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ, താനൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇത്തവണ ജില്ലയിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. ഇതിൽ തവനൂരും പൊന്നാനിയും താനൂരും നിലമ്പൂരും 2021-ൽ എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളായിരുന്നു. പിന്നീട് പി.വി. അൻവർ എൽഡിഎഫുമായി അകന്ന് രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കെ.ടി. ജലീൽ എന്നിവർ മത്സരിക്കുന്ന തവനൂരാണ് ജില്ലയിലെ ഗ്ലാമർപോരാട്ടവേദി. 2011-ൽ മണ്ഡലം രൂപവത്കരിച്ചതു മുതൽ തവനൂരിനെ കൈപ്പിടിയിലാക്കിയ കെ.ടി. ജലീലിനെ ഇത്തവണ വി.എസ്. ജോയിയെ ഇറക്കിയാണ് യുഡിഎഫ് നേരിടുന്നത്. വി.എസ്. ജോയിയെ തവനൂർ പോലെയൊരു മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതോടെ ജാതിമതസമവാക്യങ്ങൾപ്പുറമുള്ള ഉശിരൻ രാഷ്ട്രീയപോരാട്ടമാണ് ഇവിടെ നടക്കുന്നത്. അതേസമയം, തുടർച്ചയായി എംഎൽഎയായ മണ്ഡലത്തിൽ കെ.ടി. ജലീലിനുള്ള ബന്ധങ്ങളും സ്വാധീനവും വലുതാണ്. ഇടതുമുന്നണിക്കപ്പുറത്തുള്ള വോട്ടുകളും സ്വന്തമാക്കാൻ കഴിയുന്നയാളാണ് അദ്ദേഹം. അതിനാൽ തന്നെ തീർത്തും പ്രവചനാതീതമായ മത്സരമാണ് തവനൂരിൽ ഇത്തവണയെന്നത് തീർച്ചയായിരിക്കുകയാണ്. പൊന്നാനിയെന്ന സിപിഎം കോട്ട ഇത്തവണ പൊളിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ പൊന്നാനിയിലും സമീപമേഖലയിലും സജീവമായ കെപിസിസി നേതാവ് കെ.പി. നൗഷാദലിയാണ് യുഡിഎഫ് സ്ഥാനാർഥി. സാമൂഹിക-സാംസ്‌കാരികരംഗത്ത് സജീവമായ അദ്ദേഹം ഇതിനോടകം തന്നെ മണ്ഡലത്തിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുൻ പി.എസ്.സി. ചെയർമാനായ അഡ്വ. എം.കെ. സക്കീറിനെയാണ് പൊന്നാനി നിലനിർത്താനായി ഇത്തവണ സിപിഎം നിയോഗിച്ചിരിക്കുന്നത്. എം.കെ. സക്കീറിന്റെ സ്ഥാനാർഥിത്വത്തിനെതിരേ പൊന്നാനിയിലെ പാർട്ടിക്കുള്ളിൽത്തന്നെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.എം. സിദ്ധിഖിനെ ഇത്തവണയും പരിഗണിക്കാതെ എം.കെ. സക്കീറിനെ സ്ഥാനാർഥിയാക്കിയതിലാണ് പലർക്കും അമർഷമുണ്ടായത്. 'സഖാക്കളുടെ' പേരിൽ എം.കെ. സക്കീറിനെതിരേ മണ്ഡലത്തിൽ ബോർഡുകളുയരുകയുംചെയ്തു. വോട്ട് നോട്ടയ്ക്ക് ചെയ്യാനായിരുന്നു ഈ ബോർഡിൽ ആഹ്വാനം. അതേസമയം, മണ്ഡലത്തിൽ അസ്വാരസ്യങ്ങളില്ലെന്നും പൊന്നാനി നിലനിർത്താനാകുമെന്നുമാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. എം.കെ. സക്കീർ പൊന്നാനിക്കായുള്ള മികച്ച സ്ഥാനാർഥിയാണെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. 2006-ൽ പാലോളി മുഹമ്മദ് കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫ് തുടർച്ചയായ 20 വർഷം പിന്നെ മണ്ഡലം കൈവിട്ടിട്ടില്ല. കഴിഞ്ഞ തവണയും ടി.എം. സിദ്ധിഖിനെ പരിഗണിക്കാതിരുന്നതിൽ പാർട്ടിയിൽ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, സിഐടിയു നേതാവായ പി. നന്ദകുമാർ 17,043 വോട്ടുകളോടെ 2021-ൽ പൊന്നാനിയിൽനിന്ന് നിയമസഭയിലെത്തി. ഇത്തവണയും പൊന്നാനി ചുവപ്പിക്കുമെന്ന് തന്നെയാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും കണക്കുക്കൂട്ടൽ. തിരൂരും താനൂരും മങ്കടയും... മന്ത്രി വി. അബ്ദുറഹിമാന്റെ സ്ഥാനാർഥിത്വ വിവാദങ്ങളിലൂടെയാണ് താനൂരും തിരൂരും ഇത്തവണ കൂടുതൽ ചർച്ചയായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വി. അബ്ദുറഹിമാനെ സിറ്റിങ് സീറ്റായ താനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം താനൂരിൽ മത്സരിക്കാൻ കൂട്ടാക്കിയില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷവും അബ്ദുറഹിമാൻ താനൂരിൽ പ്രചാരണത്തിനിറങ്ങാതായതോടെ സംഭവം ചർച്ചയായി. താനൂരിൽ ഇനി മത്സരിക്കാനില്ലെന്ന തന്റെ ആവശ്യം നിരസിച്ചതിനെത്തുടർന്നാണ് അബ്ദുറഹിമാൻ പ്രചാരണത്തിനിറങ്ങാത്തതെന്നും വാർത്തകളുണ്ടായി. ഇതിനിടെ, മുസ്ലിംലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ മുൻ എംഎൽഎയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെ മലപ്പുറത്തെ രാഷ്ട്രീയം ചൂടുപിടിച്ചു. രണ്ടത്താണി ഇടതുസ്ഥാനാർഥിയായി തിരൂരിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ, 24 മണിക്കൂറിനുള്ളിൽ രണ്ടത്താണി തന്നെ താൻ ലീഗിൽ തുടരുമെന്ന് വ്യക്തമാക്കിയതോടെ ഇത്തരം അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഈ കോലാഹലങ്ങൾ അവസാനിച്ചതോടെ വി. അബ്ദുറഹിമാൻ തിരൂരിൽ മത്സരിക്കുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു. അബ്ദുറഹിമാൻ മണ്ഡലം മാറിയതോടെ താനൂരിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനും വൈകി. മൂന്നാം തവണയും വി. അബ്ദുറഹിമാനിലൂടെ മണ്ഡലം നിലനിർത്താമെന്നായിരുന്നു താനൂരിലെ ഇടതുപ്രവർത്തകരുടെ വിലയിരുത്തൽ. താനൂരിൽ വി. അബ്ദുറഹിമാനായി പ്രവർത്തകർ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ, അവസാനനിമിഷം സ്ഥാനാർഥി മാറിയതോടെ ഇടതുമുന്നണി പ്രവർത്തകർക്കിടയിലും നിരാശയും അമർഷവുമുണ്ടായി. ഒടുവിൽ അവസാനദിവസങ്ങളിലാണ് ടി. മുഹമ്മദ് സമീർ എന്ന സ്വതന്ത്രനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിലുണ്ടായ ഈ കല്ലുകടി എൽഡിഎഫിന്റെ ജയസാധ്യതയെ തന്നെ ബാധിക്കുമെന്ന് കരുതുന്നവരും മണ്ഡലത്തിലുണ്ട്. അതേസമയം, എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിനെ കളത്തിലിറക്കിയാണ് യുഡിഎഫ് ഇത്തവണ താനൂർ തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്നത്. താനൂരിന് പുറമേ വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലുണ്ടായ കാലതാമസം ഇതിനോടകം തന്നെ യുഡിഎഫ് വലിയ പ്രചാരണയുധമാക്കിയിട്ടുണ്ട്. മങ്കടയിൽ സിപിഎം ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പിന്നീട് പത്രിക പിൻവലിച്ചു. ഒടുവിൽ മുസ്‌ലിംലീഗിൽനിന്ന് പുറത്തായ കുന്നത്ത് മുഹമ്മദിനെയാണ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. അതിനിടെ, മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സി.എച്ച്. അഷ്‌റഫ് അവസാനനിമിഷം പത്രിക പിൻവലിച്ചതും വലിയ ചർച്ചയായി. എൽഡിഎഫിനുവേണ്ടിയാണ് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചതെന്നാണ് യുഡിഎഫിന്റെ ആരോപണം. പെരിന്തൽമണ്ണ തിരിച്ചുപിടിക്കാൻ എൽഡിഎഫ്... 2021-ൽ 38 വോട്ടിന് കൈവിട്ട പെരിന്തൽമണ്ണ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാണ് എൽഡിഎഫിന്റെ തീവ്രശ്രമം. അതേസമയം, അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങൾ മുതൽക്കൂട്ടാക്കി നജീബ് കാന്തപുരം തന്നെയാണ് യുഡിഎഫിനായി വീണ്ടും ഗോദയിലുള്ളത്. 2021-ൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ സ്ഥാനാർഥിയായിരുന്നു നജീബ് കാന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയടക്കം അനുകൂലമാക്കി ഇത്തവണ നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം കൂട്ടാമെന്നാണ് യുഡിഎഫിന്റെ കണക്കുക്കൂട്ടൽ. അതേസമയം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. മുഹമ്മദ് ഹനീഫയിലൂടെ പെരിന്തൽമണ്ണ ചെങ്കോട്ടയാക്കാമെന്ന് എൽഡിഎഫും കരുതുന്നു. മണ്ഡലം മാറി കുഞ്ഞാലിക്കുട്ടി... മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മാറി മലപ്പുറം നിയോജകമണ്ഡലത്തിൽ ജനവിധി തേടുന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മറ്റൊരു സവിശേഷത. എക്കാലവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയിലൂടെ റെക്കോഡ് ഭൂരിപക്ഷമാണ് മുസ്ലിംലീഗും യുഡിഎഫും ലക്ഷ്യമിടുന്നത്. സംസ്ഥാനസർക്കാരിനെതിരായ ഭരണവിരുദ്ധവികാരം വോട്ടാകുമെന്നും ഇതിലൂടെ ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി നാട്ടാമെന്നുമാണ് യുഡിഎഫ് കരുതുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ മുഴുവൻ സീറ്റുകളും നേടിയത് ഉൾപ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയാണ് യുഡിഎഫിന് ഈ ആത്മവിശ്വാസം പകരുന്നത്. ശബരിമലയും വെള്ളാപ്പള്ളിയുടെ പരാമർശങ്ങളും ഉൾപ്പെടെ മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ പ്രചാരണവിഷയങ്ങളാണ്. എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിലുണ്ടായ കല്ലുകടികളും സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണങ്ങളും ജില്ലയിൽ യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചതും വേങ്ങരയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്താത്തതും എൽഡിഎഫുമായുള്ള ഡീലിന്റെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം, സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും മറ്റും വോട്ടായി മാറുമെന്ന് എൽഡിഎഫും കരുതുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊന്നാനിയും തവനൂരും മറിയുമോ? മലപ്പുറത്ത് 16/16 ലക്ഷ്യമിട്ട്… | Boolokam