വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് മേഖലയിൽ കഴിഞ്ഞ കുറേ ആഴ്ചകളായി നടക്കുന്ന തുടർസംഘർഷങ്ങൾക്ക് കാരണം പോലീസിന്റെ ഏകപക്ഷീയമായ ഇടപെടൽ കൊണ്ടാണെന്ന് ആക്ഷേപം. സ്ഥിരം ബി.ജെ.പി.- സി.പി.എം. സംഘട്ടനം നടന്ന ഈ മേഖലയിൽ കഴിഞ്ഞ കുറേക്കാലമായി സമാധാന അന്തരീക്ഷം നിലനിൽക്കുകയായിരുന്നു. To advertise here, മൂന്നാഴ്ച മുൻപ് കുലശേഖരത്ത് ക്ഷേത്ര പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പോലീസിന്റെ ഇടപെടലോടെയാണ് സംഘർഷം വീണ്ടും തലപൊക്കിയത്. സംഭവത്തിൽ ബി.ജെ.പി. നേതാക്കൾക്കെതിരേ മാത്രം കേസെടുത്തുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറിയെത്തിയ വട്ടിയൂർക്കാവ് സി.ഐ. വിപിനെതിരേയായിരുന്നു ബി.ജെ.പി.യുടെ പ്രധാന പരാതി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വീണ്ടും സംഘർഷസാധ്യതയുണ്ടായി. ബി.ജെ.പി. സ്ഥാനാർഥിയുടെ വാഹനം തടഞ്ഞ പോലീസ് സി.പി.എം. സ്ഥാനാർഥിക്ക് രാത്രി വൈകിയും പ്രചാരണത്തിന് അനുമതി നൽകിയെന്നായിരുന്നു പരാതി. തുടർന്ന് ബി.ജെ.പി. സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ബി.ജെ.പി.യുടെ പരാതിയിൽ ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ നടപടികൾ പരിശോധിക്കാമെന്ന് ഉറപ്പു നൽകിയ ഉന്നത പോലീസുദ്യോഗസ്ഥരും പിന്നീട് മലക്കം മറിഞ്ഞു. മലമുകളിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിലും പോലീസിന്റെ ഇടപെടലിൽ വീഴ്ചയുണ്ടായതായാണ് പരാതി. രണ്ട് വിഭാഗങ്ങൾ പരസ്പരം കല്ലേറും ഏറ്റുമുട്ടലും നടത്തുന്നതിനിടയിൽ സി.ഐ. വിപിന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരു വിഭാഗത്തിനു നേരേ മാത്രം ലാത്തി വീശുകയായിരുന്നുവെന്നാണ് ആരോപണം. ഇതാണ് കൂടുതൽ പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായത്. ഒരു വിഭാഗത്തെ വിരട്ടിയോടിക്കാൻ തുടങ്ങിയപ്പോൾ മറുവിഭാഗം കല്ലേറു തുടങ്ങിയതോടെ എതിർവിഭാഗവും കല്ലേറും തടിയുമൊക്കെ എറിഞ്ഞു. ഇതിനിടെ സമീപത്തെ കടയിൽ നിന്നു കിട്ടിയ തടിയും വടിയും ലാത്തിയുമൊക്കെ ഉപയോഗിച്ച് പോലീസും പ്രതിഷേധക്കാരെ നേരിട്ടു. സംഘർഷത്തിൽ നാല് ബി.ജെ.പി. പ്രവർത്തർക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. സി.ഐ. വിപിൻ, പോലീസുകാരായ ഷിബു, ദീപു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് പൊട്ടലേറ്റ ദീപുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി. പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌പെഷ്യൽ ബ്രാഞ്ചിനും ഈ സംഭവങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസിനുള്ളിൽനിന്ന് തന്നെ ആരോപണം ഉയർന്നിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു റിപ്പോർട്ടുകളെന്നാണ് സൂചന. മുൻപ് പോലീസുകാരനെ മാളിൽ വച്ച് എസ്.എഫ്.ഐ.ക്കാർ മർദിച്ച സംഭവത്തിലും പോലീസുകാരനെതിരേ കേസെടുക്കാനുള്ള കാരണവും ഇതിൽ ചില ഉദ്യോഗസ്ഥരായിരുന്നുവെന്നും ആരോപണമുണ്ട്. സംഘർഷത്തിന്റെ തുടക്കം ബി.ജെ.പി. നേതാവിനെ തടഞ്ഞതോടെ :ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതി നൽകി തിരികെപ്പോയ ബി.ജെ.പി. നേതാവിനെ സി.പി.എം. പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന്റെ തുടക്കം. ഈ പരാതി പിൻവലിപ്പിക്കാൻ ചില പോലീസുകാർ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും ബി.ജെ.പി. പ്രവർത്തകർ പറയുന്നു. പരാതിയുടെ വിവരം പോലീസുകാർ തന്നെ സി.പി.എം. പ്രവർത്തകരെ അറിയിക്കുകയായിരുന്നുവെന്നും ബി.ജെ.പി. നേതാക്കൾ സംശയിക്കുന്നുണ്ട്. അതുപോലെ തന്നെ പോലീസ് അസോസിയേഷന്റെ സമ്മർദത്തെ തുടർന്നാണ് പ്രതികളെ പോലും ഉറപ്പാക്കാതെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ആറ് പേരെ കസ്റ്റഡിയിലെടുത്തതും മർദിച്ചതുമെന്നും ബി.ജെ.പി. ആരോപിക്കുന്നു. ഇതിൽ പലരും സംഭവ സ്ഥലത്ത് പോലും ഇല്ലാത്തവരാണെന്നും ഇവർ പറയുന്നു. അതേ സമയം കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദനമേറ്റവരെ പ്രതിസ്ഥാനത്ത് നിന്ന് അവസാനം ഒഴിവാക്കിയതോടെ പോലീസ് കൂടുതൽ പ്രതിരോധത്തിലായിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ മർദിച്ച സംഗീത്, ആകാശ് എന്നിവർക്കും ഒരു എസ്.ഐ.ക്കും എതിരേ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇവരെ പുറത്തേക്ക് കൊണ്ടുപോകാൻ പോലീസ് ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമന ജയൻ, നേതാക്കളായ എം.ആർ.ഗോപൻ, വി.ജി.ഗിരികുമാർ, സുമിബാലു തുടങ്ങിയവർ അടക്കം നേതാക്കളുടെ വൻ നിര ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ പ്രതിഷേധ സ്ഥലങ്ങളിൽ എത്തിയില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലെത്തി സന്ദർശിച്ചു. ബി.ജെ.പി. സമാധാന അന്തരീക്ഷം തകർക്കുന്നു -സി.പി.എം. തിരുവനന്തപുരം : നെട്ടയത്തെ ബി.ജെ.പി. ആക്രമണം സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്ന് സി.പി.എം. ജില്ലാ ആക്ടിങ് സെക്രട്ടറി എ.എ.റഹീം പറഞ്ഞു. അയൽക്കാർ തമ്മിലുണ്ടായ അതിർത്തിത്തർക്കത്തെ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ വലിയ സംഘർഷിലേക്ക് എത്തിച്ചു. പ്രദേശവാസികൾക്കു നേരേയും ആക്രമണം നടത്തി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. ബി.ജെ.പി. പ്രവർത്തകർ നേരത്തേ നിശ്ചയിച്ചപ്രകാരമുള്ള കാര്യങ്ങളാണ് അവിടെ നടത്തിയതെന്നും കോർപ്പറേഷനിൽ ബി.ജെ.പി.ക്കു ഭരണം ലഭിച്ചശേഷം നഗരത്തിൽ അക്രമം വർധിച്ചുവെന്നും പറഞ്ഞു. മർദിച്ചത് എ.ആർ. ക്യാന്പിൽ :പോലീസ് പിടികൂടിയവരെ എ.ആർ. ക്യാമ്പിലെത്തിച്ചാണ് ഒന്നര മണിക്കൂറോളം ക്രൂരമായി മർദിച്ചതെന്നാണ് ആരോപണം. വാഹനത്തിൽ വെച്ചും ക്യാമ്പിലെത്തിച്ചും ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. വട്ടിയൂർക്കാവിലുണ്ടായ സംഘർഷത്തിനിടെ സി.ഐ. വിപിൻ, പോലീസുകാരായ ഷിബു, ദീപു എന്നിവരെ ആക്രമിച്ചുവെന്ന സി.ഐ.യുടെ പരാതിയെത്തുടർന്ന് എടുത്ത കേസിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുത്തവരെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ച വാഹനത്തിൽ മർദിച്ച പോലീസുകാരുണ്ടെന്ന് ആരോപിച്ച് പ്രവർത്തകർ സംഘടിച്ചതും സംഘർഷമുണ്ടാക്കി. ആകാശ്, സംഗീത് എന്നീ പോലീസുകാർക്കും ഒരു എസ്.ഐ.യ്ക്കും നേരെയായിരുന്നു പ്രതിഷേധം. വട്ടിയൂർക്കാവ് മലമുകളിൽ ഞായറാഴ്ചയായിരുന്നു സി.പി.എം-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടായത്. തന്റെ ഭാര്യയോട് മോശമായി പെരുമാറുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന് പോലീസിൽ പരാതി നൽകിയ ബി.ജെ.പി. നേതാവിനെ സി.പി.എം. പ്രവർത്തകർ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

പോലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം; വട്ടിയൂർക്കാവിൽ തുടർസംഘർഷങ്ങൾ
M
MathrubhumiSource Link
19 days ago