ബെംഗളൂരു : സംസ്ഥാനത്തെ പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പോലീസ് സേനയിലെ 4,911 തസ്തികകളിൽ നിയമനം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച പോലീസ് സേനയിലെ 46-ാമത് സബ് ഇൻസ്‌പെക്ടർ(സിവിൽ) ട്രെയിനി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. 327 സബ് ഇൻസ്‌പെക്ടർമാരാണ് പുതിയ ബാച്ചിൽ സേനയുടെ ഭാഗമായി മാറിയത്. പോലീസ് സേനയിലെ തസ്തികകൾ നികത്തുന്ന കാര്യം ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലും മുഖ്യമന്ത്രി ഉൾപ്പെടുത്തിയിരുന്നു. To advertise here, സത്യസന്ധതയോടും ആത്മാർഥതയോടും കൂടി സമൂഹത്തെ സേവിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലിരിക്കുമ്പോൾ അവർ കുടുംബാംഗങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞു. മയക്കുമരുന്ന് രഹിത സമൂഹം യാഥാർഥ്യമാക്കാൻ പോലീസ് ഉദ്യോഗസ്ഥർ പ്രയത്നിക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധിക്കുള്ളിൽ മയക്കുമരുന്ന് ഉത്പാദനവും വിൽപ്പനയും നടക്കുന്നത് കർശനമായി തടയണം. പോലീസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ പ്രതിനിധികളായാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ക്രമസമാധാനപാലനമാണ് അവരുടെ പ്രാഥമിക ഉത്തരവാദിത്വമെന്നും ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തോടെ പെരുമാറണമെന്നും പൊതുജനങ്ങളോട് സൗഹർദപരമായ സമീപനം പുലർത്തണമെന്നും പറഞ്ഞു. പക്ഷേ, കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഓർമിപ്പിച്ചു. പ്രലോഭനങ്ങൾക്ക് വഴങ്ങരുതെന്നും പറഞ്ഞു. മൈസൂരുവിലെ കർണാടക പോലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ആഭ്യന്തര മന്ത്രി ജി.പരമേശ്വര, മന്ത്രി എച്ച്.സി.മഹാദേവപ്പ, പോലീസ് മേധാവി എം.എ.സലീം എന്നിവരും പങ്കെടുത്തു. Published: 30 Mar 2026, 01:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
