കോതമംഗലം : തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ഉച്ചസ്ഥായിയിൽ. ദേശീയനേതാക്കളും സെലിബ്രിറ്റികളും എത്തിയതോടെ പ്രചാരണരംഗം തിളച്ചുമറിയുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിട്ട് കാണാൻ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായറാഴ്ചയും ഈസ്റ്റർ അവധിയും പരമാവധി പ്രയോജനപ്പെടുത്തി. പ്രവർത്തകർ പുലർച്ചെ മുതൽ വീടുകയറ്റത്തിലായിരുന്നു. പ്രചാരണം അവസാനിക്കാൻ രണ്ടുദിവസം മാത്രം അവശേഷിച്ചിരിക്കെ, സ്ഥാനാർഥിയും പ്രവർത്തകരും നേതാക്കളും വോട്ടപ്പാച്ചിലിലാണ്. To advertise here, യു.ഡി.എഫ്. കോതമംഗലം : യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറം ഈസ്റ്റർ ദിനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായിരുന്നു. രാവിലെ കുടുംബത്തോടൊപ്പം വെളിയേൽച്ചാൽ സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയിൽ എത്തി ഈസ്റ്റർ കുർബാനയിൽ പങ്കെടുത്തു. തുടർന്ന് വോട്ടർമാരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് വോട്ട് അഭ്യർഥിച്ചു. വൈകീട്ട് കുടുംബസംഗമങ്ങളിൽ സജീവമായി പങ്കെടുത്ത് പ്രചാരണ പ്രവർത്തനം ഊർജിതമാക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിട്ടുകണ്ടത് പ്രവർത്തനത്തിന് കൂടുതൽ ആവേശം പകർന്നു. റോഡ്ഷോ ഇന്ന് കോതമംഗലം : യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌റുദ്ദീന്റെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ റോഡ്ഷോയും മറിയാ ഉമ്മന്റെ നേതൃത്വത്തിൽ കോതമംഗലത്ത് വനിതാ റോഡ്ഷോയും തിങ്കളാഴ്ച നടക്കും. അസ്‌റുദ്ദീൻ നയിക്കുന്ന റോഡ്ഷോ വൈകീട്ട് 6-ന് ചെറുവട്ടൂരിൽനിന്നും നെല്ലിക്കുഴിയിലേക്ക് നടക്കും. മറിയാ ഉമ്മൻ നയിക്കുന്ന റോഡ്ഷോ രാവിലെ 10-ന് കെ.എസ്.ആർ.ടി.സി. ജങ്‌ഷനിൽനിന്നും മുനിസിപ്പൽ ജങ്ഷനിലേക്ക് നടക്കും. എൽ.ഡി.എഫ്. റോഡ് ഷോ ഇന്ന് കോതമംഗലം : എൽ.ഡി.എഫ്. സ്ഥാനാർഥി ആന്റണി ജോൺ രാവിലെ ഇടവക ദേവാലയമായ കോതമംഗലം സെയ്ന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലെ ഈസ്റ്റർ തിരുകർമങ്ങളിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളും വ്യക്തികളെയും, മരണ-വിവാഹ വീടുകളും സന്ദർശിച്ചു. ഇഞ്ചത്തൊട്ടി, നേര്യമംഗലം, കവളങ്ങാട്, പുത്തൻകുരിശ്, മലയിൻകീഴ്, വാരപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെത്തി നിരവധി ആളുകളെക്കണ്ട് വോട്ട് അഭ്യർഥിച്ചു. ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് 3-ന് നെല്ലിമറ്റത്തുനിന്നും നെല്ലിക്കുഴിയിലേക്ക് റോഡ് ഷോ നടക്കും. എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി കോതമംഗലം : നിയോജകമണ്ഡലത്തിൽ അൻപതിന വികസനപദ്ധതികളുമായി എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. തങ്കളം-കാക്കനാട് നാലുവരിപ്പാത നിർമാണം പൂർത്തീകരിക്കും, പട്ടയനടപടികൾ വേഗത്തിലാക്കും, ആലുവ-മൂന്നാർ നാലുവരിപ്പാത നിർമാണം ത്വരിതപ്പെടുത്തും, കോതമംഗലത്തെ ആധുനിക ക്രിമറ്റോറിയം നിർമാണം വേഗത്തിൽ പൂർത്തീകരിക്കും, ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെയും ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും, ഇടമലയാറിൽ ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കും, ടൂറിസം സർക്യൂട്ട് പദ്ധതി ആവിഷ്കരിക്കും. പഴയ ആലുവ-മൂന്നാർ റോഡ് നിയമപ്രശ്നങ്ങൾ പരിഹരിച്ച് പുനഃനിർമാണത്തിന് തുടർപ്രവർത്തനം ഏറ്റെടുക്കും, ഓരോ പഞ്ചായത്തിലും 50 വീതം സ്റ്റാർട്ടപ്പുകൾ തുടങ്ങും, തുടങ്ങിയ കാര്യങ്ങളാണ് പ്രകടനപത്രികയിലുള്ളത്. പത്രസമ്മേളനത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പ്രകടനപത്രിക പ്രകാശനം ചെയ്തു. എൻ.ഡി.എ. കോതമംഗലം : എൻ.ഡി.എ. സ്ഥാനാർഥി അജി നാരായണന്റെ തിരഞ്ഞെടുപ്പ് പര്യടനം കുട്ടംപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തി. രാവിലെ മാമലകണ്ടത്തുനിന്നും ആരംഭിച്ച സ്വീകരണ സമ്മേളനം ബി.ജെ.പി. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുൺ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ അധ്യക്ഷയായി. രാത്രിയോടെ വടാട്ടുപാറ മീരാൻസിറ്റിയിൽ സമാപിച്ചു. ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി എം.കെ. ചന്ദ്രബോസ്, ബി.ഡി.ജെ.എസ്. കോതമംഗലം മണ്ഡലം പ്രസിഡന്റ് എം.ബി. തിലകൻ, ബി.ജെ.പി. ഈസ്റ്റ് ജില്ലാ ട്രഷറർ അനിൽ ഞാളുമഠം, സംസ്ഥാന കമ്മിറ്റി അംഗം പി.ജി. ശശി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ അമ്പോലി, ഇ.കെ. അജിത്കുമാർ, ഒ.എൻ. ഗിരി, പി.കെ. രാജേന്ദ്രൻ, അനീഷ് വാവേലി, അമ്പിളി ബിനു, കെ.ആർ. രഞ്ജിത്ത്, എം.ആർ. ബിനു എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത കോലഞ്ചേരിയിലെ സമ്മേളനത്തിൽ സ്ഥാനാർഥി പങ്കെടുത്തു. കോതമംഗലം
