പ്രതിപക്ഷത്തിന്റെ ധാർമിക-രാഷ്ട്രീയ ജയം

പ്രതിപക്ഷത്തിന്റെ ധാർമിക-രാഷ്ട്രീയ ജയം

Last Updated: 18 April 2026, 12:04 AM IST വനിതാസംവരണത്തെയല്ല, 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയവുമായി അതിനെ കൂട്ടിക്കെട്ടുന്നതിനെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം സുവ്യക്തമാക്കി ഉദ്ദേശ്യശുദ്ധിയോടെ നടപ്പാക്കേണ്ടൊരു രാഷ്ട്രീയപദ്ധതിയെ തങ്ങളുടെ കക്ഷിരാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ബി.ജെ.പി.യുടെയും ശ്രമം ഫലപ്രദമായി തടഞ്ഞിരിക്കുകയാണ്, രാജ്യത്തിന്റെ ജനസഭ. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മുപ്പത്തിമൂന്നുശതമാനം വനിതാസംവരണം ഏർപ്പെടുത്താനെന്നപേരിൽ കൊണ്ടുവന്ന 131-ാം ഭരണഘടനാഭേദഗതിബിൽ ലോക്‌സഭയിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം കിട്ടാതെ മൃതിയടഞ്ഞു. സഭയിൽ ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽരണ്ടുപേരുടെ പിന്തുണ ലഭിച്ചാലേ ഭരണഘടനാഭേദഗതി പാസാകൂ. പ്രതിപക്ഷത്തിന്റെ സംഘടിതബലത്തിൽ സർക്കാരിന്റെ ഗൂഢപദ്ധതിക്ക് പരാജയംനേരിട്ടിരിക്കുന്നു. ലോക്‌സഭയുടെ അംഗബലം നിലവിലെ അഞ്ഞൂറ്റിനാല്പത്തിമൂന്നിൽനിന്ന് 850 ആയി ഉയർത്താനും അതിൽ മുപ്പത്തിമൂന്നുശതമാനം വനിതകൾക്കായി സംവരണംചെയ്യാനും ലക്ഷ്യമിടുന്ന ഭരണഘടനാഭേദഗതിബില്ലിനാണ് അവശ്യപിന്തുണ ലഭിക്കാതെപോയത്. ഇതോടെ, ലോക്‌സഭാമണ്ഡലങ്ങളുടെ എണ്ണംകൂട്ടാനും അതിരുകൾ പുനർനിർണയംചെയ്യാനുമായി കമ്മിഷനെ നിയോഗിക്കുന്നതിനു കൊണ്ടുവന്ന അനുബന്ധബില്ലും സർക്കാർ പിൻവലിക്കാനാണു സാധ്യത. 2011-ലെ കാനേഷുമാരിയിലെ ജനസംഖ്യാകണക്കിന്റെ വെളിച്ചത്തിൽ മണ്ഡലപുനർനിർണയം നടത്താനാണ് സർക്കാർ വ്യവസ്ഥചെയ്തത്. ഇതിലെ അപായം തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി, ലോക്‌സഭാമണ്ഡലങ്ങളുടെ എണ്ണംകൂട്ടുന്നതിനുള്ള 131-ാം ഭരണഘടനാഭേദഗതിയെ ചെറുത്തത്. 2011-ലെ ജനസംഖ്യാകണക്ക് അടിസ്ഥാനപ്പെടുത്തുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭാസീറ്റുകൾ ഗണ്യമായി കൂടുകയും ജനസംഖ്യാനിയന്ത്രണത്തിൽ പുരോഗതി കൈവരിച്ച കേരളവും തമിഴ്‌നാടുംപോലുള്ള സംസ്ഥാനങ്ങൾക്ക് ആനുപാതികനഷ്ടമുണ്ടാകുകയുംചെയ്യും. ഇത് ഒഴിവാക്കാൻ അൻപതുശതമാനമെന്ന ഒരേ അനുപാതത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാസീറ്റുകൾ വർധിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യാഴാഴ്ച വൈകി സഭയിൽ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, ബില്ലിൽ അത്തരം വ്യവസ്ഥ ഇല്ലാത്തതുകൊണ്ട്, വാക്കാലുള്ള ഉറപ്പ് വിശ്വാസത്തിലെടുക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ദുരൂഹമായൊരു ഭരണഘടനാഭേദഗതിനീക്കത്തെ ഒന്നിച്ചുനിന്നു തടയാനായത് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ സമീപകാലത്തെ ഒന്നാന്തരം ധാർമിക-രാഷ്ട്രീയ വിജയമാണ്. വനിതാസംവരണത്തെയല്ല, 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയവുമായി അതിനെ കൂട്ടിക്കെട്ടുന്നതിനെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം സുവ്യക്തമാക്കിയതാണ്. എന്നാൽ, ഭരണഘടനാഭേദഗതിബില്ലിന്മേലുള്ള ചർച്ചയ്ക്ക് ഇന്നലെ വൈകീട്ട് ലോക്‌സഭയിൽ മറുപടിനൽകിയ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷം വനിതാസംവരണത്തിന് എതിരാണെന്ന ആരോപണമുന്നയിക്കാനാണു ശ്രമിച്ചത്. ഈ ബില്ലിന് വനിതാസംവരണവുമായി ബന്ധമൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പറഞ്ഞു. തെക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും ലോക്‌സഭാപ്രാതിനിധ്യം ചുരുക്കുന്ന ബിൽ ദേശവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ജനസംഖ്യാവർധന വെല്ലുവിളിയായി കാണാതിരുന്നൊരു കാലത്താണ്, ലോക്‌സഭാസീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് നമ്മുടെ ഭരണഘടന വ്യവസ്ഥചെയ്തത്. പിന്നീട് ജനസംഖ്യാനിയന്ത്രണം രാജ്യത്തിന്റെ വികസനലക്ഷ്യങ്ങളുമായി കണ്ണിചേർക്കപ്പെട്ടതോടെ 1976 മുതൽ രണ്ടുതവണയായി അൻപതുവർഷത്തേക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്‌സഭാസീറ്റുവർധന കേന്ദ്രസർക്കാർ മരവിപ്പിക്കുകയായിരുന്നു. ആ കാലാവധി അവസാനിക്കാനിരിക്കേ, ലോക്‌സഭാസീറ്റുകളുടെ വർധനയുമായി വനിതാസംവരണത്തെ കേന്ദ്രസർക്കാർ കൂട്ടിക്കെട്ടിയത് സദുദ്ദേശ്യപരമേ അല്ല. ഒന്നുകിൽ, പ്രതിപക്ഷംതന്നെ ആവശ്യപ്പെട്ടതുപോലെ, ലോക്‌സഭയുടെയും നിയമസഭകളുടെയും ഇപ്പോഴത്തെ അംഗബലം നിലനിർത്തിക്കൊണ്ട് വനിതാസംവരണം നടപ്പാക്കുക. അല്ലെങ്കിൽ, ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്കിടയിൽ ലോക്‌സഭാസീറ്റുവിഭജനമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ഭരണഘടന ഭേദഗതിചെയ്യുക. ജനസംഖ്യാനിയന്ത്രണം നന്നായി നടപ്പാക്കിയതിന്റെപേരിൽ ചില സംസ്ഥാനങ്ങൾ ‘ശിക്ഷിക്ക’പ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അതുവഴി സാധ്യമാകും. സീറ്റുവിഭജനത്തിന് മറ്റു മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതേയുള്ളൂതാനും. അതല്ലാതെ, ജനസംഖ്യാനിയന്ത്രണത്തിൽ അശ്രദ്ധകാണിച്ച ദിക്കുകളിൽ ലോക്‌സഭാസീറ്റെണ്ണം കാര്യമായി വർധിച്ചാൽ ദീർഘകാലം കേന്ദ്രഭരണം കൈപ്പിടിയിലൊതുക്കാമെന്ന കക്ഷിരാഷ്ട്രീയോദ്ദേശ്യത്തിന് ഈ രാജ്യത്തെയും ഇവിടത്തെ സ്ത്രീകളെയും കരുക്കളാക്കരുത്. To advertise here, Published: 18 Apr 2026, 12:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിപക്ഷത്തിന്റെ ധാർമിക-രാഷ്ട്രീയ ജയം — Mathrubhumi | Bool… | Boolokam