ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള അവസാനദിവസമായ തിങ്കളാഴ്ച ജില്ലയിലെ മുന്നണി സ്ഥാനാർഥികളിലെ പ്രമുഖർക്കെതിരേ അപരപ്പട. അമ്പലപ്പുഴയിൽ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ, ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രമേശ് ചെന്നിത്തല, ചേർത്തലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി. പ്രസാദ്, യു.ഡി.എഫ്. സ്ഥാനാർഥി കെ.ആർ. രാജേന്ദ്രപ്രസാദ് എന്നിവർക്കെതിരേയാണ് അപരന്മാർ പത്രിക നൽകിയത്. To advertise here, ജി. സുധാകരനെതിരേ പാതിരപ്പള്ളി ചെട്ടികാട് സൽക്കല കവല വെളിയിൽ വീട്ടിൽ സുധാകരൻ (74) ആണ് പത്രിക നൽകിയത്. സി.പി.എം. ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ചെത്തുതൊഴിലാളി യൂണിയൻ നേതാവുമാണ്. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരേ സി. രമേശാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ചെന്നിത്തല ഒരിപ്രം സ്വദേശിയാണ് സി. രമേശ്. പി. പ്രസാദിനെതിരേ പട്ടണക്കാട് സ്വദേശി പ്രസാദും കെ.ആർ. രാജേന്ദ്രപ്രസാദിനെതിരേ ചേർത്തല നഗരസഭ 21-ാം വാർഡിൽ തെക്കേ അമച്ചയിൽ രാജേന്ദ്രപ്രസാദുമാണ് പത്രിക നൽകിയത്. ഒൻപതു മണ്ഡലങ്ങളിലായി 122 പത്രികകളാണ് ലഭിച്ചത്. 68 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഹരിപ്പാട്, ചേർത്തല എന്നിവിടങ്ങളിലാണ് കൂടുതൽ പത്രിക ലഭിച്ചത്- 17 വീതം. കുട്ടനാട്, ഹരിപ്പാട്, ചേർത്തല എന്നിവിടങ്ങളിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്- 10 വീതം. കുറവ് സ്ഥാനാർഥികൾ കായംകുളത്താണ്. അഞ്ചുപേർ. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. ഇതിനുശേഷമേ മത്സരരംഗത്തുള്ളവരുടെ വ്യക്തമായ ചിത്രം ലഭിക്കൂ. Content Highlights: As Kerala election nominations close, independent candidates file against major leaders in Alappuzha. Published: 24 Mar 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രമുഖർക്കെതിരേ അപരപ്പട; സുധാകരനും ചെന്നിത്തലയ്ക്കും പ്രസാദിനും അപരൻമാർ
M
MathrubhumiSource Link
about 2 months ago