പ്രവചനാതീതമായി പത്തനാപുരം; ഗണേഷ്‌കുമാറിന്റെ വിജയത്തുടർച്ചയ്ക്ക് എതിരാളികൾ തടയിടുമോ?

പ്രവചനാതീതമായി പത്തനാപുരം; ഗണേഷ്‌കുമാറിന്റെ വിജയത്തുടർച്ചയ്ക്ക് എതിരാളികൾ തടയിടുമോ?

M
MathrubhumiSource Link
പത്തനാപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാണ് പത്തനാപുരം. തുടർച്ചയായി ആറാംമത്സരത്തിനിറങ്ങിയ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ബി. ഗണേഷ്‌കുമാറിന്റെ വിജയത്തുടർച്ചയ്ക്ക് എതിരാളികൾ തടയിടുമോ എന്നതാണ് പത്തനാപുരത്തെ ചോദ്യം. കഴിഞ്ഞതവണ ഗണേഷ്‌കുമാറിനോടു പരാജയപ്പെട്ട ജ്യോതികുമാർ ചാമക്കാലയാണ് യു.ഡി.എഫ്. സ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥി അനിൽപിള്ളയും സജീവമായി പ്രചാരണരംഗത്തുണ്ട്. To advertise here, സംസ്ഥാന ഫാമിങ് കോർപ്പറേഷൻ എസ്റ്റേറ്റുകളിലും തോട്ടം മേഖലകളിലും പണിയെടുക്കുന്ന തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും കർഷകരും ഏറെയുള്ള മണ്ഡലത്തിൽ തൊഴിലാളിപ്രശ്നങ്ങൾക്ക് പ്രാമുഖ്യം ഏറെയാണ്. വന്യമൃഗശല്യം, പട്ടയപ്രശ്നം എന്നിവയിൽ കൊണ്ടുംകൊടുത്തുമുള്ള പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്. ഒരുകാലത്ത് സി.പി.ഐ.യുടെ കുത്തകമണ്ഡലമായിരുന്നു പത്തനാപുരം. 2001-ൽ കെ.ബി. ഗണഷ്‌കുമാർ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ എത്തിയതോടെയാണ് അതിനൊരു മാറ്റമുണ്ടായത്. 2001-ലും 2006-ലും ഗണേഷ്‌കുമാർ വിജയിച്ചതോടെ 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം. സീറ്റ് ഏറ്റെടുത്ത് തങ്ങളുടെ പ്രതിനിധി കെ. രാജഗോപാലിനെ മത്സരിപ്പിച്ചെങ്കിലും ഗണേഷ്‌കുമാറിന്റെ ഹാട്രിക് വിജയത്തിനു തടയിടാനായില്ല. കേരള കോൺഗ്രസ് (ബി) യു.ഡി.എഫ്. ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിൽ എത്തിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായ 2016-ൽ യു.ഡി.എഫ്. നടൻ ജഗദീഷിനെ ഇറക്കിയെങ്കിലും വിജയം ഗണേഷിനൊപ്പം നിന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ജ്യോതികുമാർ ചാമക്കാലയ്ക്ക് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം 10,000 വോട്ടുകളോളം കുറയ്ക്കാനായി. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറിടത്തും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായും ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസവും യു.ഡി.എഫ്. ക്യാമ്പിനുണ്ട്. ഇതോടെ കെ.ബി. ഗണേഷ്‌കുമാർ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ മത്സരമാകും ഇത്തവണയെന്നുറപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരിട്ട അപമാനവും എൻ.എസ്.എസ്. വിഷയവും ഭരണവിരുദ്ധ വികാരവുമൊക്കെ ആയുധമാക്കിയാണ് യു.ഡി.എഫിന്റെ പ്രചാരണം. കാൽനൂറ്റാണ്ട്‌ എം.എൽ.എ.യും മന്ത്രിയുമൊക്കെയായി ഗണേഷ്‌കുമാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ്. പ്രചാരണം. 100 കോടിയോളം രൂപ ചെലഴിച്ചുള്ള താലൂക്ക് ആശുപത്രി നിർമാണം, പുതിയ പാലങ്ങൾ, റോഡുകൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, പട്ടയവിതരണം തുടങ്ങി മണ്ഡലത്തിൽ നടപ്പാക്കിയ ഒട്ടേറെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണത്തിനാണ് എൽ.ഡി.എഫ്. പ്രാമുഖ്യം നൽകുന്നത്. മന്ത്രിയെന്നനിലയിൽ കെ.എസ്.ആർ.ടി.സി. അടുത്തിടെ കൈവരിച്ച പുരോഗതിയും കാൽനൂറ്റാണ്ടുകാലം മണ്ഡലത്തിൽ ആർജിച്ച സ്വീകാര്യതയും ഗണേഷ്‌കുമാറിന് വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞതവണത്തെ പരാജയത്തിനുശേഷം ജ്യോതികുമാർ ചാമക്കാല മണ്ഡലത്തിൽ സജീവമായി നടത്തിയ പ്രവർത്തനങ്ങളും ബന്ധങ്ങളും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കോടികൾ മുടക്കി പുതിയ കെട്ടിടങ്ങൾ നിർമിച്ചെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിലെ പിന്നാക്കാവസ്ഥയും അവർ ചൂണ്ടിക്കാട്ടുന്നു. വികസിതകേരളമെന്ന ബി.ജെ.പി. മുദ്രാവാക്യംതന്നെയാണ് എൻ.ഡി.എ.യുടെ മുഖ്യപ്രചാരണവിഷയം. എൻ.ഡി.എ.യിലെ ട്വന്റി 20 പാർട്ടി പ്രതിനിധിയായ അനിൽപ്പിള്ളയ്ക്ക് മണ്ഡലത്തിലെ വികസനത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. മണ്ഡലത്തിന്റെ സമഗ്രപുരോഗതിക്കായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയും കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന കാര്യം വിഷയമാക്കിയും പ്രചാരണത്തിൽ സജീവമാണ് അനിൽപ്പിള്ള. Content Highlights: K.B. Ganesh Kumar faces his toughest election battle in Pathanapuram in 2026. UDF candidate Jyothikumar Chamakkala aims to capitalize on local anti-incumbency and recent local body election gains. Development projects like the Taluk Hospital and KSRTC reforms are central to the LDF's campaign. NDA candidate Anil Pillai introduces a new master plan focusing on central government schemes. The constituency remains a critical battleground with shifting political alliances and voter priorities. Published: 06 Apr 2026, 08:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവചനാതീതമായി പത്തനാപുരം; ഗണേഷ്‌കുമാറിന്റെ വിജയത്തുടർച്ചയ്… | Boolokam