പ്രൗഢഗംഭീര നിറവായി പൊൻപൂരം...

പ്രൗഢഗംഭീര നിറവായി പൊൻപൂരം...

കൊല്ലം :കത്തിജ്ജ്വലിച്ചു നിന്ന മേടസൂര്യനെ വകവയ്ക്കാതെ പൂരപ്രേമികൾ ക്ഷേത്രമൈതാനത്തും ആശ്രാമം മൈതാനത്തും നിറഞ്ഞൊഴുകി. കലാശങ്ങളുടെ സൂചിമുനയിൽ താളപ്രപഞ്ചം പൊട്ടിവിരിഞ്ഞ മനോഹരനിമിഷങ്ങൾ. കുടമാറ്റത്തിന്റെ ആരവം ആകാശങ്ങളിൽ തട്ടി പ്രതിഫലിച്ച പ്രൗഢഗംഭീര ആഘോഷം. ഇടയ്ക്ക് ചാറ്റൽമഴ അൽപ്പമൊന്നു തണുപ്പിച്ചെങ്കിലും പൂർണനിറവായി കൊല്ലം പൂരം. പുതിയകാവ്, താമരക്കുളം വിഭാഗങ്ങളുടെ ഗജവീരന്മാർ അണിനിരന്ന കുടമാറ്റം കൊല്ലം പൂരത്തിന്റെ മാറ്റുകൂട്ടി. To advertise here, തിരുമുമ്പിലെ മേളത്തിനു പിന്നാലെ വൈകീട്ട് ആറരയോടെ ക്ഷേത്രമുറ്റത്ത്‌ ഇരുവിഭാഗവും ഏഴ് ഗജവീരന്മാരെ അണിനിരത്തി കുടമാറ്റം ആരംഭിച്ചു. കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പൂരം. രാവിലെ ചെറുപൂരങ്ങളായി തുടങ്ങി, ഉച്ചകഴിഞ്ഞ്‌ മൈതാനത്ത് എത്തി. വൈദ്യുതദീപഗോപുരങ്ങൾ ചുറ്റും നിരന്ന മൈതാനത്ത് പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം നിന്നായിരുന്നു കുടമാറ്റം. കൊടിയിറക്കിയശേഷം, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു പടിവാതിൽക്കൽ എഴുന്നള്ളിനിന്നതോടെയാണ്‌ തിരുമുമ്പിൽ കുടമാറ്റം നടന്നത്. തുടർന്ന് ആറാട്ട് ആരംഭിച്ചു. തൃക്കടവൂർ ശിവരാജുവിന് ഇടംവലം പുതിയകാവ് ഭഗവതിയുടെയും താമരക്കുളം മഹാഗണപതിയുടെയും തിടമ്പേറ്റിയ ആനകൾ. ഇരുവിഭാഗത്തിനും 11 ആനകൾ വീതം കുടമാറ്റത്തിന് അണിനിരന്നു. പുത്തൻകുളം അനന്തപദ്മനാഭൻ പുതിയകാവ് ഭഗവതിയുടെ തിടമ്പും ഗുരുജിയിൽ ശിവനാരായണൻ താമരക്കുളം മഹാഗണപതിയുടെ തിടമ്പും വഹിച്ചു. വിസ്മയംതീർത്ത് വേൾഡ് കപ്പും സഞ്ജു സാംസണും :ആനപ്പുറത്ത് ധ്വജസ്തംഭം സ്ഥാപിച്ച്‌ കൊടിയേറ്റിയാണ് കുടമാറ്റം തുടങ്ങിയത്. ഉദയസൂര്യൻ, ശ്രീരാമൻ, ആശ്രാമം കണ്ണൻ, എടുപ്പുകുതിര, കുടയിൽ തട്ട് വിളക്ക്, തുണി തട്ട് കുട, ശിവലിംഗം, താമരയിൽ സരസ്വതി, ചിത്രശലഭം തുടങ്ങിയവ പുതിയകാവ് വിഭാഗം അണിനിരത്തിയപ്പോൾ താമരപ്പൂവിൽ ഗണപതി, ശിവൻ, വേൾഡ് കപ്പ്, സഞ്ജു സാംസൺ, തിരുപ്പതി ഭഗവാൻ, ഗുളികൻ തെയ്യം, കുടം തലയിൽ വച്ചുള്ള ബാവ ഡാൻസ്, എൽ.ഇ.ഡി ലൈറ്റുള്ള ഹനുമാൻ, ഗണപതി എന്നിവ താമരക്കുളം വിഭാഗം ഉയർത്തി. ഇതാണ് കേരള സ്റ്റോറിയെന്ന് ബാലഗോപാൽ :ജാതിമതഭേദമെന്യേ എല്ലാവർക്കും ഒന്നിച്ച് എല്ലാ ആഘോഷങ്ങളും ഒന്നിച്ചു കൊണ്ടാടാൻകഴിയുന്ന സംസ്ഥാനമാണ് കേരളമെന്നും ഇതാണ് കേരള സ്റ്റോറിയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം പൂരത്തിന്റെ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കമ്മിറ്റി വൈസ് ചെയർമാൻ വിജയചന്ദ്രൻ അധ്യക്ഷനായി. മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരങ്ങൾ സമ്മാനിച്ചു. മേയർ എ.കെ. ഹഫീസ്, ദേവസ്വം ബോർഡ് അംഗം കെ. രാജു, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ പോലീസ് മേധാവി എം. ഹേമലത, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയസുകുമാരൻ, ഉപദേശകസമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംസാരിച്ചു എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു കൊല്ലം :കൊല്ലം പൂരത്തിന്റെ ആഘോഷച്ചടങ്ങുകൾക്കായി പുതിയകാവ് ക്ഷേത്രത്തിലെത്തിച്ച ആന ഇടഞ്ഞു. പാപ്പാനെ തട്ടി താഴെയിടുകയും ചില്ലറ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത ആനയെ പിന്നീട് തളച്ചു. ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ എഴുന്നള്ളിപ്പ് ചടങ്ങുകൾ ആരംഭിക്കുന്നതിനായി മൂന്ന് ആനകളെ എത്തിച്ചിരുന്നു. ഇതിൽ ‘പുത്തൻകുളം വിക്രം’ എന്ന ആനയാണ് ഇടഞ്ഞ് പാപ്പാനെ തള്ളി താഴെയിട്ടത്. ആനയെ ക്യാച്ചർ ഉപയോഗിച്ച് തളച്ചശേഷം സ്ഥലത്തുനിന്ന് മാറ്റി. മറ്റൊരാനയെ എത്തിച്ചാണ് ചടങ്ങുകൾ വീണ്ടും തുടങ്ങിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രൗഢഗംഭീര നിറവായി പൊൻപൂരം... — Mathrubhumi | Boolokam | Boolokam