ഫെഡറലിസത്തിന് ജീവനേകി പ്രതിപക്ഷം, ഉറച്ച നിലപാടിൽ പൊലിഞ്ഞ സ്വപ്നം

ഫെഡറലിസത്തിന് ജീവനേകി പ്രതിപക്ഷം, ഉറച്ച നിലപാടിൽ പൊലിഞ്ഞ സ്വപ്നം

സർജിക്കൽ സ്ട്രൈക്കുകളിലാണ് പ്രധാനമന്ത്രി മോദിക്ക് കമ്പം. 2016 ലെ നോട്ട് നിരോധനമായിരുന്നു ആദ്യത്തേത്. ആ പ്രഹരത്തിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇനിയും മോചിതമായിട്ടില്ല. 2019 ൽ രണ്ട് മിന്നൽ പ്രഹരങ്ങളുണ്ടായി- ദേശീയ പൗരത്വ ഭേദഗതി നിയമ (സിഎഎ) വും ജമ്മു-കാശ്മീരിന്റെ വിഭജനവും. മതേതരത്വം അടിസ്ഥാന പ്രമാണമായി കരുതുന്ന ഒരു രാജ്യം മതം അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന വിരോധാഭാസമാണ് സിഎഎയിലുണ്ടായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുന്നതും കേന്ദ്ര ഭരണ പ്രദേശമായി തരം താഴ്ത്തപ്പെടുന്നതുമാണ് ജമ്മു - കാശ്മീരിൽ സംഭവിച്ചത്. To advertise here, മണ്ഡലപുനർനിർണ്ണയവുമായി കൂട്ടിക്കെട്ടി അവതരിപ്പിച്ച വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ അധികാരം നിലനിർത്തുന്നതിനുള്ള ബിജെപിയുടെ ശ്രമമായി കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല. ബിജെപിക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഹിന്ദി ഹൃദയ ഭൂമിയിൽ ലോക്സഭാംഗങ്ങളുടെ എണ്ണം 38.1 ശതമാനത്തിൽ നിന്ന് 43.1 ശതമാനമായി വർദ്ധിക്കും. അതേ സമയം ബിജെപിക്ക് ഇപ്പോഴും ദുർഘടമായി തുടരുന്ന ദക്ഷിണേന്ത്യയിൽ ലോകസഭാംഗങ്ങളുടെ എണ്ണം 24.3 ശതമാനത്തിൽ നിന്ന് 20.7 ശതമാനമായി കുറയും. ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഢ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡെൽഹി എന്നിവയുൾപ്പെടുന്ന ഹിന്ദി ഹൃദയ ഭൂമിപി പിടിച്ചാൽ ഇന്ത്യയുടെ ഭരണം എന്നെന്നേയ്ക്കുമായി കൈയ്യിലിരിക്കും എന്നായിരുന്നു ബിജെപിയുടെ സ്വപ്നം. ബിജെപിയുടെ അജണ്ട പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിൽ ആ സ്വപ്നം പൊലിഞ്ഞു. ബിൽ പാർലമെന്റിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്തിനായിരിക്കണം ഇങ്ങനെയൊരു പൊറാട്ട് നാടകത്തിന് മോദിയും ഷായും ഒരുങ്ങിയത്. വനിതാ സംവരണ നിയമം 2023 ൽ പാർലമെന്റ് പാസ്സാക്കിയതാണ്. ഈ നിയമം നടപ്പാക്കണമെന്ന് മോദി സർക്കാരിന് നിർബ്ബന്ധമുണ്ടായിരുന്നെങ്കിൽ ഇതിനെ മണ്ഡലപുനർനിർണ്ണയവുമായി കൂട്ടിക്കെട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ 33 ശതമാനം വനിതകൾക്കായി മാറ്റിവെയ്ക്കാമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. അപ്പോൾ പിന്നെ വനിതാ സംവരണം നടപ്പാക്കുക എന്നതായിരുന്നില്ല മോദിയുടെയും ബിജെപിയുടെയും അജണ്ട. വനിതാ സംവരണ നിയമം നടപ്പാക്കാനല്ല മറിച്ച് നടപ്പാക്കാതിരിക്കാൻ എന്താണ് വഴിയെന്നായിരിക്കാം മോദി - ഷാ ദ്വയം ആലോചിച്ചത്. ബിൽ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം പ്രതിപക്ഷത്തിന്റെ മുതുകിൽ വെച്ചു കെട്ടാം. വനിതകളെ വഞ്ചിക്കുന്നവർ എന്ന് രാഹുൽ ഗാന്ധിയേയും കൂട്ടരേയും മുദ്ര കുത്താം. അതിന്റെ ഭാഗമായാണ് ബിൽ പാസ്സാക്കിയിയില്ലെങ്കിൽ ഇന്ത്യൻ വനിതകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല എന്ന് പ്രധാനമന്ത്രി ആമുഖമായി പറഞ്ഞത്. പ്രതിപക്ഷം ഈ കെണിയിൽ വീണില്ല. ബില്ലിലെ അപകടങ്ങൾ അവർ കൃത്യമായി തിരിച്ചറിഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർദ്ധിപ്പിക്കാം എന്ന അമിത് ഷായുടെ പ്രലോഭനവും അവർ മറികടന്നു. മണ്ഡലപുനർനിർണ്ണയം മരവിപ്പിക്കണമെന്ന അടിസ്ഥാന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ബിജെപിയുടെ മനക്കോട്ടകൾ പാർലമെന്റിലെ അനിതരസാധാരണമായ ജനാധിപത്യ ചെറുത്തു നിൽപിനു മുന്നിൽ തകർന്നടിഞ്ഞു. ഇന്ദിരയും വാജ്പേയിയും തെളിച്ച വഴി എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തങ്ങൾക്കനുകൂലമായി മാറ്റി വരയ്ക്കാനുള്ള സുവർണ്ണാവസരമാണ് മണ്ഡല പുനർനിർണ്ണയം എന്ന് ബിജെപിക്കറിയാം. ജനസംഖ്യയിലുണ്ടായ മാറ്റമാണ് പുനർ നിർണ്ണയത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1976 ൽ ഇന്ദിരാ ഗാന്ധി സർക്കാരും 2002 ൽ വാജ്പേയി സർക്കാരും പക്ഷേ, ഇതിന് തയ്യാറായില്ല. മണ്ഡല പുനർനിർണ്ണയം മരവിപ്പിക്കാനാണ് അന്ന് ഈ സർക്കാരുകൾ ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ നിയന്ത്രണമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വലിയ വെല്ലുവിളികളിൽ ഒന്ന്. ദക്ഷിണേന്ത്യയാണ് ഇക്കാര്യത്തിൽ ബഹുദൂരം മുന്നേറിയത്. നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം കേരളവും തമിഴ്നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദക്ഷിണേന്ത്യ മികവ് പുലർത്തിയതിന് പിന്നിൽ ഈ ആസൂത്രണത്തിന് നിർണ്ണായക പങ്കുണ്ടായിരുന്നു. ജനസംഖ്യയുടെ കാര്യത്തിൽ ദേശീയ നയം ആത്മാർത്ഥമായിപി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നുള്ള ബോദ്ധ്യമാണ് ഇന്ദിരാ ഗാന്ധിയേയും വാജ്പേയിയേയും നയിച്ചത്. വേണം സംഭാഷണം മണ്ഡല പുനർ നിർണ്ണയത്തൽ വിവിധ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ കേൾക്കാതെ തികച്ചും ഏകപക്ഷീയമായാണ് ബിജെപി സർക്കാർ ഭരണഘടനാ ഭേദഗതി നിയമം കൊടണ്ടുവന്നത്. ഇത്രയും സുപ്രധാനമായ ഒരു ബിൽ അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷവുമായും വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും മോദി സർക്കാർ ചർച്ച നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. മണ്ഡല പുനർ നിർണ്ണയം അത്യധികം സങ്കീർണ്ണമായ പ്രക്രിയയാണ്. ബുൾഡോസർ കൊണ്ട് വീടുകൾ ഇടിച്ചു നിരത്തുന്നതുപോലെ ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപിക്കേണ്ടതല്ല മണ്ഡല പുനർ നിർണ്ണയം. ജനസംഖ്യാ നിയന്ത്രണത്തിൽ ബഹുദൂരം മുന്നേറിയ കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനുള്ള അംഗീകാരം അർഹിക്കുന്നില്ലേ? ജനസംഖ്യയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ ജനസംഖ്യ നിയന്ത്രിച്ചതും കണക്കിലെടുക്കണം. ജനസംഖ്യ നിയന്ത്രിച്ചതിന് കൂടുതൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങൾ അനുവദിക്കണം. അങ്ങിനെ വരുമ്പോൾ കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഇതൊന്നും എളുപ്പത്തിൽ ചെയ്യാനാവില്ല. സംസ്ഥാനങ്ങളുമായി കൃത്യമായ ആശയവിനിമയം നടക്കണം. ശരിക്കും സമയമെടുക്കുന്ന പ്രക്രിയയാണിത്. മണ്ഡല പുനർ നിർണ്ണയ കമ്മീഷൻ പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത് ഇതാണ്. അതുവരെ മണ്ഡല പുനർ നിർണ്ണയം മരവിപ്പിക്കണം. ഇന്ദിരാ സർക്കാരും വാജ്പേയി സർക്കാരും സഞ്ചരിച്ച വഴിയിലൂടെ നീങ്ങുന്നതാണ് മോദി സർക്കാരിനും അഭികാമ്യം. ബിജെപിയുടെ ഭരണം എന്നെന്നേയ്ക്കുമായി നിലനിർത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ആലോചിക്കുക സ്വാഭാവികമാണ്. പക്ഷേ, അതിലേക്കുള്ള യാത്ര ഫെഡറലിസത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിക്കൊണ്ടായാൽ ബാക്കിയാവുന്നതിനെ ഇന്ത്യ എന്ന് വിളിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. Content Highlights: Analysis of the BJP's 2026 strategy to link delimitation with electoral gains., Opposition's role in protecting federal principles against central dominance., The historical context of population control and its impact on South Indian states., Critique of the exclusionary nature of the current legislative approach. Published: 21 Apr 2026, 09:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫെഡറലിസത്തിന് ജീവനേകി പ്രതിപക്ഷം, ഉറച്ച നിലപാടിൽ പൊലിഞ്ഞ സ്… | Boolokam