ബധിരലോകത്തിന് ആരു നൽകും കേൾവിയന്ത്രം?

ബധിരലോകത്തിന് ആരു നൽകും കേൾവിയന്ത്രം?

M
MathrubhumiSource Link
അ റുപതുകൊല്ലങ്ങൾക്കു മുൻപ് കേരളത്തിലെ രണ്ടാം പാഠപുസ്തകത്തിൽ ഒരു വാചകമുണ്ടായിരുന്നു 'ഹരിയും സിംഹവും ഒന്നുതന്നെ' എന്ന്. സിംഹത്തിന്റെ പര്യായപദമായി ഹരി എന്ന വാക്കും കൂടി പഠിപ്പിക്കാനായിരുന്നു അത്. ഇന്നും മറക്കാതെ ആ വാചകം മനസ്സിൽ നിൽക്കുന്നു. പര്യായമെന്ന പദത്തിന് വിവിധ അർഥങ്ങൾ തരുന്ന ശബ്ദതാരാവലി നമുക്ക് നൽകുന്ന മറ്റൊന്നുകൂടിയുണ്ട്, 'പര്യായമെന്നത് ഒരു വസ്തു ഒന്നിനെ വിട്ട് മറ്റൊന്നിനെ എന്ന മുറയ്ക്ക് പല വസ്തുക്കളെ പ്രാപിക്കുന്നതായോ, പല വസ്തുക്കൾ ഓരോന്നോരോന്നായി ഒന്നിനെ പ്രാപിക്കുന്നതായോ പറയുന്നത്' ആണെന്ന്. ഇതിന്നുദാഹരണമായി ഭാഷാഭൂഷണകാരൻ പറയുന്നത് ഇതാണ്-'അന്തിക്കു കമലം വിട്ടു കാന്തി ചെന്നിതു ചന്ദ്രനിൽ'. രാത്രിയായപ്പോൾ കാന്തി താമരപ്പൂവിൽ നിന്നും ചന്ദ്രനിലേക്ക് ചേക്കേറുന്നതാണ് പര്യായം എന്ന്. അടുത്ത കാലത്ത് മലയാളത്തിൽ അൻവർ അലി എഴുതിയ കവിതയിൽ ഗാന്ധിയിലേക്ക് ചേക്കേറുന്ന കാന്തിയെക്കുറിച്ച് പറയുന്നുണ്ട്. കാന്തിയുടെ പര്യായപദമായി ഗാന്ധി മാറുകയാണ്. To advertise here, ഹിംസയുടെ പര്യായത്തെക്കുറിച്ചാണ് ഈ ആഴ്ച ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഹിംസ എങ്ങനെയാണ് ഒന്നിനെ വിട്ട് മറ്റൊന്നിനെ പ്രാപിക്കുന്നത് എന്ന് ആലോചിക്കാനുള്ള ശ്രമമാണ്. ഇസ്രയേൽ-അമേരിക്ക-ഇറാൻ യുദ്ധം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഇസ്രയേലിലും ഇറാനിലും നടന്ന രണ്ടു സമാനസംഭവങ്ങളുടെ അഗാധമായ ഇരുട്ടിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ആ ഇരുട്ട് ഒരു മുറിയിൽ നിന്നും പുറത്തു കടക്കുമ്പോൾ തീരുന്ന ഒന്നല്ല. അത് ചിന്തകളുടെ സർവഗ്രഹങ്ങളേയും ആകാശഗംഗകളേയും പുതച്ചുകിടക്കുന്ന അനുക്ഷണവികസ്വരമായ അഗാധാന്ധകാരമാണ്. മാർച്ച് മുപ്പതാം തീയതി ഇസ്രയേൽ പാർലമെന്റ് പുതിയ ഒരു നിയമം പാസാക്കി. ആ രാജ്യത്തിന്റെ സേന കയ്യേറി കയ്യടക്കി വെച്ചിരിക്കുന്ന വെസ്റ്റ് ബാങ്ക് പ്രദേശത്തെ തദ്ദേശവാസികളായ പലസ്തീനികൾ ഏതെങ്കിലും തരത്തിൽ പ്രതിഷേധിച്ചു എന്ന് സൈനിക കോടതിക്ക് തോന്നിയാൽ ഉടൻ വധശിക്ഷയ്ക്കു വിധേയമാക്കാൻ അനുമതി നൽകുന്ന നിയമമാണിത്. ഒരു രാജ്യത്ത് ഒരു വംശത്തിൽപ്പെട്ട ആളുകൾക്കുവേണ്ടി മാത്രം ഒരു പ്രത്യേക വധശിക്ഷാനിയമം എന്നതാണിത്. അതും അധിനിവേശക്കാർ കൊണ്ടുവന്ന നിയമവും. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ബ്രിട്ടീഷ് കഴുമരത്തിന്റെ ഇസ്രയേൽ പര്യായമാണിത്. ഒന്ന് മറ്റൊന്നിനെ പ്രാപിക്കുന്നതാണിത്. എന്നാൽ ഈ നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കുന്നതിന് പന്ത്രണ്ടു ദിവസങ്ങൾക്കു മുൻപ് ഇറാനിൽ വേറൊരു പര്യായമുണ്ടായി. രാജ്യത്ത് ഇസ്രയേലും അമേരിക്കയും ബോംബുകൾ വർഷിക്കുന്ന സമയം ഇറാൻ സ്വന്തം നാട്ടുകാരായ മൂന്നുപേരെ തൂക്കിക്കൊന്നു. അതിലൊരാൾ ഒരു കൗമാരക്കാരനായിരുന്നു. അന്യരാജ്യങ്ങൾ ഇറാനിൽ നടത്തുന്ന ഹിംസ അതിൽ നിന്നും വിട്ട് മറ്റൊന്നിൽ പ്രവേശിക്കുന്ന പര്യായയാത്രയാണിത്. ഇസ്രയേൽ കൊണ്ടുവന്ന പുതിയ വധശിക്ഷാനിയമവും ഇറാനിലെ കൗമാരവധവുമാണ് ഞാൻ പറയാനുദ്ദേശിക്കുന്ന, ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കുന്ന നിലയറ്റ ഇരുട്ട്. അതിസങ്കീർണമായ ജീവിതം നയിച്ച റഷ്യൻ എഴുത്തുകാരൻ അലക്‌സാണ്ടർ സോൾഷെനിത്സിൻ സ്റ്റാലിനെയും റഷ്യൻ വിപ്ലവത്തെയും ഹിംസയുടെ പേരിൽ വിമർശിച്ചു. അതിന് ജയിൽ ശിക്ഷ അനുഭവിച്ചു. നാടുകടത്തപ്പെട്ട് പാശ്ചാത്യലോകത്തെത്തിയ അദ്ദേഹം അവിടുത്തെ ഹിംസാധിഷ്ഠിതമായ മൂല്യവ്യവസ്ഥകളേയും വിമർശിച്ചു. ഹിംസയുടെ രണ്ടു പര്യായങ്ങളുടെ ഇടനാഴിയിലൂടെയുള്ള ഒരു കിഴക്കൻ ഓർത്തോഡോക്സ് ക്രിസ്ത്യൻ മനസ്സിന്റെ പീഡാനുഭവമായിരുന്നു അവസാനകാല സോൾഷെനിത്സിൻ ജീവിതം. അദ്ദേഹം ഹിംസയെക്കുറിച്ച് ഒരിക്കൽ പറഞ്ഞ വാചകം പെട്ടെന്ന് ഓർമയിൽ വരുന്നു, 'Violence can only be concealed by a lie, and the lie can only be maintained by violence'. ഹിംസയെ ഒരു നുണകൊണ്ടുമാത്രമേ മൂടിവെയ്ക്കാൻ കഴിയൂ. ഒരു നുണയെ സംരക്ഷിച്ചുനിർത്താൻ ഹിംസ കൊണ്ടുമാത്രമേ കഴിയൂ'. ഹിംസയിൽ നിന്നും നുണയിലേക്ക് ഒരു പര്യായയാത്രയുണ്ട്, തിരിച്ചും. മനുഷ്യചരിത്രത്തിലെ ആ ഹിംസ-നുണ ഇരുൾവഴിയാത്രയുടെ ഭാഗമാണ് ഇസ്രയേലിലെ പുതിയ നിയമവും നാട്ടിൽ അന്യരാജ്യങ്ങൾ യുദ്ധം നടത്തിക്കൊണ്ടിരിക്കുമ്പോൾ സ്വന്തം നാട്ടുകാരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയതും. വൈലോപ്പിള്ളി എഴുതിയ രണ്ടുവരികൾ ഉണ്ട് . 'നന്മ നട്ടു ഞാൻ മുള്ളു– കൊയ്തതും ഞാനേറ്റവും നമ്പിയ മണിത്തത്ത- യെൻ കരളറുത്തതും' ഇറാനിലെ ഭരണകൂടം സലേ മൊഹമ്മദ് എന്ന കൗമാരക്കാരന്‍റെ കരളറുത്ത് തൂക്കിക്കൊന്നപ്പോൾ അവൻ നാട്ടിൽ നന്മ നട്ടിട്ട് കൊയ്തത് മുള്ളായി മാറുകയായിരുന്നു. സുഹൃത്തേ, ശുഭസൂചകമായി എന്തുണ്ട് ഈ ലോകത്തിൽ ഉന്മേഷഭരിതമായി മുന്നോട്ടുനോക്കുവാൻ? ഇറാനിലെ നവവർഷം ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു മൂന്ന് യുവാക്കളെ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ഇറാനിലാകമാനം ഉണ്ടായ സർക്കാർ വിരുദ്ധ പ്രകടനങ്ങൾക്കുശേഷം പതിനായിരക്കണക്കിനാളുകളാണ് അവിടെ തടവിൽ കിടക്കുന്നത്. അതിൽ മൂന്നുപേരെയാണ് ഇപ്പോൾ വധിച്ചിരിക്കുന്നത്. വരാൻ പോകുന്ന നിരവധി 'നിയമാനുസൃത' കൊലകളുടെ തുടക്കമായി ലോകനീതിസംഘങ്ങൾ ഇതിനെ വിലയിരുത്തുന്നു. ഈ വധശിക്ഷ പൊതുജനമധ്യത്തിലാണ് നടപ്പിലാക്കിയത്. അപ്പോൾ അവർക്കു മുകളിലൂടെ ഇസ്രയേൽ-അമേരിക്ക മിസൈലുകൾ ലക്ഷ്യവേധികളായി പായുന്നുണ്ടായിരുന്നു. ഹിംസയുടെ രണ്ടു പര്യായങ്ങൾക്കിടയിലൂടെ പായുന്ന ആർത്തനാദമാണ് ഇറാനിയൻ ജീവിതം. ഈ ലേഖനം ഇസ്രയേൽ-അമേരിക്കാ സഖ്യം നടത്തുന്ന യുദ്ധത്തെ ശക്തമായി അപലപിക്കുമ്പോഴും കൊല്ലപ്പെട്ട കൗമാരക്കാരൻ സലേ മൊഹമ്മദ് മരിക്കുമ്പോൾ വിളിച്ചിരിക്കാനിടയുള്ള 'ഉമ്മാ' എന്ന നിലവിളിയുടെ കണ്ണീരിൽ ജ്ഞാനസ്നാതമാകാൻ ആഗ്രഹിക്കുന്നു. മനുഷ്യനുമായുള്ള നിരുപാധിക ഉടമ്പടിയുടെ ഭാഗമാണിത്. വധശിക്ഷ ധാർമികമായി എതിർക്കപ്പെടേണ്ട ഒന്നാണ്. അത്തരം ആശയപരമായ മൗലികനിലപാടുകൾ പലപ്പോഴും പ്രയോഗികമായിരിക്കില്ല. മഹാത്മാഗാന്ധി പോലും ഭഗത് സിങ്ങിന്റെ വധശിക്ഷയെ എതിർത്തത് രാഷ്ട്രീയമായ കാരണത്താൽ ആയിരുന്നു, ധാർമികമായി അദ്ദേഹം അതിനെ എതിർത്തില്ല എന്നാണെന്റെ തോന്നൽ. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമത്തിനനുസരിച്ച്, ആ ആനുകൂല്യങ്ങൾ അനുഭവിച്ച് ജീവിക്കുമ്പോൾ അവരുടെ നിയമങ്ങളും അനുസരിക്കണമെന്ന വാദമായിരുന്നു നിസ്സഹകരണപ്രസ്ഥാനത്തിന് മുൻപുവരെ ഗാന്ധിജി പുലർത്തിയത്. അഹിംസാത്മകമായിരുന്ന നിസ്സഹകരണസമരത്തിന്റെ മേൽ കയറിൽ കുരൽ മുറുകിയ ഭഗത് സിങ്ങിന്റെ പിടച്ചിൽ ഒരൂന്നൽ ആയി. തിങ്കളാഴ്ച ഇസ്രയേലിന്റെ സെനറ്റ് പാസാക്കിയ നിയമം പലസ്തീനികൾക്കിടയിൽ മാത്രം ഫലപ്രദമായി ബാധകമാകുന്ന വിധത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. അവിടുത്തെ മനുഷ്യാവകാശഗ്രൂപ്പുകൾ, ലോകമാകമാനമുള്ള നിയമ പണ്ഡിതന്മാർ, അന്താരാഷ്ട്ര നീതിന്യായ കോടതി ഇങ്ങനെ പലരും വർണവിവേചനത്തിന് തുല്യമായ നിയമമായി ഇതിനെക്കാണുന്നു. ഇവിടെ നമ്മെ ഞെട്ടിപ്പിക്കുന്ന അസമത്വമെന്തെന്നു ചോദിച്ചാൽ വെസ്റ്റ് ബാങ്കിൽ ഒരു പലസ്തീനിയെ കൊല്ലുന്ന ഇസ്രയേലുകാരൻ കുറ്റക്കാരനല്ല, അതിനാൽ ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നതുമില്ല എന്നതാണ്. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിനുശേഷം സർക്കാർ പിന്തുണയുള്ള ഇത്തരം കൊലപാതകങ്ങൾ വെസ്റ്റ് ബാങ്കിൽ ക്രമാതീതമായി. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം ലോകമറിയാതെ ഈ കൊലപാതകങ്ങൾ വർധമാനമായിരിക്കുകയുമാണ്. ഇറാനിലെ വധശിക്ഷകൾ ലോകരാഷ്ട്രീയത്തിലെ കോയ്മകൾ കാരണം കൂടുതൽ മാധ്യമശ്രദ്ധ നേടാറുണ്ടെങ്കിലും ഇറാൻ ഭരണകൂടത്തെ അതൊന്നും ബാധിക്കാറേയില്ല. ഹിജാബ് ധരിക്കാത്തതിനാൽ തടവിലാക്കപ്പെട്ട ഇരുപത്തിരണ്ടുകാരി മഹ്‌സ ജിന അമിനി 2022ൽ മരിച്ചതിനുശേഷമുള്ള മൂന്ന് വർഷങ്ങൾക്കിടയിൽ കുറഞ്ഞത് 2,910 പേരെയെങ്കിലും ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് 2025 സെപ്റ്റംബർ 16ന് ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇറാനെ തീർത്തും നശിപ്പിക്കാനുതകുന്ന യുദ്ധം നടക്കുമ്പോഴും ഭരണകൂടത്തിന്റെ ആഭ്യന്തരഹിംസകൾ നടന്നുകൊണ്ടേയിരിക്കുന്നു എന്നത് നിരാലംബരായ മനുഷ്യരുടെ ദുർവിധികളെക്കുറിച്ച് ആശങ്കാകുലരാകുന്നവരുടെ മനസ്സുകളെ അടിമുടി ഉലയ്ക്കുകയാണ്. അപ്പോൾ ഭൂമിയുടെ വിളി കേൾക്കാനുള്ള യന്ത്രം ഈ ബധിരമനുഷ്യകുലത്തിന് ആരുതരും? ലോകാധികാരത്തിന്റെ അസഹനീയമായ അശ്ലീലം ഉറഞ്ഞുകൂടിയ മുഖത്തിനുടമയായ ഡൊണാൾഡ് ട്രമ്പ് മനുഷ്യരാശിയെ അപമാനിക്കുമ്പോൾ, നിരവധി പര്യായങ്ങളിലൂടെ ഹിംസ ലോകാന്തരയാത്രകൾ തുടരുമ്പോൾ, ഒരു കവിതയെ ഉദ്ധരിച്ച് ഈ ലക്കം ആഴ്ചപ്പാടുകൾ പിൻവാങ്ങുന്നു. പി. രാമൻ എഴുതിയതാണ് 'ഭൂമിയുടെ ചെവി' എന്ന ഈ ചെറിയ കവിത. ശവമെടുക്കാൻ വൈകിയപ്പോൾ ചെവിയിൽ നിന്നെന്തോ അനങ്ങും പോലെ തോന്നി. പഞ്ഞി തിരുക് , ആരോ പറഞ്ഞു. പഞ്ഞി തിരുകി. ശവമെടുത്തു. അടക്കുകഴിഞ്ഞ് കുളിച്ചു വന്നു. ആളൊഴിഞ്ഞ നിലത്ത് ഒരു ചുകന്നമുത്തുമണി. അതിന് എല്ലാം കേൾക്കാം. ഒരു കേൾവിയന്ത്രമായ് ഞാനതെടുത്തു ചെവിയിൽ വെച്ചപ്പോൾ എനിക്കുമെല്ലാം കേൾക്കാം വൈലോപ്പിള്ളിയെപ്പോലെ, പി. രാമനെപ്പോലെ ഒരു കവി NASA യിൽ ഉണ്ടെന്നു തോന്നുന്നു. Artemis II എന്ന അടുത്ത ചാന്ദ്രപേടകത്തിൽ ആദ്യമായി ചന്ദ്രനിലേക്ക് കുതിക്കുന്ന ഒരു സ്ത്രീ, ഒരു കറുത്തവർഗക്കാരൻ എന്നിവരുണ്ട്. ഭൂമി കരയുമ്പോഴും ചന്ദ്രനെങ്കിലും ചിരിക്കട്ടെ-'ഇതുപോലൊരു ശുക്ല-ദ്വാദശിരാവിൽ ചന്ദ്രൻ ചിരിച്ചതോർക്കുന്നീലേ?'

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബധിരലോകത്തിന് ആരു നൽകും കേൾവിയന്ത്രം? — Mathrubhumi | Boolo… | Boolokam