കുറുപ്പന്തറ ബസ്സ്റ്റാൻഡിൽ ബസുകൾ കയറാനുള്ള നടപടികൾ വേഗത്തിലാക്കണം To advertise here, കുറുപ്പന്തറ : ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുന്ന കുറുപ്പന്തറ ബസ് സ്റ്റാൻഡിൽ വീണ്ടും ബസുകൾ കയറാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കാതായിട്ട് എട്ടുമാസമായി. ലോറികൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കുമുള്ള പാർക്കിങ് ഗ്രൗണ്ടാക്കി സ്റ്റാൻഡിനെ മാറ്റിയതിനെതിരേ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറുപ്പന്തറ ഗ്രാമവികസനസമിതി ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതായി വൈസ് പ്രസിഡന്റ് സിജു തെങ്ങുംപള്ളിൽ പറഞ്ഞു. കോടതി ഹർജി ഫയലിൽ സ്വീകരിച്ച് പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ് അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതായും സിജു പറഞ്ഞു. ഏറ്റുമാനൂർ-എറണാകുളം പ്രധാന പാതയിലാണ് സ്റ്റാൻഡുള്ളത്. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടന്നിരുന്ന സ്റ്റാൻഡിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒന്നരവർഷം മുമ്പാണ് ബസുകൾ കയറാൻ തുടങ്ങിയത്. സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ ഓടയുടെ മുകളിലിട്ടിരുന്ന കോൺക്രീറ്റ് സ്ലാബുകൾ തകർന്നുപോയതോടെയാണ് ബസുകൾ വീണ്ടും സ്റ്റാൻഡിൽ പ്രവേശിക്കാതായത്. പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്തുവകുപ്പ് കോൺക്രീറ്റ് സ്ലാബ് മാറ്റി മെറ്റൽ സ്ലാബുകൾ സ്ഥാപിച്ചെങ്കിലും ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറാൻ ഇപ്പോഴും തയ്യാറാകുന്നില്ല. ബസുകൾ നിർത്തുന്നത് പുറത്ത് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ പുറത്ത് പ്രധാന റോഡിൽ നിർത്തിയാണ് നിലവിൽ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് യാത്രക്കാർക്ക് ബുദ്ധിമുണ്ടാക്കുന്നു. കൃത്യമായ സ്ഥലത്തല്ലാതെ ബസുകൾ നിർത്തുന്നതിനാൽ വാഹനത്തിൽ കയറിക്കൂടാനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട സ്ഥിതിയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. സ്റ്റാൻഡിന്റെ ഉൾഭാഗത്തെ ടാറിങ് തകർന്നു കുണ്ടുംകുഴിയുമായി. പ്രവേശനകവാടവും പുറത്തേക്കിറങ്ങുന്ന ഭാഗവും തകർന്നുകിടക്കുകയാണ്. മെറ്റലും ടാറിങ്ങും ഇളകിയതോടെ വലിയ കുഴികളാണ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്നത്. സ്റ്റാൻഡിന് ഉൾഭാഗം മാഞ്ഞൂർ പഞ്ചായത്തും പ്രവേശനകവാടത്തിനോടു ചേർന്നുള്ള പുറഭാഗം പൊതുമരാമത്ത് വകുപ്പുമാണ് നന്നാക്കേണ്ടത്.

