കൊച്ചി: ഭാരതം അമൃതകാലത്തിലേക്ക് പ്രവേശിക്കുമ്പോൾ നേതൃത്വം നൽകാനുള്ള മഹത്തരമായ ദൗത്യമാണ് ബാലഗോകുലം നിർവഹിക്കുന്നതെന്ന് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ. To advertise here, ലളിതമായി തുടങ്ങിയ ബാലഗോകുലം മൂല്യങ്ങളും മികവും അറിവും നേടുന്ന വലിയ പ്രസ്ഥാനമാണിന്ന്. 2047-ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയെത്തുമ്പോൾ വികസിത ഭാരതമായിത്തീരുക എന്ന സ്വപ്നം പ്രധാനമന്ത്രിയുടേതു മാത്രമല്ല, എല്ലാവർക്കും അതിൽ പങ്കാളിത്തമുണ്ടാകണം. അക്കാലത്ത് ഞാനുണ്ടാകുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ ശിബിരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതിനു സാക്ഷ്യം വഹിക്കാനാകും-ഗവർണർ പറഞ്ഞു. ബാലഗോകുലം സ്ഥാപകനായ എം.എ. കൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഗവർണർ ശിബിരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യസമരത്തിലെ അഭിമാനമന്ത്രമായ വന്ദേമാതരം ചൊല്ലാൻപോലും നിയന്ത്രണമുള്ള കാലത്താണ് നാം കേരളത്തിൽ ജീവിക്കുന്നതെന്നും ദേശത്തിന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നതിൽ ബാലഗോകുലം മുന്നിലുണ്ടാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ലോകത്തിനോട് ഭാരതത്തിന്റെ മൂല്യത്തെയും സംസ്കാരത്തെയും കുറിച്ച് പറയാൻ നമുക്കു കഴിയണം. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബാല്യം വളർന്നുവരണമെന്നതാണ് 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമെന്നും നന്ദകുമാർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ, ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, സംസ്ഥാനസമിതി അംഗം ആർ. സുധാകുമാരി, ആദിത്യൻ, തസ്മൈ പി.ആർ., ഉണ്ണികൃഷ്ണൻ, സത്യൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ സെക്രട്ടറി ബി. പ്രകാശ് ബാബു സ്വാഗതവും ജില്ലാ സെക്രട്ടറി എം. നവീൻ നന്ദിയും പറഞ്ഞു.
