കാസർകോട് : വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ പരിഹരിച്ച് ബാവിക്കര പദ്ധതിയിലെ കുടിവെള്ളവിതരണം പൂർണതോതിൽ ഉടൻ ആരംഭിക്കണമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ നടത്തിയ ജില്ലാ വരൾച്ച അവലോകനയോഗത്തിലാണ് കേരള ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജനീയർക്ക് നിർദ്ദേശം നൽകിയത്. To advertise here, കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പുവരുത്തണമെന്നും കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയരക്ടറെ ചുമതലപ്പെടുത്തി. ഉന്നതികളിൽ കുടിവെള്ളം ഉറപ്പാക്കണമെന്ന് പട്ടികവർഗ വികസന ഓഫീസർക്ക് നിർദേശം നൽകി. അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപുതന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കാനും കളക്ടർ നിർദേശിച്ചു. എം.സി.സി. നിയന്ത്രണങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയിൽ വേനൽ കടുത്തതോടെ കുടിവെള്ളവിതരണവും ആരോഗ്യസുരക്ഷാ നടപടികളും ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിൽ അടിയന്തരമായി പ്രശ്നപരിഹാരം കാണാനും കളക്ടർ നിർദേശിച്ചു. ജില്ലയിലെ ഭൂഗർഭ ജലനിരപ്പിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജലസ്രോതസുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധനൽകണം. വിദ്യാനഗർ ഉൾപ്പെടെയുള്ള മേഖലകളിലെ പമ്പിങ് തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഏകോപിതമായി പ്രവർത്തിക്കണം. തകരാറിലായ കേബിളുകളും വാൽവുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കാനും കളക്ടർ ഉത്തരവിട്ടു. ആരോഗ്യമേഖലയിൽ പ്രത്യേക ജാഗ്രതപാലിക്കാനും യോഗം നിർദേശിച്ചു. സൂര്യാഘാത-താപ സാധ്യത കണക്കിലെടുത്ത് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കും. വാർഡ് തലത്തിൽ ആർ.ആർ.ടി. ഗ്രൂപ്പുകൾ വഴി പൊതുജനങ്ങൾക്കും പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവർക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ. അറിയിച്ചു. എല്ലാ ഓഫീസുകളിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കർശനമായി നടത്താനും കളക്ടർ നിർദ്ദേശിച്ചു എ.ഡി.എം. കെ.വി. ശ്രുതി, ഡിവൈ.എസ്.പി. എം. സുനിൽകുമാർ, അജയ് കെ. രാജ്, ജയ്‌സൺ മാത്യു, പി. രാഘവേന്ദ്ര, കെ. മൂസ, ജോസ് മാത്യു, കെ.വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

ബാവിക്കര പദ്ധതിയിലെ കുടിവെള്ളവിതരണം പൂർണതോതിൽ ഉടൻ പുനരാരംഭിക്കണം -കളക്ടർ
M
MathrubhumiSource Link
17 days ago