ബിജെപിയും കേരളവും | വഴിപോക്കൻ

ബിജെപിയും കേരളവും | വഴിപോക്കൻ

M
MathrubhumiSource Link
വഴിപോക്കൻ Last Updated: 30 Mar 2026, 05:13 pm IST കേരളത്തിന്റെ മനസ്സും ഭാവനയും പിടിക്കണമെങ്കിൽ ബിജെപിക്ക് ഹിന്ദുത്വയുടെ വഴിയിൽനിന്ന് മാറി നടക്കേണ്ടി വരുമെന്നൊരു നിരീക്ഷണമുണ്ട്. ഇത്തരമൊരു പരീക്ഷണത്തിന് ബിജെപി തയ്യാറാവുമോ എന്നത് ഒരു ട്രില്യൺ ഡോളർ ചോദ്യമാണ്. വരുന്ന മെയ് നാലിന് കേരളത്തിന്റെ വിധിയെഴുത്ത് വ്യക്തമാവുമ്പോൾ ഒരുപക്ഷേ, ഈ ചോദ്യവുമായി ബിജെപിക്ക് വീണ്ടും മുഖാമുഖം നിൽക്കേണ്ടി വന്നേക്കും. രാജീവ് ചന്ദ്രശേഖർ 35 സീറ്റ് പിടിക്കാനായാൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് 2021-ൽ അന്നത്തെ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ആ ്രപതീക്ഷ പക്ഷേ, പൂവണിഞ്ഞില്ല. കൈയിലുണ്ടായിരുന്ന നേമം സീറ്റ് കൂടി കൈവിട്ടുപോകുന്ന ദയനീയ കാഴ്ചയാണ് ബിജെപിയെ കാത്തിരുന്നത്. മൂന്ന് വർഷത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പക്ഷേ, എതിരാളികളെ ഞെട്ടിച്ചു. തൃശ്ശൂരിൽ സരേഷ് ഗോപിയുടെ വിജയം ഇടതു മുന്നണിക്കും യുഡിഎഫിനും ഒരു പോലെ അപ്രതീക്ഷിത പ്രഹരമായി. കഴിഞ്ഞ വർഷം നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ പിടിക്കാനായെങ്കിലും ബിജെപിയുടെ വോട്ടുവിഹിതം 19.26 ശതമാനത്തിൽനിന്ന് 14.76 ശതമാനമായി കുറഞ്ഞു. To advertise here, ഇക്കുറി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൂടുതൽ ശ്രദ്ധിക്കുന്നത് ബംഗാളിലാണെന്ന് തോന്നുന്നു. ബിജെപി പഴയ ബിജെപിയല്ല എന്നതിൽ സംശയമില്ല. നേരത്തെ സ്വീകാര്യത ഇല്ലാതിരുന്ന പല ഇടങ്ങളിലും ബിജെപി ഇന്ന് കേരളത്തിൽ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ക്രമാനുഗതമായ വളർച്ച തീർച്ചയായും ദൃശ്യമാണ്. പക്ഷേ, ഭരണം പിടിക്കുമെന്ന് ഉദ്ഘോഷിക്കുമ്പോഴും നിയമസഭയിൽ പ്രതിപക്ഷ നിരയിലെങ്കിലും സാന്നിദ്ധ്യം ഉറപ്പിക്കുന്നത് എങ്ങിനെ എന്നാവും ഉള്ളിന്റെയുള്ളിൽ ബിജെപി ആലോചിക്കുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ താമര വിരിയിക്കുക എന്നത് എത്രമാത്രം പ്രയാസകരമായ ദൗത്യമാണെന്ന് രാജീവ് ചന്ദ്രശേഖർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ദിനങ്ങളായിരിക്കും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ സംഘത്തിന്റെ വളർച്ച അയ്യായിരത്തോളം ശാഖകളാണ് കേരളത്തിൽ ആർഎസ്എസിനുള്ളത്. ശാഖകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ 2024 മാർച്ചിൽ സംഘം കേരളത്തിലെ യൂണിറ്റിനെ രണ്ടാക്കി വിഭജിച്ചിരുന്നു. സംഘടനയ്ക്ക് സംഘടന, എന്തിനും ഏതിനും പോന്ന അഖിലേന്ത്യ നേതൃത്വം, അനന്തവും അപാരവുമായ ഫണ്ട്- എന്നിട്ടുമെന്നിട്ടും തങ്ങളുടെ വഞ്ചി ഇപ്പോഴും ശൂന്യതയുടെ വെളിമ്പറമ്പിൽ തന്നെയാവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബിജെപിയെ അലട്ടുന്നത്. 2016-ൽ വെറും മൂന്നു സീറ്റും 10.16 ശതമാനം വോട്ടുമാണ് ബിജെപിക്ക് ബംഗാളിൽ ഉണ്ടായിരുന്നത്. പക്ഷേ, ഇന്നിപ്പോൾ അവിടെ ബിജെപിയാണ് മുഖ്യ പ്രതിപക്ഷം. 77 സീറ്റും 38.15 ശതമാനം വോട്ടുമായി ബംഗാളിൽ നടത്തിയ കുതിപ്പിന് മുന്നിൽ കേരളത്തിലെ പ്രകടനം ബിജെപിയുടെ ഉറക്കം കെടുത്തുന്നതിൽ അത്ഭുതമില്ല. കേരളത്തിൽ ബിജെപി ക്ലച്ചു പിടിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ നേമത്ത് ബിജെപിക്കായി അക്കൗണ്ട് തുറന്ന രാജഗോപാൽ വിരൽ ചൂണ്ടിയത് മലയാളികളുടെ സാക്ഷരതയിലേക്കാണ്. ''മലയാളികൾ ചിന്തിക്കുന്നവരാണ്, തർക്കിക്കുന്നവരാണ്.'' ഇതായിരുന്നു രാജഗോപാലിന്റെ വാക്കുകൾ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഹിന്ദു- ക്രിസ്ത്യൻ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറുകയാണ് ബിജെപിയുടെ ദീർഘകാല ലക്ഷ്യം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ വിവാദം ബിജെപിയെയല്ല കോൺഗ്രസിനെയാണ് സഹായിച്ചത്. അതൊരു സുവർണ്ണാവസരമാക്കാനുള്ള ശ്രമം വൃഥാവിലായത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സമസ്യയായിരുന്നു. ഇത്തവണയും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സംഭവവികാസങ്ങൾ ബിജെപിക്ക് എത്രമാത്രം പ്രയോജനം ചെയ്യുമെന്നത് കണ്ടറിയേണ്ടി വരും. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയുടെ വേരുകൾ കേരളത്തിലെ ജനസംഖ്യയുടെ സവിശേഷമായ ഘടനയാണ് ബിജെപി നേരിടുന്ന മറ്റൊരു കാതലായ പ്രശ്‌നം. 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളും അടങ്ങിയ കേരളത്തിലെ ജനസമൂഹം ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അളവുകോലുകൾക്ക് എളുപ്പത്തിൽ വഴങ്ങുന്ന ഒന്നല്ല. ഒന്നുരണ്ട് ഉദാഹരണങ്ങൾ കൊണ്ട് ഇത് വ്യക്തമാക്കാം. 2021-ൽ മലപ്പുറം നിയമസഭ മണ്ഡലത്തിൽ മത്സരിച്ച ബിജെപിയുടെ എ. സേതുമാധവന് 5,883 വോട്ടാണ് കിട്ടിയത്. മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 3.64 ശതമാനം. 2011-ലെ സെൻസസ് പ്രകാരം മലപ്പുറം ജില്ലയിൽ 70 ശതമാനം മുസ്ലിങ്ങളും രണ്ട് ശതമാനം ക്രിസ്ത്യാനികളുമാണ് ഉള്ളത്. ബാക്കി 28 ശതമാനത്തോളം വരുന്ന ഹിന്ദുക്കളിൽനിന്ന് എത്ര വോട്ട് സേതുമാധവന് കിട്ടി എന്നതാണ് ചോദ്യം. ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടാകുന്നില്ലെന്ന വിവാദപരമായ ചോദ്യമുയർത്തിയത് ഇക്കുറി അവിടെ ബിജെപി സ്ഥാനാർത്ഥിയായ ബി. ഗോപാലകൃഷ്ണനാണ്. അറ്റകൈ പ്രയോഗം എന്ന നിലയ്ക്കാവാം ഗോപാലകൃഷ്ണൻ ഇത്തരമൊരു ജനാധിപത്യ വിരുദ്ധ പരാമർശം നടത്തിയത്. 47 ശതമാനത്തോളം മുസ്ലിങ്ങളും 45 ശതമാനം ഹിന്ദുക്കളുമുള്ള മണ്ഡലമാണ് ഗുരുവായൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോയതുകൊണ്ട് അവിടെ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ എൻ.കെ. അക്ബർ 77,072 വോട്ട് പിടിച്ചപ്പോൾ മുസ്ലിം ലീഗിന്റെ കെ.എൻ.എ. ഖാദർ 58,804 വോട്ട് നേടി. മത്സരരംഗത്തുണ്ടായിരുന്ന ഡിഎസ്ജെപിയുടെ ദിലീപ് നായർക്ക് 6,294 വോട്ട് മാത്രമാണ് കിട്ടിയത്. 2016-ൽ ഇവിടെ സിപിഎമ്മിന്റെ കെ.വി. അബ്ദുൾ ഖാദറിന് 66,088 വോട്ടും ലീഗിന്റെ പി.എം. സാദിഖലിക്ക് 50,990 വോട്ടും കിട്ടിയപ്പോൾ ബിജെപിയുടെ നിവേദിത സുബ്രമണ്യന് 25,490 വോട്ടാണ് ലഭിച്ചത്. രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള ഇവിടെ ബിജെപി സ്ഥാനാർത്ഥിക്ക് 12 ശതമാനത്തോളം വോട്ടാണ് ഏറിയാൽ കിട്ടുന്നത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞ നേമം പരിശോധിക്കാം. 2016-ൽ ഒ. രാജഗോപാൽ 67,813 വോട്ട് പിടിച്ചപ്പോൾ കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് 51,888 വോട്ടേ കിട്ടിയുള്ളു. 15,925 വോട്ടിന്റെ കുറവ്. ഹിന്ദുത്വയുടെ തുണയിലല്ല മറിച്ച് എല്ലാ വിഭാഗങ്ങളിലുമുള്ളവരെ ആകർഷിക്കാൻ കഴിയുന്ന നേതാവെന്ന നിലയിലാണ് രാജഗോപാൽ ജയിച്ചു കയറിയതെന്ന് ചുരുക്കം. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന ജെഡിയുവിന്റെ സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 വോട്ടേ പിടിക്കാനായുള്ളു എന്നതും രാജഗോപാലിനെ സഹായിച്ചു. കോൺഗ്രസ് കെ. മുരളീധരനെ കളത്തിലിറക്കിയതോടെ നേമത്ത് 2021-ൽ അതിശക്തമായ ത്രികോണ മത്സരമാണുണ്ടായി. രാജഗോപാലിന്റെ പ്രതിച്ഛായയല്ല കുമ്മനത്തിനുള്ളത്. ആർഎസ്എസിന്റെയും ബിജെപിയുടെയും അടിയുറച്ച പ്രവർത്തകനെന്ന ഇമേജാണ് കുമ്മനത്തിന്റേത്. അതായത് ഹിന്ദുത്വ പ്രത്യയശാസ്ത്രം ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവ്. സ്വാഭാവികമായും ഈ ഐഡിയോളജിക്ക് ലഭിക്കാവുന്ന പരമാവധി വോട്ടുകൾ കുമ്മനത്തിന് കിട്ടും. പക്ഷേ, നേമമെന്നല്ല കേരളത്തിൽ ഒരു മണ്ഡലവും പിടിക്കാൻ ഈ വോട്ടു മതിയാവില്ല. പാലക്കാട്ടും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും ആറ്റിങ്ങലിലും തൃശ്ശൂരുമൊക്കെ ബിജെപി നേരിടുന്നത് ഈ പ്രതിസന്ധിയാണ്. തൃശ്ശൂരിൽ 2024-ൽ സുരേഷ് ഗോപി അക്കൗണ്ട് തുറന്നതും ബിജെപിയുടെ മാത്രം ലേബലിലല്ല എന്ന യാഥാർത്ഥ്യവും ഇതോടൊപ്പം ചേർത്ത് വായിക്കണം. സുരേഷ് ഗോപി വ്യക്തിപരമായി നേടിയ വോട്ടുകൾ ഈ വിജയത്തിൽ നിർണ്ണായകമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തൃശ്ശൂർ പൂരം നടത്തിപ്പിലുണ്ടായ പാളിച്ചകളും സുരേഷ് ഗോപിക്ക് പ്രയോജനം ചെയ്തു. സി. രാജഗോപാലാചാരി രാജാജിയുടെ പ്രസക്തി സി. രാജഗോപാലാചാരിയെ പോലൊരു നേതാവില്ലെന്നതാണ് കേരളത്തിൽ ബിജെപി നേരിടുന്ന വലിയൊരു വെല്ലുവിളി. ഇന്ത്യയിൽ വലതുപക്ഷത്തിന് കൃത്യമായൊരു ദിശാബോധം നൽകിയ നേതാവാണ് രാജാജി. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെയാണ് 1959-ൽ രാജാജി സ്വതന്ത്ര പാർട്ടിക്ക് രൂപം നൽകിയത്. 81 വയസ്സുള്ളപ്പോഴായിരുന്നു രാജാജിയുടെ ഈ സാഹസമെന്നോർക്കുക. പക്ഷേ, എട്ട് കൊല്ലങ്ങൾക്കപ്പുറത്ത് 44 സീറ്റുകൾ നേടി ലോക്‌സഭയിൽ മുഖ്യ പ്രതിപക്ഷമാവാൻ സ്വതന്ത്രയ്ക്ക് കഴിഞ്ഞു. ഭാരതീയ ജനസംഘം 35, സിപിഐ 23 , സിപിഎം 19 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റു നില. സ്വതന്ത്ര വിപണിയുടെ ശക്തനായ വക്താവായിരുന്നു രാജാജി. മിനു മസാനിയും കെ.എം. മുൻഷിയും ജയ്പൂരിലെ റാണി ഗായത്രി ദേവിയും സർദാർ പട്ടേലിന്റെ മകൻ ദഹ്യബായിയുമൊക്കെ അടങ്ങിയ സ്വതന്ത്ര പാർട്ടി ഇന്ത്യയിലെ ഒരു വരേണ്യ സംഘടനയായിരുന്നു. ജനസംഘത്തിന്റെയും ആർ.എസ്.എസിന്റെയും തീവ്ര വലതു നിലപാടുകൾ നിരാകരിച്ചുകൊണ്ടാണ് രാജാജിയും കൂട്ടരും സ്വതന്ത്രയെ വളർത്തിയത്. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ- രാഷ്ട്രീയ കാലാവസ്ഥയിൽ രാജാജിയെപ്പോലൊരു നേതാവിനെയാണ് ബിജെപിക്ക് വേണ്ടത്. ജാതി-മത ഭേദമന്യെ ആളുകളെ ആകർഷിക്കാൻ കഴിയുന്ന നേതാവ്. തൃണമൂലിൽനിന്നു വന്ന മുകുൾ റോയിയും സുവേന്ദു അധികാരിയുമൊക്കെയാണ് ബംഗാളിൽ ബിജെപിയെ വളർത്തിയത്. ഇതുപോലെ ജനങ്ങൾക്കിടയിൽ വേരോട്ടമുള്ള ഒരു നേതാവിനെയും കേരളത്തിൽ ബിജെപിക്ക് കിട്ടിയിട്ടില്ല. ഒരു ടെക്നൊക്രാറ്റ് എന്നതിനപ്പുറത്തേക്ക് ഒരു ജനകീയ നേതാവായി രാജീവ് ചന്ദ്രശേഖർ ഇനിയും വളരേണ്ടിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ വേരുകൾ പടർത്താൻ കഴിയാത്ത സെലിബ്രിറ്റികളിലൂടെ കേരളം പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തുഷാർ വെള്ളാപ്പള്ളി ശക്തമായ സഖ്യത്തിന്റെ അഭാവം ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പൊതുവെ അന്യമായിരുന്നു. അതുകൊണ്ട് തന്നെ രാമജന്മ ഭൂമി പോലൊരു പ്രസ്ഥാനത്തിന് കേരളത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സഖ്യ കക്ഷികളുടെ പിൻബലത്തിലാണ് ബിജെപി ഇന്ത്യയിൽ പടർന്ന് പന്തലിച്ചത്. ബിഹാറിൽ ജെഡിയുവും മഹാരാഷ്ട്രയിൽ ശിവസേനയും കർണ്ണാടകത്തിൽ ജെഡിഎസ്സും ഒഡിഷയിൽ ബിജെഡിയും അസമിൽ അസം ഗണ പരിഷത്തും ബിജെപിയെ വളർത്തി. തമിഴകത്ത് എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും തോളിലിരുന്നാണ് നിയമസഭയിലേക്കും ലോക്സഭയിലേക്കും ബിജെപി കടന്നിരുന്നത്. കേരളത്തിൽ ബിജെപി നേരിടുന്ന വലിയൊരു കടമ്പ ഇത്തരമൊരു സഖ്യകക്ഷിയുടെ അഭാവമാണ്. ചുരുങ്ങിയത് കേരള കോൺഗ്രസിനെയെങ്കിലും കൂടെക്കൂട്ടാൻ പറ്റിയിരുന്നെങ്കിൽ ബിജെപി ഇതിനകം കേരളത്തിൽ കുറച്ചുകൂടി മുന്നേറ്റം ഉണ്ടാക്കുമായിരുന്നു. ബിഡിജെഎസ് എന്ന സഖ്യകക്ഷിയിലൂടെയാണ് കേരളത്തിൽ ഈഴവ സമുദായത്തിൽ ബിജെപി വേരുകൾ പടർത്തുന്നതെന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. ബിജെപിക്കു പുറത്ത് ആകപ്പാടെ എൻഡിഎയിൽ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് പി.സി. തോമസായിരുന്നു. 2004-ൽ എൻഡിഎയ്ക്ക് കേരളത്തിൽ ആദ്യമായി ഒരു ലോക്‌സഭ സീറ്റ് നേടിക്കൊടുത്തയാൾ. പക്ഷേ, പി.സി. തോമസിനെ ഒതുക്കാനാണ് ബിജെപിയിലെ കേരള നേതൃത്വം ശ്രമിച്ചത്. ഒടുവിൽ എൻഡിഎ വിട്ട് പി.സി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് പോയി. രാജാജിയെപ്പോലൊരു നേതാവിനെയാണ് കേരളത്തിൽ ബിജെപിക്കാവശ്യം എന്നു പറയുമ്പോൾ ഉയരുന്ന ആദ്യചോദ്യം രാജാജിയെപ്പോലൊരാൾ ബിജെപിയിലേക്ക് വരുമോ എന്നതാണ്. ഹിന്ദുത്വയോട് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയാതിരുന്ന നേതാവാണ് രാജാജി. അല്ലെങ്കിൽ അദ്ദേഹത്തിന് ജനസംഘിൽ ചേർന്നാൽ മതിയായിരുന്നു. അതിന് പകരം പുതിയ പാർട്ടിക്ക് രൂപം കൊടുക്കുകയാണ് രാജാജി ചെയ്തത്. സ്വതന്ത്രയോട് തുടക്കത്തിൽ ആഭിമുഖ്യമുണ്ടായിരുന്ന ശശി തരൂരിനെ ബിജെപി ലക്ഷ്യമിട്ടതും ഈ പശ്ചാത്തലത്തിലായിരിക്കണം. പക്ഷേ, താൻ കമ്മ്യൂണിസ്റ്റുമല്ല കമ്മ്യൂണലുമല്ല എന്ന് പ്രഖ്യാപിക്കുന്ന തരൂരും ബിജെപിക്ക് അപ്രാപ്യമായി തുടരുന്നു. കേരളത്തിന്റെ മനസ്സും ഭാവനയും പിടിക്കണമെങ്കിൽ ബിജെപിക്ക് ഹിന്ദുത്വയുടെ വഴിയിൽനിന്ന് മാറി നടക്കേണ്ടി വരുമെന്നൊരു നിരീക്ഷണമുണ്ട്. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ഹിന്ദുത്വയെ നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന സംഗതികൾ തള്ളിപ്പറയേണ്ടി വരുന്ന പരീക്ഷണം. പുള്ളിപ്പുലി അതിന്റെ പുള്ളികൾ ഉപേക്ഷിക്കണമെന്നർത്ഥം. ഇത്തരമൊരു പരീക്ഷണത്തിന് ബിജെപി തയ്യാറാവുമോ എന്നത് ഒരു ട്രില്യൺ ഡോളർ ചോദ്യമാണ്. വരുന്ന മെയ് നാലിന് കേരളത്തിന്റെ വിധിയെഴുത്ത് വ്യക്തമാവുമ്പോൾ ഒരു പക്ഷേ, ഈ ചോദ്യവുമായി ബിജെപിക്ക് വീണ്ടും മുഖാമുഖം നിൽക്കേണ്ടി വന്നേക്കും. വഴിയിൽ കേട്ടത്: ഇറാനിലെ പരമോന്നത നേതാവാകാൻ ക്ഷണമുണ്ടായെന്നും താനത് നിരസിച്ചെന്നും ഡൊണാൾഡ് ട്രംപ്. ഡെണാൾഡൊള്ള ട്രംപീനിയെ ലോകത്തിന് നഷട്മായി!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപിയും കേരളവും | വഴിപോക്കൻ — Mathrubhumi | Boolokam | Boolokam