തിരഞ്ഞെടുപ്പിനുമുൻപേ എൻ.ഡി.എ. തോറ്റെന്ന് സ്റ്റാലിൻ To advertise here, ചെന്നൈ : മണ്ഡല പുനർനിർണയത്തിനുള്ള ബില്ലിന്റെ പരാജയം ബി.ജെ.പി. നേരിടാൻ പോവുന്ന തോൽവികളുടെ തുടക്കംമാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. തെക്കും വടക്കുമെന്ന് ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണിതെന്ന് ശനിയാഴ്ച വീഡിയോ സന്ദേശത്തിൽ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. മധുരപലഹാരങ്ങൾ വിതരണംചെയ്തും പടക്കം പൊട്ടിച്ചും വെള്ളിയാഴ്ച രാത്രിതന്നെ പാർലമെന്റിലെ പ്രതിപക്ഷവിജയം ആഘോഷിച്ച സ്റ്റാലിൻ നിലപാട് വിശദീകരിച്ച് ശനിയാഴ്ച വീഡിയോ സന്ദേശം പുറത്തിറക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനിയുള്ള ദിവസങ്ങളിൽ ഡി.എം.കെ. സഖ്യത്തിന്റെ മുഖ്യപ്രചാരണവിഷയം ഇതായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. 12 വർഷത്തെ ഭരണത്തിനിടെ പാർലമെന്റിൽ ബി.ജെ.പി. സർക്കാരിന്റെ ആദ്യപരാജയമാണ് ഇതെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണബില്ലിന്റെ മുഖംമൂടിയണിഞ്ഞ് കൊണ്ടുവന്ന മണ്ഡല പുനർനിർണയബില്ലിനെ പരാജയപ്പെടുത്തിയത് രാജ്യത്തെ വനിതകളാണെന്ന് സ്റ്റാലിൻ പറഞ്ഞു. ‘അവരെ അഭിവാദ്യം ചെയ്യുന്നു. പക്ഷേ, ഇത് പാതി വിജയമേ ആകുന്നുള്ളൂ. 2001-ൽ ചെയ്തതുപോലെ മണ്ഡല പുനർനിർണയം 25 വർഷത്തേക്കുകൂടി അതായത് 2051 വരേക്ക് മരവിപ്പിക്കണം’ -സ്റ്റാലിൻ പറഞ്ഞു. നമ്മുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നു മാത്രമല്ല, തമിഴ്‌നാടിനെ വഞ്ചിക്കുന്നവർ ആരൊക്കെയാണെന്നും ബിൽ മനസ്സിലാക്കിത്തന്നു. തിരഞ്ഞെടുപ്പിനു മുൻപുതന്നെ അവർ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. വലിയ സന്തോഷത്തോടെയും നവോർജത്തോടെയുമാണ് ഞാൻ നിങ്ങളുടെ മുന്നിൽനിൽക്കുന്നത്. മണ്ഡല പുനർനിർണയമെന്ന കരിനിയമം പരാജയപ്പെട്ടിരിക്കുകയാണ്. ഒരുവർഷം മുൻപുതന്നെ നമ്മളതിന്റെ അപകടം മുൻകൂട്ടി കണ്ടിരുന്നു. ഈ വിജയത്തിനുവേണ്ട തയ്യാറെടുപ്പുകൾ അന്നേ തുടങ്ങിയിരുന്നു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷത്തെ മറ്റുനേതാക്കൾക്കും പിണറായി വിജയൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കും സ്റ്റാലിൻ നന്ദി പറഞ്ഞു. നൂറുവർഷം കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടാൻ പോകുന്ന വിജയമാണിതെന്ന് ദിണ്ടിക്കലിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേ സ്റ്റാലിൻ പറഞ്ഞു.
