നാഗ്പുർ : ബി.ജെ.പി. നേതാവ് ദത്ത മേഘെ (89) അന്തരിച്ചു. കോൺഗ്രസിലും എൻ.സി.പി.യിലും പ്രവർത്തിച്ചശേഷം 2014-ലാണ് ബി.ജെ.പി.യിലെത്തിയത്. To advertise here, നാഗ്പുർ, രാംടെക്, വാർധ എന്നിവിടങ്ങളിൽനിന്നായി നാലുതവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തി. 2002-നും 2008-നും ഇടയിൽ രാജ്യസഭാംഗവുമായി. 1999-ൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി. രൂപവത്കരിച്ചപ്പോൾ അതിനൊപ്പവും പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുസേവനത്തിനിടയിൽ വിദർഭ മേഖലയിലെ ഏറ്റവുംവലിയ സ്വകാര്യവിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ശൃംഖലകളിലൊന്ന് കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. മേഘെ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദർഭ മേഖലയിലുണ്ട്. 1990-നുശേഷം, നഗര, ഗ്രാമപ്രദേശങ്ങിൽ എൻജിനിയറിങ് കോളേജുകൾ, ആശുപത്രികൾ, ബാങ്കുകൾ, സ്പിന്നിങ് മില്ലുകൾ, ഐ.ടി. സ്ഥാപനങ്ങൾ എന്നിവ സ്ഥാപിച്ചു. നാഗ്പുരിലെ ഹിംഗ്‌ന സബ് ഡിവിഷനിലെ വാനഡോംഗ്രിയിൽ സ്ഥിതിചെയ്യുന്ന യശ്വന്തറാവു ചവാൻ കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: ശാന്തിലാൽ മേഘെ. മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്. ഹിംഗ്‌ന എം.എൽ.എ. സമീർ മേഘെയുടെയും മുൻ എം.എൽ.സി. സാഗർ മേഘെയുടെയും പിതാവാണ്. വിദർഭയ്ക്ക് വലിയ നഷ്ടമെന്ന് ഗഡ്കരി നാഗ്പുർ : ദത്ത മേഘെ ഒരു മൂത്ത സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗവാർത്ത ഹൃദയഭേദകമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ദത്തഭാവുവിന്റെ നിര്യാണത്തോടെ വിദർഭയിലെ രാഷ്ട്രീയ, സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണുണ്ടായത്. ഹൃദയവിശാലതയും ശുദ്ധമനസ്സുമുള്ള അത്തരമൊരു നേതാവ് ഇനിവരില്ല. വിദർഭയിലെ വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളിൽ ദത്തഭാവുവിന്റെ സംഭാവനകൾ ശ്രദ്ധേയവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഗഡ്ചിറോളി മുതൽ മേൽഘട്ട് വരെ, ഗോത്രമേഖലകളിൽ, സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ ആദിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മേഘെ പരമാവധി ശ്രമിച്ചു. വിദർഭയിലെ യുവാക്കൾക്ക് ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനായി അദ്ദേഹം വിദ്യാഭ്യാസസ്ഥാപനങ്ങൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
