കഥ പറഞ്ഞും കവിത ചൊല്ലിയും ആരോഗ്യവകുപ്പിന്റെ ബോധവത്കരണം To advertise here, കൊല്ലം : 'ദോശ നല്ല ദോശ...നല്ല ചൂട് ദോശ, അരിയിൽ ചുട്ട ദോശ...' ആരോഗ്യവകുപ്പ് അധികൃതരുടെ പാട്ടിനൊത്ത് കുട്ടികൾ ഏറ്റുപാടി. കഥ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളിൽ ഭക്ഷണച്ചിട്ടയും ശുചിത്വവും സംബന്ധിച്ച് അവർ ബോധവത്കരണം നടത്തി. ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയിൽ നടന്നുവരുന്ന കളിവീട് അവധിക്കാല ക്യാമ്പിലാണ് ആരോഗ്യവകുപ്പും കുട്ടികളും എന്ന പരിപാടി സംഘടിപ്പിച്ചത്. രാവിലെ എന്ത് കഴിച്ചുവെന്ന ചോദ്യത്തിന് കുട്ടികൾ കൈ പൊക്കി. ചിപ്സ്, മിക്‌സ്ചർ, പൊറോട്ട...അതുപോരാ, ബുദ്ധി വളരണമെങ്കിൽ പ്രഭാതഭക്ഷണവും നല്ലതാകണം. അതും ആവിയിൽ പുഴുങ്ങിയതാകണം. ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങളാണ് ഏറെ അനുയോജ്യം. പുട്ട്, ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ രാവിലെ കഴിക്കാം. ഓരോ ഭക്ഷണവും ഓരോ കോംബിനേഷൻ ആണ്. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, ദോശയും സാമ്പാറും, അപ്പവും മുട്ടയും... ഒന്നിലധികം വസ്തുക്കൾ ചേർത്തു കഴിക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ വസ്തുക്കൾ കിട്ടുന്നത്. ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ ഒഴിവാക്കണം. പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ കുറവുണ്ടാകുന്നു. ശരീരത്തിനാവശ്യമായവ പൂർണതോതിലും അളവിലും കിട്ടുന്നില്ല. ചിപ്സ്, മിക്‌സ്ചർ, പൊറോട്ട തുടങ്ങിയ സാധനങ്ങളാണ് സ്കൂൾ സമയങ്ങളിൽ മിക്ക കുട്ടികളും രാവിലെ കഴിക്കുന്നത്. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവ അമിതമായ തോതിൽ അടങ്ങിയവയാണ് ഇത്തരം ഭക്ഷണങ്ങൾ. ചിപ്സുകൾ പലതരമുണ്ട്. അവയുടെ രുചി, കരുകരുപ്പ്, കഴിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് കുട്ടിയെ ആകർഷിക്കുന്നത്. ഇതു കുട്ടികൾക്കു ഹാനികരമാണ്. ഇവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കുട്ടികളോട് നിർദേശിച്ചു. കഥയും കവിതയും ഉൾപ്പെടുത്തിയായിരുന്നു ഭക്ഷണം ശുചിത്വം എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തത്. ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ വിഭാഗം ഓഫീസർ ശ്രീകുമാർ, ഡെപ്യൂട്ടി ഓഫീസർ ഷാലിമ, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ സാബു, അജിത്കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. സമയമെടുത്ത് കഴിക്കണം ഉച്ചഭക്ഷണം എല്ലാവിധ വിഭവങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം. പയർവർഗങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മാംസ്യങ്ങൾ, ധാതുക്കളടങ്ങിയവ എല്ലാം ഭക്ഷണത്തിലുൾപ്പെടുത്തണം. കുട്ടിയുടെ ശാരീരികവളർച്ചയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും ഭക്ഷണത്തിൽനിന്നാണു ലഭിക്കേണ്ടത്. നാരുള്ള ഭക്ഷണവും ഉൾപ്പെടുത്തണം. ഉച്ചഭക്ഷണം സമയമെടുത്ത് നല്ലതുപോലെ ചവച്ചരച്ചു കഴിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
