ഭീഷണി വന്നത് ആർ.ടി.ഒ. ഓഫീസിൽ To advertise here, വടകര : വടകര ആർ.ടി.ഒ. ഓഫീസ് മെയിലിലേക്ക് വന്ന ബോംബ് ഭീഷണിയെത്തുടർന്ന് ആർ.ടി.ഒ. ഓഫീസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ പൂർണമായും ഒഴിപ്പിച്ചു. ആർ.ടി.ഒ. ഓഫീസ് വളപ്പിൽ 13 ബോംബുകൾ ഉച്ചയ്ക്ക് 1.10-ന് പൊട്ടിത്തെറിക്കുമെന്നും എല്ലാവരെയും ഒഴിപ്പിക്കണമെന്നും പറഞ്ഞ് രാവിലെയാണ് മോട്ടോർവാഹനവകുപ്പിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് സന്ദേശം വന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയ ശേഷം 1.30-ഓടെ എല്ലാ ജീവനക്കാരും ഓഫീസുകളിലേക്ക് തിരിച്ചുകയറി. ദ്രാവിഡനാട് സർക്കാർ പ്രവാസത്തിന്റെ പേരിൽ ചിത്രഅൻപുദാസ് എന്ന മെയിലിൽ നിന്നാണ് രാവിലെ എട്ടുമണിയോടെ സന്ദേശം വന്നത്. പത്തുമണിക്ക് ഓഫീസ് തുറന്നപ്പോഴാണ് ഇത് കാണുന്നത്. ഇതോടെ ആർ.ടി.ഒ. പി. രാജേഷ് വിവരം ഉന്നത ഉദ്യോഗസ്ഥരെയും പോലീസിനെയും അറിയിച്ചു. 11 മണിയോടെ ആർ.ടി.ഒ. ഓഫീസിലെയും സമീപത്തെ മറ്റ് സർക്കാർ ഓഫീസുകളിലെയും ജീവനക്കാരെയും പോലീസ് എത്തി ഒഴിപ്പിച്ചു. സപ്ലൈഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, കൃഷി ഓഫീസ് തുടങ്ങി ഒട്ടേറെ ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലുണ്ട്. ജീവനക്കാരെല്ലാം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി. 12 മണിയോടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ആദ്യം ആർ.ടി.ഒ. ഓഫീസും പിന്നാലെ മറ്റ് ഓഫീസുകളും പരിശോധിച്ചു. ബോംബ് പൊട്ടുമെന്ന് പറഞ്ഞ 1.10 കഴിഞ്ഞതോടെ ആശങ്ക ഒഴിവായി. ഏതാണ്ട് രണ്ടരമണിക്കൂർ സമയം ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Published: 02 Apr 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോംബ് ഭീഷണിയിൽ സ്തംഭിച്ച് വടകര മിനി സിവിൽസ്റ്റേഷൻ
M
MathrubhumiSource Link
about 1 month ago