ആഹാരസാധനങ്ങളുടെ വിലകൂടി To advertise here, മുംബൈ : എൽ.പി.ജി. വിതരണത്തിലെ പ്രതിസന്ധിയെത്തുടർന്ന് ഭക്ഷണശാലകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. എൽ.പി.ജി. വിതരണത്തിൽ വാഗ്ദാനംചെയ്ത വർധനവ് ഇതുവരെ ആശ്വാസകരമായിട്ടില്ലെന്ന് ഹോട്ടലുടമകളുടെ സംഘടനാ നേതാവ് വിജയ് ഷെട്ടി പറഞ്ഞു. മുംബൈ മെട്രപൊളിറ്റൻ മേഖലയിലുടനീളമുള്ള (എം.എം.ആർ.) 20,000 റസ്റ്ററന്റുകളിൽ ഏകദേശം 7,000 എണ്ണം ഇതിനകം പൂട്ടിയതായും 3,000 എണ്ണം പൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പ്രവർത്തിക്കുന്ന ഹോട്ടലുകൾ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും വിഭവങ്ങളുടെ വിലയിൽ 10 രൂപ മുതൽ 20 രൂപ വർധിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. വാണിജ്യ എൽ.പി.ജി.യുടെ വിതരണത്തിൽ 20 ശതമാനം വർധനവ് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷവും സ്ഥിതിഗതികൾക്ക് മാറ്റംവന്നിട്ടില്ല. സർക്കാരിന്റെ പ്രഖ്യാപനം ഹോട്ടൽ മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിതരണ തടസ്സങ്ങൾ നിലനിൽക്കുന്നതായി ഹോട്ടലുടമകൾ പറയുന്നു. സർക്കാർ വാഗ്ദാനംചെയ്ത ക്വാട്ട ഭക്ഷണശാലകളിലേക്ക് എത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ ഭക്ഷ്യവിതരണമന്ത്രി ഛഗൻഭുജ്ബലിനോട് പരാതിപ്പെട്ടു. പല അംഗങ്ങളും ഇപ്പോഴും സിലിൻഡറുകൾ വാങ്ങാൻ പാടുപെടുകയാണ്. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അവർ മന്ത്രിയെ ധരിപ്പിച്ചു. പരിമിതമായ മെനുവും കുറഞ്ഞ ജോലിസമയവും പാലിച്ചുകൊണ്ട് പല ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഓരോദിവസം കഴിയുന്തോറും കൂടുതൽ ഔട്ട്‌ലെറ്റുകൾ താത്കാലികമായി പൂട്ടാൻ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 30 മുതൽ 40 ശതമാനേത്താളം ഹോട്ടലുകൾ പൂട്ടിയതായി കണക്കാക്കപ്പെടുന്നു. എൽ.പി.ജി. ക്ഷാമംമൂലമുണ്ടായ പ്രതിസന്ധി കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈയിലെ ഹോട്ടൽ മേഖലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് റസ്റ്ററന്റ് ഉടമകൾ പറയുന്നു. Published: 25 Mar 2026, 11:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
