താത്കാലിക തടയണ നിർമിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞെന്നും ആക്ഷേപം To advertise here, അഗളി : പുതൂർ ഗ്രാമപ്പഞ്ചായത്തിൽ കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ ഭവാനിപ്പുഴയിൽ കല്ലും മണ്ണുമിട്ടു നികത്തി. നരസിമുക്കിലാണ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പുഴയിലേക്ക് കല്ലും മണ്ണുമിട്ടിരിക്കുന്നത്. ഇതിന് തൊട്ടുമുകളിലായി താത്കാലിക തടയണയും നിർമിച്ചതോടെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. രങ്കനാഥപുരം, ചാവടിയൂർ, പട്ടിമേളം, വെള്ളമാരി, ചാളയൂർ എന്നിവിടങ്ങളിലുള്ളവരുടെ കുടിവെള്ളസ്രോതസാണ് പുഴ. വേനൽ കടുത്തതോടെ പുഴയിലെ നീരൊഴുക്കും കുറഞ്ഞിരിക്കുകയാണ്. മുൻ വർഷങ്ങളിൽ നീരൊഴുക്ക് പൂർണമായി നിലച്ചതോടെ ചാവടിയൂർ, ചാളയൂർ, വെള്ളമാരി പ്രദേശത്തുള്ളവർ പുഴയുടെ നടുവിൽ കുഴിച്ചാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. വ്യാജരേഖ ഉണ്ടാക്കിയ സ്ഥലം പുഴ പുറമ്പോക്ക് കൈയേറി രേഖകളുണ്ടാക്കിയെന്ന ആരോപണമുള്ള സ്ഥലത്താണ് കല്ലും മണ്ണുമിട്ട് പുഴ നികത്തിയിരിക്കുന്നത്. പുഴയ്ക്ക് വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചതിന് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ഹെഡ് സർവേയറെ റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഈ സ്ഥലത്താണ് സ്വകാര്യവ്യക്തികൾ കുന്നിടിച്ച് നിരത്തി നിർമാണം നടത്തിയത്. ‘മാതൃഭൂമി’ വാർത്ത ശ്രദ്ധയിൽപ്പെട്ട അന്നത്തെ കളക്ടർ ഡോ. എസ്. ചിത്രയുടെ നിർദേശത്തെത്തുടർന്ന് അട്ടപ്പാടി നോഡൽ ഓഫിസറായ സബ് കളക്ടർ മിഥുൻ പ്രേംരാജ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. നരസിമുക്കിലെത്തിയ അന്വേഷണസംഘം മണ്ണുമാന്തി യന്ത്രങ്ങളടക്കം പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ കളക്ടറും സബ് കളക്ടറും സ്ഥലംമാറിയതോടെ അന്വേഷണസംഘം പിരിച്ചുവിട്ടു. ചെറുകിട ജലസേചനവകുപ്പിന്റെ തടയണയ്ക്കെന്ന് വിശദീകരണം നരസിമുക്കിൽ ചെറുകിട ജലസേചനവകുപ്പ് തടയണ നിർമിക്കാനാണ് കല്ലും മണ്ണും പുഴയിലേക്ക് തള്ളിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. പണി പൂർത്തിയാകുന്ന മുറയ്ക്ക് കല്ലും മണ്ണും മാറ്റുമെന്ന് അസി. എൻജിനിയർ ഡി. ശരത്ത് പറയുന്നു. അഗളി പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് തടയണ നിർമിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. തമിഴ്നാട്ടിലെ ഭൂമാഫിയകളുടെ ഭൂമി വിൽപ്പനയ്ക്ക് സഹായിക്കാനാണ് തടയണ നിർമിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പുഴയിൽ കല്ലും മണ്ണുമിട്ട സ്ഥലം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർ അഭിലാഷ് പറഞ്ഞു.
