കോഴിക്കോട് : ചിന്മയ മിഷൻ 75-ാം വാർഷികം പ്രമാണിച്ച് യുവജനങ്ങൾക്കായി സംഘടിപ്പിച്ച ചിന്മയ അമൃതയാത്ര വ്യാഴാഴ്ച കോഴിക്കോട്ടെത്തി. ഉള്ളിലുറച്ച ഗീതാദർശനത്തിന്റെ വെളിച്ചത്തിൽ ഭാരതത്തെ കണ്ടും കേട്ടും അറിഞ്ഞും അറിയിച്ചുമാണ് ഈ യുവയാത്ര. To advertise here, കഴിഞ്ഞ ഡിസംബർ 31-ന് ആരംഭിച്ച യാത്ര ഒക്ടോബർ 23 വരെ തുടരും. ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രയുടെ ആഭിമുഖ്യത്തിലാണ് നാലുവാഹനങ്ങളിലായുള്ള യാത്ര. യാത്രയിലെ യുവതീയുവാക്കൾതന്നെയാണ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത്. എൻ.ഐ.ടി.കളിലടക്കം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇവർ സന്ദർശിക്കുന്നുണ്ട്. ഗീതാസന്ദേശത്തിന്റെ വെളിച്ചത്തിൽ ലോകകാഴ്ചകളെ പുനർനിർവചിക്കുകയാണ് ഇവർ. യാത്രാനുഭവങ്ങൾ സ്വയം ശാക്തീകരണത്തിനും വ്യക്തിത്വവികസനത്തിനും ഇവരെ പ്രാപ്തരാക്കുന്നു. യാത്രാംഗങ്ങളായ 10 പേർക്കും വ്യത്യസ്ത അനുഭവങ്ങളുടെ നിര തന്നെ പറയാനുണ്ട്. മഹാരാഷ്ട്രയിലെ ചെറുഗ്രാമങ്ങളിലൂടെയുള്ള യാത്ര ചെന്നൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മോഹിത് ശർമയ്ക്ക് മറക്കാനാവുന്നില്ല. അഞ്ചുകിലോമീറ്റർ വനാതിർത്തിയിലൂടെ സഞ്ചരിച്ച് ഒരു ഗ്രാമത്തിലെത്തിയപ്പോൾ ആചാരപ്പൊലിമയയോടെ അവിടത്തെ നിവാസികളുടെ സ്വീകരണം. അജ്ഞാതരായ അതിഥികളെ സ്വീകരിക്കുന്നതിൽ നമ്മുടെ ധർമം അവർ പാലിക്കുന്നത് അദ്‌ഭുതപ്പെടുത്തി. ഓരോ 20 കിലോമീറ്ററിലും രുചിഭേദങ്ങളും ആചാരവിശേഷങ്ങളും മാറുന്നു. ഭക്ഷണപദാർഥങ്ങൾതന്നെ വ്യത്യസ്തം. ഇന്ത്യയെന്ന വൈവിധ്യത്തെ ഉൾക്കൊള്ളാൻ യാത്ര സഹായകമായി. അഡ്വഞ്ചർ സ്പോർട്‌സാണ് എം.ബി.എ.ക്കാരൻ വ്രതേഷിന് പ്രിയം. ഗീതാതത്ത്വങ്ങൾ ആലേഖനംചെയ്ത വാഹനത്തിൽ വ്യത്യസ്തനാടുകളിലൂടെയുള്ള യാത്ര വളരെ ഇഷ്ടപ്പെട്ടു. ‘സ്വയം ഉയരുന്നതിന് യാത്ര സഹായിക്കുന്നു. ഭാരതത്തെ ഉയർത്തുകയെന്നതാണ് യാത്രയുടെ ആപ്തവാക്യം. പക്ഷേ, അതോടൊപ്പം ഞങ്ങളുടെ വളർച്ചയും ഞങ്ങളറിയാതെതന്നെ സംഭവിക്കുന്നു. ഒപ്പം യാത്രയിൽ ഞങ്ങൾ ഇടപഴകുന്ന യുവജനങ്ങളിലും നല്ലമാറ്റം സംഭവിക്കുന്നത് ഞങ്ങൾ അറിയുന്നു.’ -വ്രതേഷ് പറഞ്ഞു. ‘10 ലക്ഷം യുവജനങ്ങളെ യാത്രയിൽ ഞങ്ങൾ കാണും. 35,000 കിലോമീറ്ററാണ് യാത്ര. അമൃതവാഹിനിയായി സജ്ജീകരിച്ച ബസും മൂന്ന് കാറുമാണ് യാത്രയിലുള്ളത്. ന്യൂസീലൻഡിൽ എം.ബി.എ. കഴിഞ്ഞയാൾമുതൽ പ്ലസ്ടു വിദ്യാർഥിവരെ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. കോളേജുകളും സ്കൂളുകളും സന്ദർശിക്കുന്നത് വളരെ സന്തോഷമുള്ള അനുഭവമാണ്. യാത്രയിൽ ഒരു സാംസ്കാരികവിനിമയവും നടക്കുന്നുണ്ട്.’ -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ പഠിച്ച അനന്യ പറഞ്ഞു. ബ്രഹ്മചാരി സുധീർ ചൈതന്യ, ബ്രഹ്മചാരിണി താരിണി ചൈതന്യ, ബ്രഹ്മചാരിണി ദിശാ ചൈതന്യ, പി.വി. അനൂപ്കുമാർ തുടങ്ങിയവർ യാത്രാസംഘത്തോടൊപ്പമുണ്ടായിരുന്നു.

ഭാരതത്തെ കണ്ടറിഞ്ഞ്, 300 ദിവസത്തെ യുവയാത്ര...
M
MathrubhumiSource Link
about 2 months ago