കോഴിക്കോട്ട് നടന്ന ചടങ്ങിൽ മാതൃഭൂമി സാഹിത്യപുരസ്കാരം മേതിൽ രാധാകൃഷ്ണന് എം. മുകുന്ദൻ സമർപ്പിക്കുന്നു. സുഭാഷ് ചന്ദ്രൻ, എസ്. ശാരദക്കുട്ടി, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, കല്പറ്റ നാരായണൻ എന്നിവർ സമീപം To advertise here, കോഴിക്കോട്: സൂക്ഷ്മജാഗ്രതയിലൂടെ ഭാഷയെയും ഉള്ളടക്കത്തെയും അഴിച്ചുപണിത മലയാളത്തിന്റെ രചനാമാന്ത്രികൻ മേതിൽ രാധാകൃഷ്ണന് മാതൃഭൂമി സാഹിത്യപുരസ്കാരം സമർപ്പിച്ചു. മാതൃഭൂമിയുടെ 103-ാം പിറന്നാൾ ആഘോഷവേദിയിൽ മനംനിറഞ്ഞ സഹൃദയരെ സാക്ഷിയാക്കി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം. മുകുന്ദനാണ് പുരസ്കാരസമർപ്പണം നിർവഹിച്ചത്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മേതിലിന്റെ രചനകളിൽ ചുട്ടുപൊള്ളിക്കുന്ന കണ്ണുനീരുണ്ടെന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മൗലികനിരീക്ഷണങ്ങളിലൂടെ മലയാളികളെ അതിശയിപ്പിക്കുന്ന എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് അധ്യക്ഷനായ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ‘‘അദ്ദേഹത്തിന്റെ രചനകളിൽ രാഷ്ട്രീയവും ശാസ്ത്രവും ഒരുപോലെ ഇടകലരുന്നു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്നത് എക്കാലത്തും മാതൃഭൂമിയുടെ ഡി.എൻ.എ.യിലുള്ളതാണ്. പ്രഗല്‌ഭരായ എഴുത്തുകാരിൽ പലരും മാതൃഭൂമിയുടെ സാരഥികളായെന്നതും സന്തോഷവും അഭിമാനവും തരുന്നു’’ -ശ്രേയാംസ് കുമാർ പറഞ്ഞു. ബുദ്ധിജീവികളുടെ ബുദ്ധിജീവി എന്നു വിശേഷിപ്പിക്കാവുന്ന മേതിൽ രാധാകൃഷ്ണന് ഇനിയും എഴുതാനുള്ള ഊർജമായി ഈ പുരസ്കാരം മാറട്ടെയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ആശംസിച്ചു. കല്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി എന്നിവർ ആശംസയർപ്പിച്ചു. മേതിൽ രാധാകൃഷ്ണൻ മറുപടി പറഞ്ഞു. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ കെ. മധു സ്വാഗതവും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. മലയാള അക്ഷരങ്ങൾ ഉള്ളിടത്തോളം മേതിലിന്റെ രാഷ്ട്രീയം നിലനിൽക്കും -എസ്. ശാരദക്കുട്ടി എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു. എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരു പുഴുവിനെങ്കിലും ജീവനുണ്ടെങ്കിൽ അതിനൊപ്പം നിൽക്കുമെന്ന് പറയുന്നതാണ് മേതിലിന്റെ രാഷ്ട്രീയം. മലയാള അക്ഷരങ്ങളുള്ളിടത്തോളംകാലം ആ രാഷ്ട്രീയം പ്രസക്തമാണ്. എനിക്ക് ആമയായാൽ മതി, മുയലാവേണ്ട. ആമയുടെ ഒപ്പം പുഴുക്കളെയും ഭൂമിയെയും പുല്ലിന്റെ ഞരമ്പുകളെയും തൊട്ടുതൊട്ടു പോയാൽമതി. അവസാനത്തെ ട്രോഫി എനിക്കുവേണ്ട എന്നുപറയാൻ കഴിഞ്ഞ എഴുത്തുകാരൻ. മാതൃഭൂമി ഏറ്റവും മികച്ച എഴുത്തുകാരനാണ് പുരസ്കാരം സമർപ്പിച്ചിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ ഭാഗമാകാത്ത വലിയ മനുഷ്യൻ. എം.ടി. വാസുദേവൻ നായരുടെയും മുകുന്ദന്റെയുമൊക്കെ ഒപ്പം എഴുതിയിട്ടും ഒരാൾക്കൂട്ടത്തിൽപ്പോലും പ്രത്യക്ഷപ്പെടാതെ എങ്ങനെ ഒളിച്ചിരിക്കാൻ കഴിഞ്ഞു ഇത്രകാലം എന്നതാണ് അദ്ഭുതം. എന്തൊക്കെ എഴുതിയാലും മാതൃഭൂമിയിൽ എഴുതുന്നതിനെയേ വായനക്കാർ എഴുത്തായി സ്വീകരിക്കുന്നുള്ളൂ. ഓരോ വരിയും മാതൃഭൂമിയിൽ എഴുതുമ്പോഴാണ് ഞാൻ ജാഗരൂകയാകുന്നത്. മേതിൽ ഭൗമികനായ എഴുത്തുകാരൻ -കല്പറ്റ നാരായണൻ തികച്ചും ഭൗമികനായ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ‘മാതൃഭൂമി’ എന്റെ മാതൃഭൂമിയെന്നു തോന്നിക്കുന്ന കുറെ എഴുത്തുകാരും ഒട്ടേറെ വായനക്കാരുമുണ്ട്. എനിക്ക് മാതൃഭൂമി എന്റെ മാതൃഭൂമിയായിത്തീർന്നത് ഖസാക്കിന്റെ ഇതിഹാസവും സൂര്യവംശവും പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ്. അവ രണ്ടും ശക്തമായി സ്വാധീനിച്ചു. സൂപ്പർ ഇംപോസ് ചെയ്ത ഒരു ലോകത്തിന്റെ എഴുത്തുകാരാണ് പൊതുവേ എഴുത്തുകാർ. എന്നാൽ, ലോകത്തിന് അടിയിലുള്ള ഈ ഭൂമിയുടെ എഴുത്തുകാരനാണ് മേതിൽ. അതുകൊണ്ട് പഴുതാര, ഒച്ച്, അരണ എന്നിങ്ങനെ ഭൂമിയുടെ തണലിൽക്കഴിയുന്ന ലോകത്താണ് കഴിയുന്നതെന്ന ഓർമ്മ കൈവിടാതെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. അടിമുടി കവിയാണ് മേതിൽ. നോവലുൾപ്പെടെയുള്ള എഴുത്തുകളിലും പെരുമാറ്റത്തിലും ചലനങ്ങളിലുമെല്ലാം ആ കവിത്വം പ്രതിബിംബിച്ചു. മലയാളംകണ്ട എക്കാലത്തെയും ക്രിയേറ്റീവായ എഴുത്തുകാരൻ -സുഭാഷ് ചന്ദ്രൻ ചിലയ്ക്കുന്ന അണ്ണാൻ, വാലിൽ ഒരു കാറ്റാടി, മുതുകിൽ ഒരു ഹൈക്കുവും... എന്ന മേതിലിന്റെ മൂന്നുവരിവായിച്ച് തന്റെ കൗമാരം കഞ്ചാവുവലിച്ചതുപോലെ ഭ്രാന്തുപിടിച്ചിട്ടുണ്ട്. ശ്രീരാമന്റെ വിരലുകൾപതിഞ്ഞ ആ മൂന്നുവരയെ മേതിൽ വായിക്കുമ്പോൾ മൂന്നുവരികളുള്ള ഹൈക്കു ആകുന്നു. ശിരസ്സിൽ നാളം ഉലയുന്ന മെഴുകുതിരി ഒരു ക്രിസ്ത്യൻ നവവധു എന്ന് മേതിൽ എഴുതുമ്പോൾ ആ കടലാസിനെ തൊട്ടുനമസ്കരിച്ചുപോയിട്ടുണ്ട്. ഇങ്ങനെയൊക്കെ എഴുതുന്ന ഒരാളായി തീരാൻകഴിയണേ എന്ന് പ്രാർഥിച്ചിട്ടുണ്ട്. നമ്മുടെ ഭാഷകണ്ട എക്കാലത്തെയും ക്രിയേറ്റീവായ, മഹാനായ എഴുത്തുകാരനാണ് മേതിൽ. മേതിൽ ദേവികയെ പരിചയപ്പെട്ടപ്പോൾ നിങ്ങൾക്ക് ഈ നൃത്തം കിട്ടിയിരിക്കുന്നത് നിങ്ങളുടെ അമ്മാവന്റെ കൈയിൽനിന്നാണെന്ന് ഞാൻ പറഞ്ഞിരുന്നു. അമ്മാവൻ നൃത്തം ചെയ്യുമോയെന്ന് അവർ ചോദിച്ചു. മേതിലിന്റെ വാക്കുകൾ നൃത്തംചെയ്യുന്നതാണെന്ന് അവരോട് വിശദീകരിച്ചു. ഭാഷയെ മാറ്റിമറിച്ച എഴുത്തുകാരൻ -പി.വി. ചന്ദ്രൻ എഴുത്തിന്റെ ഭാഷയെ മാറ്റിമറിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. മാതൃഭൂമി സാഹിത്യപുരസ്കാര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെയും സാഹിത്യത്തെയും മുൻനിർത്തിയാണ് അദ്ദേഹം സൃഷ്ടികൾ നടത്തിയത്. കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യത്തെ അദ്ദേഹം സമ്പന്നമാക്കിയെന്നും പി.വി. ചന്ദ്രൻ പറഞ്ഞു. മലയാള സാഹിത്യത്തിലെ പ്രതിഭകളെ ആദരിക്കാൻ ലക്ഷ്യമിട്ട് കാൽനൂറ്റാണ്ടുമുൻപ് മാതൃഭൂമി തുടക്കമിട്ട ഈ പുരസ്കാരം മലയാളത്തിലെ ഏറ്റവും വലുതും അഭിമാനാർഹവുമായ സാഹിത്യ അവാർഡായി മറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടെ രചനാമാന്ത്രികന് ആദരം: മാതൃഭൂമി സാഹിത്യപുരസ്കാരം മേതിൽ രാധാകൃഷ്ണന് സമർപ്പിച്ചു
M
MathrubhumiSource Link
about 2 months ago