കാതോരം Last Updated: 18 April 2026, 10:45 AM IST ഭാസ്‌കരൻ മാഷിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു കൊച്ചിയിലെ കൽവത്തി സ്വദേശി പരീക്കുട്ടി. പി ഭാസ്കരൻ മാഷ്, നീലി സാലി പോസ്റ്റർ പേ ര് സുൽത്താൻ, കാഴ്ചയിൽ പരുക്കൻ. കരുത്തുറ്റ മാസപേശികളുടെ ഉടമ. എങ്കിലും പെരുമാറ്റത്തിൽ അങ്ങേയറ്റം സൗമ്യൻ. 'തീർച്ചായില്ല ജനം' എന്ന പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ തെളിയുക സുൽത്താന്റെ രൂപവും ശബ്ദവുമാണ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന വിറകുകൾ ഒന്നൊന്നായി വെട്ടിമുറിച്ച് ഒതുക്കിവെക്കുന്നു പാലക്കാട്ടുനിന്ന് ചുരം കയറി വയനാട്ടിൽ തൊഴിൽ തേടിയെത്തിയ സുൽത്താൻ. ഒപ്പം ഒരു പാട്ട് ആസ്വദിച്ച് മൂളുന്നു. To advertise here, 'തീർച്ചായില്ല ജനം നേർച്ച കാണുമ്പോളൊരാന വിരണ്ടതിനാളുകളോടീട്ട് ഇതെന്തൊരു തൊന്തരവാണിത് കേള്..' തെല്ലു സ്‌ത്രൈണത കലർന്ന ശബ്ദം. എങ്കിലും ശ്രുതിഭംഗം തെല്ലുമില്ല. പല മാപ്പിളപ്പാട്ടുകളും ആദ്യം കേട്ട് മനസ്സിൽ പതിഞ്ഞത് സുൽത്താന്റെ ആ 'മെലോഡിയസ്' ശബ്ദത്തിലാണ്. കിതപ്പടക്കി, നെറ്റിയിലെ വിയർപ്പ് ഇടയ്ക്കിടെ തുടച്ചുമാറ്റികൊണ്ട് പാട്ടിലൂടെ രസിച്ച് ഒഴുകിപ്പോകുന്ന സുൽത്താനെ കൗതുകത്തോടെ നോക്കിയിരിക്കേ ചോദിച്ചു: 'ഇത് സിനിമേലെ പാട്ടല്ലേ? ബഹദൂറിന്റെ?' വിറകുവെട്ട് തൽക്കാലം നിർത്തി ഒരു ബീഡിക്ക് തീകൊളുത്തിക്കൊണ്ട് സുൽത്താൻ പറഞ്ഞു: 'അല്ല കുട്ട്യേ, ഇത് നമ്മടെ കണ്ണൻ പരീക്കുട്ടിക്കാന്റെ പാട്ടാണ്. കണ്ണൻ എന്നാണ് പേരെങ്കിലും മൂപ്പര്ക്ക് കണ്ണ് കാണൂല..' കണ്ണൻ പരീക്കുട്ടി. ആദ്യം കേൾക്കുകയായിരുന്നു ആ പേര്. ബഹദൂറിനെ നായകനാക്കി കുഞ്ചാക്കോ സംവിധാനം ചെയ്ത 'നീലിസാലി' (1960) എന്ന മുഴുനീള ഹാസ്യചിത്രത്തിൽ പി. ഭാസ്‌കരൻ എഴുതിയ പാട്ടെന്നായിരുന്നു അതുവരെയുള്ള ധാരണ. സിനിമയിൽ വന്നതോടെ പാട്ട് ജനകീയമായി മാറി എന്നത് പരമാർത്ഥം. പാട്ടിലെ വരികളിൽ ഭൂരിഭാഗവും പരീക്കുട്ടിയിൽനിന്ന് കടമെടുക്കുകയായിരുന്നു ഭാസ്‌കരൻ മാഷ് എന്നറിഞ്ഞത് സുൽത്താൻ പറഞ്ഞിട്ടാണ്. 'കാന്താരി മുളക് പഴുത്ത പോലെ, ഇല്ലത്തെ ആന വരുന്ന പോലെ, വയനാടൻ പോത്ത് വെരണ്ട പോലെ, തുളുനാടൻ ഹൽവ മുറിച്ച പോലെ' തുടങ്ങിയ വരികൾ എഴുതിച്ചേർത്ത് അതൊരു പ്രണയഗാനമാക്കി മാറ്റുകയായിരുന്നു മാഷ്. രാഘവൻ മാഷിന്റെ ഈണത്തിൽ 'നീലിസാലി'ക്ക് വേണ്ടി അത് പാടിയത് മെഹബൂബ്. പിൽക്കാലത്ത് അതേ ഗാനം സിബി മലയിലിന്റെ 'ഉസ്താദ്' (1999) എന്ന സിനിമയിലും കേട്ടു. പാടിയത് മോഹൻലാൽ. സംഗീതം തേജ് മെർവിൻ. തിരക്കഥാകൃത്ത് രഞ്ജിത്തിന്റേയും മോഹൻലാലിന്റേയും നിർദ്ദേശപ്രകാരമാണ് സിനിമയിൽ ക്ലബ് സോംഗ് മാതൃകയിൽ ആ വരികൾ ചിട്ടപ്പെടുത്തിയതെന്ന് തേജ്. ലാലിന്റെ അഭിനയശൈലിക്ക് ഇണങ്ങുന്ന രീതിയിൽ വേണം പാട്ടൊരുക്കാൻ. പഴയ ഈണത്തിൽ അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തി. പാട്ട് എളുപ്പം ഹിറ്റാകുകയും ചെയ്തു. കണ്ണൻ പരീക്കുട്ടിയുടെ വരികൾ അതേപടി ഉപയോഗിക്കപ്പെട്ട മറ്റൊരു ചിത്രം 'കാപ്പിരിത്തുരുത്ത്' ആയിരുന്നു. സംഗീതം: റഫീഖ് യൂസുഫ്. കൊച്ചിയുടെ സമീപ പ്രദേശങ്ങളിലെങ്ങോ ഒരു ചന്ദനക്കുടം നേർച്ചയിൽ ആന വിരണ്ടോടിയപ്പോൾ സംഭവിച്ച അത്യാഹിതങ്ങളാണ് കവിയായ പരീക്കുട്ടി പാട്ടിൽ രസകരമായി വിവരിച്ചിട്ടുള്ളത് (മാപ്പിളപ്പാട്ട് ഗവേഷകനും എഴുത്തുകാരനുമായ വി.പി. മുഹമ്മദലിയുടെ മാപ്പിളപ്പാട്ടുകൾ- നൂറ്റാണ്ടുകളിലൂടെ എന്ന ഗ്രന്ഥത്തോട് കടപ്പാട്). സ്വയം രചിച്ച പാട്ടുകൾ ശ്രുതിസുന്ദരമായി പാടി നാടുകൾ തോറും അലയുന്നതായിരുന്നു പരീക്കുട്ടിയുടെ രീതി. 'തീർച്ചായില്ല ജനം' എന്ന പാട്ടിലെ മറ്റു വരികൾ പുസ്തകത്തിൽ മുഹമ്മദലി എടുത്തെഴുതിയിട്ടുണ്ട്. ആനയെ പേടിച്ചോടി തോട്ടിലും കുളത്തിലും വീണവരുടെ, പ്രത്യേകിച്ച് ഒരു സേട്ടുവിന്റെ പരാക്രമങ്ങളാണ് അവ നിറയെ: 'തേട്ടി ചിലർ ചാടി തോട്ടിൽ വീണത് കഷ്ട്ടപ്പെട്ടുള്ള മട്ടം എണീറ്റ് നടന്നല്ലോ വേറൊരു സംഘം വീണ കുളത്തിൽ തിങ്ങി ഒരു സേട്ടു തങ്ങി യാളുകളോട് തിക്കല്ലെ ബേസാ ആന വരുന്നല്ലേ സേട്ടും കുറച്ചാളുകളുമോടി വീണത് മുള്ളുകമ്പിമ്മലേക്ക് കമ്പിയിലേ ഉലഞ്ഞു മലക്കം പാഞ്ഞു ചിലർ മുമ്പാലെ പോകുന്നാളുകളോട് ഉരയാടിടല്ല ഇതു പിമ്പാലെ ആന മദിച്ചു വരുന്നു ജനങ്ങളേ… മണ്ടട പായട ജാവുട ജൽദീ ..' തീർന്നില്ല: ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും ആനയെ പേടിച്ചുള്ള ജനത്തിന്റെ പരക്കംപാച്ചിൽ എത്ര രസകരമായാണ് പരീക്കുട്ടി വിവരിച്ചിട്ടുള്ളതെന്ന് കാണുക; 'അരക്കാ രൂപ മാറ്റാൻ കൊർക്കാ ഇബുരാഹിം പോയി വരുമ്പം പീടിക കണ്ടില്ല, പിന്നേം പിന്നേം സംശയിച്ച് അള്ളോ കാത്തോ നബിയുള്ളാ എന്നും മറ്റും കൊർക്കാടെ സങ്കടം പറഞ്ഞാ തീരൂലാ കൊർക്കയും കൂട്ടരും ഓടിവീണത് കൊടമ്മലേക്ക് കോട ഉടൻ പോയി പാഞ്ഞുവീണത് കുപ്പയിലേക്ക്....' അങ്ങനെ പോകുന്നു കണ്ണൻ പരീക്കുട്ടിയുടെ രചന. സമസ്ത കേരള സാഹിത്യ പരിഷത്തിൽവരെ ചർച്ച ചെയ്യപ്പെട്ടവയാണ് ഈ പാട്ടിലെ പദപ്രയോഗങ്ങൾ എന്ന് മുഹമ്മദലി. കൊടികുത്ത് മാല, സങ്കടമാല, ഉലകനീതിമാല, ജയമണിമാല തുടങ്ങിയ മാലപ്പാട്ടുകളുമുണ്ട് പരീക്കുട്ടിയുടെ വകയായി. സമുദായത്തിലെ അനാചാരങ്ങൾ തുറന്നുകാട്ടുന്നവയാണ് ഇവയിൽ പലതും. 1958-ൽ പരീക്കുട്ടി കഥാവശേഷനായി. ഭാസ്‌കരൻ മാഷിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു കൊച്ചിയിലെ കൽവത്തി സ്വദേശി പരീക്കുട്ടി. മാപ്പിള പശ്ചാത്തലമുള്ള രചനകളിൽ പരീക്കുട്ടിയുടെയും പുലിക്കോട്ടിൽ ഹൈദറിന്റേയും സ്വാധീനം എടുത്തുപറയാറുണ്ട് അദ്ദേഹം. ‘നീലിസാലി’യിലെ ഭാസ്‌കര രചനകളിലും കാണാം ഈ സ്വാധീനം. എല്ലാം മലയാളികൾ ഏറ്റുപാടിയ ഗാനങ്ങൾ. നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ല (മെഹബൂബ്), നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ (മെഹബൂബ്, എ.പി. കോമള), മനുശന്റെ നെഞ്ചിൽ പടച്ചോൻ കുയിച്ചിട്ട മധുരക്കനിയാണനുരാഗം (മെഹബൂബ്), ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ തെക്കേ വീട്ടിലെന്ത് വാർത്താനം കാക്കേ (മെഹബൂബ്, കോമള) എന്നീ നർമ്മപ്രധാന ഗാനങ്ങൾക്കൊപ്പം ദൈവത്തിൻ പുത്രൻ ജനിച്ചു എന്ന ഭക്തിഗാനവും (എ.എം. രാജ), വാനിലെ മണിദീപം മങ്ങി (പി.ബി. ശ്രീനിവാസ്) എന്ന വിഷാദസാന്ദ്രമായ ദാർശനിക ഗാനവുമെഴുതിയിട്ടുണ്ട് 'നീലിസാലി'യിൽ ഭാസ്‌കരൻ മാഷ്. രചനയിലെ വൈവിധ്യം വിളിച്ചറിയിക്കുന്ന ഗാനങ്ങൾ.'നീലിസാലി'യിൽ മെഹബൂബിനെ നായകനാക്കണം എന്നായിരുന്നു കുഞ്ചാക്കോയുടെ ആഗ്രഹം. എന്നാൽ, വെള്ളിവെളിച്ചത്തിൽനിന്ന് എന്നും അകന്നുനിൽക്കാൻ ആഗ്രഹിച്ച മെഹബൂബുണ്ടോ വഴങ്ങുന്നു? ബഹദൂറാണ് ഒടുവിൽ നായകനായതെങ്കിലും 'നീലിസാലി'യിലെ യഥാർത്ഥ ഹീറോ ഗായകൻ മെഹബൂബ് തന്നെ. കാലത്തെ അതിജീവിച്ചുകൊണ്ട് ആ പാട്ടുകൾ ഇന്നുമുണ്ട് അന്തരീക്ഷത്തിൽ. Content Highlights: Reveals the true origin of the famous song 'Theerchayilla Janam' attributed to Kannan Pareekkutty., Details how P. Bhaskaran adapted folk lyrics for the 1960 movie 'Neelisali'., Explores the cultural significance of Pareekkutty's folk works and their impact on Malayalam cinema., Highlights the evolution of the song through different eras, including the 1999 'Usthad' version. Published: 18 Apr 2026, 10:45 am IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭാസ്കരൻ മാഷ് കടമെടുത്ത കൽവത്തിക്കാരൻ, ലാലിന്റെ പാട്ടിന് പിന്നിലെ പരീക്കുട്ടി
M
MathrubhumiSource Link
22 days ago