പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം To advertise here, എലത്തൂർ: പതിനൊന്നുവർഷമായി അപ്രോച്ച്റോഡില്ലാതെ റെയിൽവേ ട്രാക്കിന് മുകളിൽ നോക്കുകുത്തിയായി നിൽക്കുന്ന പാവങ്ങാട്-പുതിയാപ്പ മേൽപ്പാലത്തിന് സമീപനറോഡ് ഒരുങ്ങുന്നതിന് വീണ്ടും തടസ്സം. അപ്രോച്ച് റോഡ് നിർമിക്കുന്ന പ്രവൃത്തി കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്തെങ്കിലും പൈലിങ് ആരംഭിക്കാൻ സാധിക്കാതെയായി. പൈലിങിന്റെ ട്രയൽ നടത്തി നിർദിഷ്ട ഭൂമിക്കടിയിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് പരിശോധിച്ചതോടെയാണ് പ്രശ്നം വ്യക്തമായത്. പൈലിങ് നടത്താൻ നിശ്ചയിച്ച ഭൂമിക്കടിയിലൂടെ വൈദ്യുതവകുപ്പിന്റെ 110 കിലോ വാട്ടിന്റെ ഭൂഗർഭലൈനും 11 കിലോ വാട്ടിന്റെ ഭൂഗർഭലൈനും കടന്നുപോകുന്നുണ്ട്. ഇവയിലേക്ക് പൈലിങ് മെഷീൻ തട്ടിയാൽ വൈദ്യുതിവിതരണം മുടങ്ങുന്നതുൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കാം. ഇതോടെ പ്രവൃത്തി നിർത്തിവെച്ചു. ട്രോപ്പോഗ്രാഫിക് സർവേ, അതിർത്തി തിരിക്കൽ എന്നിവ പൂർത്തിയാക്കി പൈൽ പോയിൻറ് മാർക്കുചെയ്ത് പ്രവൃത്തി തുടങ്ങിയ ഘട്ടത്തിൽ കെ.എസ്.ഇ.ബി.യാണ് തടസ്സംശ്രദ്ധയിൽപ്പെടുത്തിയത്. നേരത്തേ മദ്രാസ് ഐ.ഐ.ടി.യുടെ പരിശോധനയ്ക്കുശേഷം കേന്ദ്രസർക്കാർ ഏജൻസിയായ റൈറ്റ്സ് റോഡിന്റെ ഡിസൈൻ തയ്യാറാക്കിയ ഘട്ടത്തിലും ഇത് ശ്രദ്ധയിൽപ്പെട്ടില്ല. കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ വിഭാഗം, ജലഅതോറിറ്റി എന്നിവയുടെ സംയുക്തപരിശോധനയ്ക്കുശേഷം യൂട്ടിലിറ്റി ഷിഫ്റ്റിങ് ഫണ്ട് എത്രആവശ്യമാണെന്ന് ഇനി കണക്കാക്കണം. ഇതിനുശേഷം ടെൻഡർ നടപടിക്രമങ്ങൾപൂർത്തിയാക്കി വേണം തുടർനടപടികളിലേക്ക് കടക്കാൻ. മത്സ്യബന്ധനമേഖലയായ പുതിയാപ്പ-വെള്ളയിൽ പ്രദേശങ്ങളെ നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനുള്ള പ്രവൃത്തിയാണിത്. 11 വർഷംമുൻപ് നിർമിച്ച മേൽപ്പാലത്തിന് സമീപനറോഡില്ലാത്തതിനാൽ പാലം നോക്കുകുത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഡിപ്പോസിറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 5.68 കോടി ചെലവഴിച്ചായിരുന്നു പാലംനിർമിച്ചത്. 36 പേരിൽനിന്ന് 49.4 സെൻറ് ഭൂമി വിവിധ ഘട്ടങ്ങളിലായി റോഡ് നിർമാണത്തിനായി ഏറ്റെടുത്തു. 3,40,59,000 രൂപ ഇതിനുമാത്രമായിചെലവഴിച്ചു. ബി.പി.സി.എല്ലും ഏതാനും ഭൂവുടമകളും കോടതിവ്യവഹാരങ്ങളുമായി രംഗത്തുവന്നതാണ് ഭൂമിയേറ്റെടുക്കലിനെ വൈകിപ്പിച്ചത്. സമീപനറോഡ് നിർമാണത്തിന് 12.82 കോടി രൂപയാണ് ഒന്നരവർഷംമുൻപ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഭൂമിക്കടിയിൽ വൈദ്യുതലൈൻപൈലിങ് തുടങ്ങുംമുൻപ് മുടങ്ങി
M
MathrubhumiSource Link
about 2 months ago