“രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിനെതിരെയുള്ള പോരാട്ടമാണിത്; ഇതൊരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ തുടക്കമാണ്”. 63 വർഷം നീണ്ട കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് തന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ജി. സുധാകരൻ നടത്തിയ ഈ പ്രസ്താവന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയുടെ രാഷ്ട്രീയ ചിത്രത്തെ മാറ്റിമറിച്ചിരിക്കുകയാണ്. 2021-ൽ ജില്ലയിലെ ഒൻപതിൽ എട്ട് സീറ്റുകളും പിടിച്ചടക്കി ചെങ്കൊടി പാറിച്ച ഇടതുമുന്നണിക്ക് ഇത്തവണ നേരിടേണ്ടി വരുന്നത് പതിറ്റാണ്ടുകളോളം ജില്ലയിൽ പാർട്ടിയെ നയിച്ച തങ്ങളുടെ തന്നെ മുൻ നായകനെയാണ്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ ആലപ്പുഴയിലെ 16,82,697 വോട്ടർമാർ വിധിയെഴുതുമ്പോൾ അത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ദിശ നിർണയിക്കലാവുമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് ഇത്തവണ അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെ വിജയിക്കാമെന്ന് പ്രതീക്ഷിക്കുമ്പോൾ, ഒൻപത് സീറ്റും പിടിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. To advertise here, ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലെയും സൂക്ഷ്മചലനങ്ങൾ പരിശോധിക്കുന്ന ഈ റിപ്പോർട്ടിൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന അരൂർ, കടുത്ത വ്യക്തിഗത പോരാട്ടം നടക്കുന്ന അമ്പലപ്പുഴ, വിവാദങ്ങൾക്ക് വഴിതെളിച്ച കായംകുളം എന്നീ മണ്ഡലങ്ങളെ പ്രത്യേകമായി വിലയിരുത്തുന്നു. അമ്പലപ്പുഴ: പ്രത്യയശാസ്ത്രവും വ്യക്തിപ്രഭാവവും ഏറ്റുമുട്ടുമ്പോൾ അമ്പലപ്പുഴയിലെ പോരാട്ടം ഇത്തവണ വ്യക്തിഗതമാണ്, ഒപ്പം വൈകാരികവുമാണ്. 2006 മുതൽ 2021 വരെ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും അഴിമതിരഹിതനായ മന്ത്രിയെന്ന പേരെടുക്കുകയും ചെയ്ത ജി. സുധാകരൻ, ഇത്തവണ യു.ഡി.എഫ് പിന്തുണയോടെ തന്റെ പിൻഗാമിയും ശിശ്യനുമായ സിറ്റിങ് എം.എൽ.എ എച്ച്. സലാമിനെതിരെയാണ് മത്സരിക്കുന്നത്. സി.പി.എം. നേതൃത്വം ഇപ്പോൾ ഒരു കൂട്ടം 'ക്രിമിനൽ നേതാക്കളുടെ' കയ്യിലാണെന്നും, അവർ ഒമർ ഖയ്യാമിന്റെ ദർശനം പോലെ ‘ഇന്ന് തിന്നുക, കുടിക്കുക, ആസ്വദിക്കുക, നാളെയെക്കുറിച്ച് ചിന്തിക്കാതിരിക്കുക’ എന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നും സുധാകരൻ പരിഹസിച്ചിരുന്നു. സി.പി.എം നേതൃത്വം 'വർഗവഞ്ചകൻ' എന്ന് വിളിച്ച് സുധാകരനെ നേരിടുമ്പോൾ, പാർട്ടിയുടെ ധാർമ്മികമായ തകർച്ചയാണ് തന്റെ വിഷയമെന്ന് അദ്ദേഹം ആവർത്തിക്കുന്നു. 2021-ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫിന്, സുധാകരന്റെ കടന്നുവരവ് സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ വലിയ വെല്ലുവിളിയാണ്. സിപിഎമ്മിന് 140 സീറ്റുകളിൽ ഏറ്റവും വലിയ അഭിമാനപ്രശ്‌നവും അമ്പലപ്പുഴയിലെ വിജയമാണ്. 2021 ഭൂരിപക്ഷം: 11,125 വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ചു. തദ്ദേശ ഗതി: കഴിഞ്ഞ തവണ എല്ലാ തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നെങ്കിൽ ഇക്കുറി ആലപ്പുഴ നഗരസഭയുടെ പകുതിയും പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്കും യു.ഡി.എഫ് ഭരണത്തിലാണ്. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ലീഡ് 4,459 ആയി കുറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂർ: ജാതി സമവാക്യങ്ങളും കുടിയേറ്റ പ്രശ്നങ്ങളും 2021-ൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 31,984 വോട്ടുകൾ നൽകിയ ചെങ്ങന്നൂരിൽ ഇക്കുറി കാര്യങ്ങൾ അത്ര സുഗമമല്ല. ഹാട്രിക് ജയം ലക്ഷ്യമിടുന്ന മന്ത്രി സജി ചെറിയാന് വെല്ലുവിളിയുമായി കെ.പി.സി.സി. ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് രംഗത്തുണ്ട്. 32 ശതമാനം നായർ വോട്ടുകളും 30 ശതമാനം ക്രൈസ്തവ വോട്ടുകളും 24 ശതമാനം ഈഴവ വോട്ടുകളുമുള്ള മണ്ഡലത്തിൽ സമുദായ സംഘടനകളുടെ നിലപാട് നിർണായകമാണ്. മാർത്തോമ്മ വിഭാഗക്കാരനായ എബി കുര്യാക്കോസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. അതേസമയം, ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലമായ ഇവിടെ ബി.ജെ.പി.യുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാറും ശക്തമായ സാന്നിധ്യമാണ്. 1,89,490 വോട്ടർമാരാണുള്ളത്. വിശ്വകർമ, പെന്തക്കോസ് വിഭാഗങ്ങൾക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. ബി.ജെ.പി.ക്കായി മത്സരിക്കുമെന്നു കരുതിയ സന്ദീപ് വാചസ്‌പതിക്കു പകരം എം.വി. ഗോപകുമാറെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഈ ഘടകങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. 30,000-35,000 സംഘടനാ വോട്ടുകൾ മണ്ഡലത്തിൽ ബി.ജെ.പി.ക്കുണ്ട്. ശബരിമലയിലെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ യുവതീപ്രവേശം, സ്വർണക്കൊള്ള എന്നീ വിവാദങ്ങൾ ചർച്ചയാകും. മണ്ഡലത്തിലെ 8,000 വീടുകൾ ആൾത്താമസമില്ലാതെ കിടക്കുന്നതും വിദേശ കുടിയേറ്റവും ഇവിടുത്തെ വോട്ടെടുപ്പിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. 2021 ഭൂരിപക്ഷം: 31,984 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ചു. തദ്ദേശ ഗതി: യു.ഡി.എഫ് ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിലും ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിലും സജി ചെറിയാൻ കഴിഞ്ഞ തവണ ബഹുദൂരം മുന്നിലായിരുന്നു. വിഭാഗം ആകെ വോട്ടർമാർ സ്ത്രീകൾ പുരുഷന്മാർ ട്രാൻസ്ജെൻഡർ എണ്ണം 16,82,697 871041 811641 15 ഹരിപ്പാട്: ചെന്നിത്തലയുടെ അഞ്ചാം അങ്കവും ബി.ജെ.പി ഭീഷണിയും 1982 മുതൽ ഹരിപ്പാട്ടെ രാഷ്ട്രീയ ചരിത്രം നിയന്ത്രിക്കുന്ന രമേശ് ചെന്നിത്തല അഞ്ചാം തവണയും ജനവിധി തേടുന്നു. 2021-ൽ ജില്ലയിലാകെ ഇടതുതരംഗം വീശിയപ്പോഴും 13,666 വോട്ടിന് വിജയിച്ച അദ്ദേഹം മണ്ഡലത്തിൽ അജയ്യനായി തുടർന്നു. എന്നാൽ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ഹരിപ്പാട് മണ്ഡലത്തിൽ നേടിയ 47,121 വോട്ടുകൾ ഇത്തവണ വലിയ ആശങ്കയാണ് മുന്നണികൾക്ക് നൽകുന്നത്. സി.പി.ഐയിലെ ടി.ടി. ജിസ്മോനും ബി.ജെ.പിയിലെ സന്ദീപ് വാചസ്പതിയും ഇവിടെ മത്സരരംഗത്തുണ്ട്. സന്ദീപ് വാചസ്പതിയെ ചെങ്ങന്നൂരിൽ നിന്ന് അവസാന നിമിഷം ഹരിപ്പാട്ടേക്ക് മാറ്റിയത് എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള 'ഡീലിന്റെ' ഭാഗമാണെന്ന ആരോപണവുമായി യു.ഡി.എഫ് എത്തിയിരുന്നു. ലോക്സഭാ ഗതി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവിടെ 47,121 വോട്ടുകൾ നേടി വലിയ മുന്നേറ്റമുണ്ടാക്കി. തദ്ദേശ ഗതി: മണ്ഡലത്തിലെ നഗരസഭയിലും 10 ഗ്രാമപഞ്ചായത്തുകളിലും 2021-ൽ രമേശ് ചെന്നിത്തലയ്ക്ക് ലീഡ് നേടാൻ കഴിഞ്ഞിരുന്നു. കായംകുളം: വിവാദങ്ങൾക്കിടയിലെ അതിജീവനം കായംകുളത്ത് സിറ്റിങ് എം.എൽ.എ യു. പ്രതിഭ നേരിടുന്നത് കടുത്ത മത്സരമാണ്. 2021-ൽ പാർട്ടിയിലെ തന്നെ വിവാദങ്ങളെയും വിമർശനങ്ങളെയും അതിജീവിച്ച് 6,298 വോട്ടുകൾക്ക് വിജയിച്ച പ്രതിഭയ്ക്ക് നേരെ ഇക്കുറി യു.ഡി.എഫ് മണ്ഡലം ചെയർമാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദൾ അഴിച്ചുവിട്ടിരുന്നു. കോൺഗ്രസിന്റെ എം. ലിജുവിന് കായംകുളം നഗരസഭ പിടിച്ചെടുത്തതിന്റെ ആവേശം തുണയാകുമ്പോൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സി.പി.എമ്മിനുണ്ടായ തിരിച്ചുപിടിക്കലിലാണ് പ്രതിഭയുടെ പ്രതീക്ഷ. 2016-ൽ എം. ലിജുവിനെ തോൽപ്പിച്ച ചരിത്രം പ്രതിഭയ്ക്കുണ്ട്. ലിജുവിനെ സംബന്ധിച്ചിടത്തോളം മൂന്ന് തോൽവികൾക്ക് ശേഷമുള്ള തന്റെ നാലാം അങ്കമാണിത്. 2021 ഭൂരിപക്ഷം: 6,298 വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ചു. ലോക്സഭ/തദ്ദേശഗതി: കായംകുളം നഗരസഭ പിടിച്ചെടുത്തത് കോൺഗ്രസിന് ഊർജം നൽകുമ്പോൾ, ചുറ്റുമുള്ള പഞ്ചായത്തുകളിൽ സി.പി.എം ശക്തമായി തിരിച്ചുവന്നത് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. 2021 ഫലം: യു. പ്രതിഭ (LDF) - 77,348, അരിത ബാബു (UDF) - 71,050. ഭൂരിപക്ഷം: 6,298. അരൂർ: ദലീമയും ഷാനിമോളും വീണ്ടും പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഉയർത്തിക്കാട്ടി ദലീമ ജോജോ എത്തുമ്പോൾ, ഷാനിമോൾ ഉസ്മാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ ജില്ലയിലെ രണ്ടാമത്തെ ഉയർന്ന പോളിങ് (80.42%) രേഖപ്പെടുത്തിയത് ഇവിടെയായിരുന്നു. 2021 ഭൂരിപക്ഷം: 7,013 വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ചു. തദ്ദേശ ഗതി: അരൂർ, അരൂക്കുറ്റി പഞ്ചായത്തുകൾ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ മറ്റ് പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിന്നു. ആലപ്പുഴ: പി.പി. ചിത്തരഞ്ജന്റെ ജനങ്ങളുമായുള്ള ബന്ധത്തിന് വെല്ലുവിളിയുമായി കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസാണ് യു.ഡി.എഫിനായി രംഗത്തുള്ളത്. ലത്തീൻ വോട്ടുകളുടെ ഏകീകരണം ഇവിടെ ഫലത്തെ സ്വാധീനിക്കും. സിറ്റിങ് എം.എൽ.എ പി.പി. ചിത്തരഞ്ജനെതിരെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണ് തോമസ്. 2021 ഭൂരിപക്ഷം: 11,644 വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ചു. 2021-ൽ ചിത്തരഞ്ജൻ ജയിച്ചെങ്കിലും എൽ.ഡി.എഫിന് വോട്ടുകൾ കുത്തനെ കുറഞ്ഞിരുന്നു (9,799 വോട്ടിന്റെ കുറവ്). അതേസമയം തോറ്റിട്ടും യു.ഡി.എഫ് ഇവിടെ വോട്ടുവിഹിതം ഉയർത്തി. മാവേലിക്കര: 2021-ൽ മാവേലിക്കരയിൽ ഇടതുമുന്നണി ഉജ്ജ്വലമായ വിജയമാണ് നേടിയത്. ഡിവൈഎഫ്ഐ. നേതാവ് എം.എസ്. അരുൺകുമാർ 24,717 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വോട്ടെണ്ണലിന് മുൻപ് മാവേലിക്കര നഗരസഭയിൽ 2,500 വോട്ടിന് പിന്നിലായേക്കാം എന്ന് ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നെങ്കിലും, ആ വിലയിരുത്തലുകളെ തെറ്റിച്ചുകൊണ്ട് നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും അരുൺകുമാർ ലീഡ് അന്ന് ലീഡ് നേടുകയായിരുന്നു. അന്ന് വിജയിച്ചെങ്കിലും 2016-നെ അപേക്ഷിച്ച് എൽ.ഡി.എഫിന് വോട്ടുകൾ കുറയുകയാണുണ്ടായത് (74,555-ൽ നിന്ന് 71,743 ആയി കുറഞ്ഞു). അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ഷാജു തന്റെ വോട്ട് വിഹിതം 43,013-ൽ നിന്ന് 47,026 ആയി വർദ്ധിപ്പിച്ചു. 2026-ലെ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ എം.എസ്. അരുൺകുമാറിനെതിരെ അഡ്വ. മുത്താര രാജിനെ മണ്ഡലത്തിൽ ഇറക്കുന്നതിലൂടെ അട്ടിമറി വിജയം കൊയ്യാനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. സ്ത്രീ വോട്ടർമാർക്ക് ഗണ്യമായ ഭൂരിപക്ഷമുള്ള മണ്ഡലമാണ് മാവേലിക്കര എന്നത് ഇത്തവണത്തെ മത്സരത്തിൽ നിർണായകമായേക്കാം. തദ്ദേശ ഗതി: നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും കഴിഞ്ഞ തവണ അരുൺകുമാർ ലീഡ് നേടിയിരുന്നു. കുട്ടനാട്: സിറ്റിങ് എംഎൽഎ തോമസ് കെ. തോമസ് (എൽഡിഎഫ്) സീറ്റ് നിലനിർത്താൻ ശ്രമിക്കുമ്പോൾ വ്യവസായിയായ റെജി ചെറിയാൻ (യുഡിഎഫ്) അട്ടിമറി പ്രതീക്ഷിക്കുന്നു. 2021-ൽ ഇവിടെ എൽഡിഎഫിന്റെ ഭൂരിപക്ഷം 5,516 വോട്ടായിരുന്നു. 2021 ഭൂരിപക്ഷം: 5,516 വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ചു. തദ്ദേശ ഗതി: 13 പഞ്ചായത്തുകളിൽ 10-ലും നിലവിൽ എൽ.ഡി.എഫ് ഭരണമാണ്. എൻ.ഡി.എ വോട്ടുകളിലെ കുറവ് കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഗുണകരമായിരുന്നു. ചേർത്തല: മന്ത്രി പി. പ്രസാദും കോൺഗ്രസിലെ കെ.ആർ. രാജേന്ദ്രപ്രസാദും തമ്മിലാണ് പോരാട്ടം. 2021-ൽ പി. പ്രസാദ് 6,148 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആലപ്പുഴയിൽ ഇക്കുറി പോരാട്ടം കേവലം വോട്ടെണ്ണലിലല്ല, മറിച്ച് രാഷ്ട്രീയ സത്യസന്ധതയും സംഘടനാ കരുത്തും തമ്മിലാണ്. ജി. സുധാകരന്റെ സാന്നിധ്യം ജില്ലയിലെ മൂന്ന് നാല് മണ്ഡലങ്ങളിലെങ്കിലും സി.പി.എം. വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് കോൺഗ്രസ് കരുതുന്നു. എന്നാൽ, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനാ സംവിധാനത്തിന് പുറത്തുപോയവരെ തടയാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

ഭൂരിപക്ഷ റെക്കോഡുകൾ തകരുമോ, ആരുടെ വള്ളം കരയ്ക്കടുക്കും ആലപ്പുഴയിൽ?
M
MathrubhumiSource Link
about 1 month ago