കൊച്ചി: വടുതല കർഷകറോഡ് ഗ്രീൻ ഗാർഡൻ അപ്പാർട്ട്‌മെന്റിലെ വാടകവീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാവുവിള കാരോട് കനകവിഹാറിൽ സുരേന്ദ്രൻനായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരാണ് മരിച്ചത്. സ്ത്രീകൾ തൂങ്ങിമരിച്ച നിലയിലും ഇളയകുട്ടികൾ കട്ടിലിലും മൂത്തമകൻ തറയിലും കിടക്കുന്ന നിലയിലായിരുന്നു. To advertise here, രണ്ടുമാസം മുൻപാണ് ഇവർ വടുതലയിൽ വീട് വാടകയ്ക്ക് എടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂത്ത മകൻ കാർണിവന്റെ ചികിത്സാർഥമാണ് വീടെടുത്തത്. വീട്ടുടമ ദുബായിലാണ്. രണ്ടുദിവസമായി വീട്ടിൽ ആളനക്കം കാണാത്തതതിനേത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്നുനോക്കിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയതായും എയർകണ്ടീഷനർ പ്രവർത്തിക്കുന്നതായും കണ്ടു. കൈവശമുള്ള മറ്റൊരു താക്കോലെടുത്ത് തുറന്നുനോക്കിയപ്പോൾ മുറിയിൽ രണ്ട് സ്ത്രീകൾ തൂങ്ങിനിൽക്കുന്നത് കണ്ടു. ഉടൻ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ ഉൾപ്പെടെ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പോലീസിൽ അറിയിച്ചു. കുട്ടികൾക്ക് വിഷം നൽകിയശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. കരൾരോഗബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴുമാസംമുൻപ് ജീവനൊടുക്കിയിരുന്നു. ഈ ആഘാതത്തിനുപിന്നാലെ കുടുംബത്തിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായെന്ന് സൂചനയുണ്ട്. പോലീസിന് ലഭിച്ച, അശ്വതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരങ്ങളുണ്ട്. അക്ഷതിന്റെ മരണത്തിനുകാരണം അശ്വതിയാണെന്ന തരത്തിൽ വിമർശനമുയർന്നിരുന്നിരുന്നതായും ഭർത്താവിന്റെ വേർപാടും ഈ കുറ്റപ്പെടുത്തലുകളുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ ആണെന്ന് പോലീസ് കരുതുന്നു. അശ്വതിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ തൂങ്ങിനിന്ന മുറിയിലെ ഫാനിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഒരു തുണി അറുത്തുമാറ്റിയിട്ടുണ്ട്. ഇവരിൽ ആരെങ്കിലും ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ മറ്റെയാൾ രക്ഷിക്കാൻ നോക്കിയതാണോ അതോ ആദ്യശ്രമം പരാജയപ്പെട്ടതാണോയെന്ന് വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അശ്വതിയുടെ ബന്ധുക്കളും കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇവരുടെയും മൊഴി പോലീസ് ശേഖരിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഭർത്താവ് 7 മാസംമുൻപ് ജീവനൊടുക്കി, ഒപ്പം കുടുംബപ്രശ്നങ്ങളും; കൊച്ചിയിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ
M
MathrubhumiSource Link
about 2 months ago