മഅദിൻ റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനം നാളെ

മഅദിൻ റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനം നാളെ

M
MathrubhumiSource Link
ഉദ്ഘാടനസംഗമം ഇന്ന് To advertise here, മലപ്പുറം : ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റംസാൻ 27-ാം രാവായ തിങ്കളാഴ്‌ച മഅദിൻ അക്കാദമിയിൽ പ്രാർഥനാസമ്മേളനം നടക്കും. തിങ്കളാഴ്‌ച പുലർച്ചെ നാലുമുതൽ ചൊവ്വാഴ്‌ച പുലർച്ചെ മൂന്നുവരെയാണ് പരിപാടി. പ്രാർഥനാസമ്മേളനത്തിന്റെ ഉദ്ഘാടനസംഗമം ഞായറാഴ്‌ച രാവിലെ 8.30-ന് മഅദിൻ കാമ്പസിൽ നടക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനാകും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മിൻഹാജ് പണ്ഡിത ദർസ്, സ്‌കൂൾ ഓഫ് ഖുർആൻ എന്നിവയുടെ സമാപനവും നടക്കും. രാവിലെ 10-ന് വനിതകൾക്ക് വിജ്ഞാനവേദിയും പ്രാർഥനാസംഗമവുമുണ്ടാകും. സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രകാരൻ അബൂശാക്കിർ സുലൈമാൻ ഫൈസിയുടെ ചരിത്രപഠനവും വൈകീട്ട് നാലിന് സമസ്ത ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. മുഹമ്മദ് ബാഖവി അനുസ്‌മരണ സംഗമവും പ്രാർഥനാസദസ്സും നടക്കും. തിങ്കളാഴ്‌ച പുലർച്ചെ നാലിന് ഇഅതികാഫ് സംഗമത്തോടെ പ്രത്യേക ചടങ്ങുകൾ തുടങ്ങും. തുടർന്ന് ഇസ്തിഗ്ഫാർ മജ്‌ലിസ് നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹിം ബാഖവി മേൽമുറിയുടെ നേതൃത്വത്തിൽ ഹദീസ് പഠനക്ലാസ് നടക്കും. രാവിലെ 6.30-ന് ഖാരിഅ അസ്‌ലം സഖാഫി മൂന്നിയൂരിന്റെ നേതൃത്വത്തിൽ തജ്‌വീദ് പഠനക്ലാസ് നടക്കും. 10.30-ന് നടക്കുന്ന ഖത്മുൽ ഖുർആൻ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി നേതൃത്വംനൽകും. ഉച്ചയ്ക്ക് ഒന്നിന് അസ്‌മാഉൽ ബദ്രിയ്യീൻ മജ്‌ലിസ് നടക്കും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വംനൽകും. ശേഷം അസ്‌മാഉൽ ഹുസ്‌നാ മജ്‌ലിസും വിർദുല്ലത്തീഫ് സദസ്സും നടക്കും. തുടർന്ന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന സമൂഹ ഇഫ്താർ നടക്കും. നോമ്പുതുറയ്ക്കുശേഷം മഗ്‌രിബ് നമസ്‌കാരം, മയ്യിത്ത് നമസ്‌കാരം, അവ്വാബീൻ നമസ്‌കാരം, തസ്ബീഹ് നമസ്‌കാരം, ഇശാ നമസ്‌കാരം, തറാവീഹ്, വിത്‌റ് നമസ്‌കാരങ്ങൾ ജമാഅത്തായി മഅദിൻ ഗ്രാൻഡ് മസ്ജിദ്, മഅദിൻ ഓൾഡ് മസ്ജിദ്, മഅദിൻ മെയിൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. രാത്രി ഒൻപതിന് പ്രധാന വേദിയിൽ പ്രധാന ചടങ്ങുകൾക്ക് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടക്കമാകും. വേദിയിൽ ഹദ്ദാദ് റാത്തീബും ആയിരം തഹ്‌ലീലും നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ 27-ാം രാവ് പ്രാർഥനാസമ്മേളന സമാപനവേദി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ അധ്യക്ഷനാകും. മുഹിയുസ്സുന്ന പൊന്മള അബ്ദുൽഖാദിർ മുസ്‍ലിയാർ അനുഗ്രഹഭാഷണം നടത്തും. സ്വലാത്ത്, യാസീൻ പാരായണം, തൗബ, ലഹരിക്കെതിരേയുള്ള പ്രതിജ്ഞ, ലോകസമാധാനത്തിനായുള്ള പ്രാർഥന എന്നിവ നടക്കും. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വംനൽകും. സമ്മേളനത്തിന് സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്‌, എസ്.ജെ.എം, എസ്.എം.എ, എസ്. എസ്.എഫ്. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. സംഗമത്തിൽ ലക്ഷക്കണക്കിന് ആളുകളെ ഉൾക്കൊള്ളുന്ന വിശാലമായ ഇരിപ്പിടങ്ങളും അത്യാധുനിക സൗണ്ട് സിസ്റ്റങ്ങളും ഡിജിറ്റൽ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് വിശ്വാസികൾക്ക് തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കാനും മറ്റു പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്താനും സന്നദ്ധസേവകരുണ്ടാകും. ട്രാഫിക് നിയന്ത്രണത്തിനും വിശ്വാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ വൊളന്റിയർ വിങ്ങും മെഡിക്കൽ, അഗ്നിരക്ഷാസേനാ സംവിധാനവുമുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഅദിൻ റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനം നാളെ — Mathrubhumi… | Boolokam