മക്കളേ, വായിച്ചുവളരുക

മക്കളേ, വായിച്ചുവളരുക

M
MathrubhumiSource Link
റിട്ടയർമെന്റിന് കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് പ്രഥമാധ്യാപകൻ To advertise here, ഒതുക്കുങ്ങൽ : കുഞ്ഞുമക്കൾക്ക് അക്ഷരവെളിച്ചം പകർന്ന് 28 വർഷത്തെ അധ്യാപകജീവിതം. സ്‌നേഹാക്ഷരങ്ങളുടെ ആ ലോകത്തുനിന്ന് ‘റിട്ടയർ’ ചെയ്യുമ്പോൾ പ്രിയപ്പെട്ട തന്റെ കുട്ടികൾക്ക് സമ്മാനമായി എന്തു നൽകുമെന്ന കാര്യത്തിൽ സത്യനാഥൻമാഷിന് ഒരു സംശയവുമുണ്ടായില്ല- അവർക്ക് വായിച്ചുവളരാൻ പുസ്തകങ്ങളുടെ ഒരു ശേഖരംതന്നെ വാങ്ങി നൽകി മാഷ്. ഒതുക്കുങ്ങൽ പടിഞ്ഞാറേക്കര എ.എം.എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായ സി.പി. സത്യനാഥനാണ് തന്റെ വിരമിക്കൽദിനം വേറിട്ട സമ്മാനത്തിലൂടെ അവിസ്മരണീയമാക്കിയത്. സ്‌ക്രീനിൽ അമിതമായി സമയം ചെലവഴിക്കുന്ന കുട്ടികളെ പുസ്തകങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ‘മാതൃഭൂമി’ ബുക്‌സുമായി ചേർന്ന് ഇത്തരമൊരു ആശയം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഥകളും കവിതകളും വിജ്ഞാനകോശങ്ങളും അടങ്ങുന്ന വൈവിധ്യമാർന്ന പുസ്തകശേഖരമാണ് വിദ്യാർഥികൾക്കു നൽകിയത്. ‘അധ്യാപകൻ ക്ലാസ്‌മുറികളിൽ മാത്രം ഒതുങ്ങേണ്ടയാളല്ല, കുട്ടികളുടെ ഉള്ളിൽ വായനയുടെയും ചിന്തയുടെയും വിത്തുകൾ പാകുന്നയാളാകണം. അതിനു കഴിഞ്ഞല്ലോ എന്നതാണ് എന്റെ സംതൃപ്തി’- പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ ആർ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുരുണിയൻ ഹക്കീം അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകൻ പി.കെ. മധുസൂദനൻ, ഹസീന കുരുണിയൻ, ടി.സി. അബ്ദുൾ ഗഫൂർ, കെ. മുഹമ്മദ് ഫാരിസ്, എം.കെ. റജീന, എം. ഫൈസൽ, വിജിത, ഫാത്തിമ, സി.പി. റസിയ എന്നിവർ പ്രസംഗിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മക്കളേ, വായിച്ചുവളരുക — Mathrubhumi | Boolokam | Boolokam