സുരക്ഷയൊരുക്കാൻ നടപടിയില്ല To advertise here, അടിസ്ഥാനസൗകര്യവും ഒരുക്കിയില്ല മഞ്ചേശ്വരം : മഞ്ചേശ്വരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുണ്ടുകുളുക്കെ ബീച്ചിൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം തിരമാലകളിൽപ്പെട്ട് കാണാതായ 18-കാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖിന്റെ മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് തിരമാലയിൽപ്പെട്ട് കടലിൽ കാണാതായത്. ബുധനാഴ്ച വൈകിട്ടാണ് ഇവർ കുടുംബസമേതം ബീച്ചിലെത്തിയത്. തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച വൈകിട്ട് ഹൊസബെട്ടു മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗാർഡുമാർ വേണം മഞ്ചേശ്വരത്തെ പ്രധാന ബീച്ചാണ് കുണ്ടുകുളുക്കെ. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടക അതിർത്തി ഗ്രാമങ്ങളിൽനിന്നുമെല്ലാം അവധി ആഘോഷങ്ങൾക്കും മറ്റുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ദിനംപ്രതി ഇവിടെയെത്തുന്നുണ്ട്. മതിയായ സുരക്ഷാസംവിധാനമില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ഇവിടെയെത്തുന്നവർക്ക് വെല്ലുവിളിയാകുന്നു. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് ബീച്ചിൽ അനുഭവപ്പെടുന്നത്. അവധിക്കാലങ്ങളിൽ ബീച്ച് ഫെസ്റ്റ് ഉൾപ്പെടെ ഇവിടെ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞവർഷം ബീച്ചിൽ കളിക്കുന്നതിനിടെ ഒരു കുട്ടി തിരമാലയിൽപ്പെട്ടിരുന്നു. രക്ഷിക്കാനിറങ്ങിയ മാതാവും അപകടത്തിൽപ്പെടുകയുണ്ടായി. ആൾക്കാർ നോക്കിനിൽക്കെ നാട്ടുകാരനായ യുവാവ് കടലിലിറങ്ങി രണ്ടുപേരെയും രക്ഷിക്കുകയായിരുന്നു. ഒരുവർഷം മുൻപ് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചിരുന്നു. ആഘോഷങ്ങൾക്കായെത്തുന്നവർ കുട്ടികളടക്കം അശ്രദ്ധമായി കടലിലിറങ്ങി കുളിക്കുന്നത് പതിവാണ്. എന്നാൽ ഇവരെ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ സംവിധാനമില്ല. വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് അധികൃതരുടെ ഇടപെടലുണ്ടാകുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ച് കടൽ സുരക്ഷാ സ്ക്വാഡ് രൂപവത്‌കരിച്ചിട്ടുണ്ട്. ഇവർക്ക് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളും ലൈസൻസും നൽകിയിട്ടുണ്ടെങ്കിലും നിലവിൽ മത്സ്യബന്ധനമേഖലയിൽ മാത്രമാണ് ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ആൾത്തിരക്കേറുന്ന ബീച്ചിലുൾപ്പെടെ പരിശീലനം ലഭിച്ച ഗാർഡുകളെ നിയമിക്കണമെന്നാണ് വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെയും നാട്ടുകാരുടെയും ആവശ്യം. Published: 17 Apr 2026, 04:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഞ്ചേശ്വരം ബീച്ചിൽ അപകടങ്ങൾ അവസാനിക്കുന്നില്ല
M
MathrubhumiSource Link
23 days ago