മഞ്ചേശ്വരത്ത് സുരേന്ദ്രൻ ക്ഷീണം തീർക്കുമോ? സന്ദീപ് വാര്യർ ഞെട്ടിക്കുമോ? കാസർകോട് ആര് വാഴും ആര് വീഴും

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ക്ഷീണം തീർക്കുമോ? സന്ദീപ് വാര്യർ ഞെട്ടിക്കുമോ? കാസർകോട് ആര് വാഴും ആര് വീഴും

M
MathrubhumiSource Link
കാസർകോട്: അഞ്ചു മണ്ഡലങ്ങൾ, മൂന്നിടത്ത് ഇടതും രണ്ടിടത്ത് യുഡിഎഫും. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, ഉദുമ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് മണ്ഡലങ്ങളിൽ കഴിഞ്ഞ കാലങ്ങളിലായി കണ്ടുവരുന്ന പ്രവണത ഇങ്ങനെയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും തുടക്കത്തിൽ പതിവുപല്ലവിയെന്ന് തോന്നിച്ചുവെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ പലയിടത്തും ചർച്ചകൾ മാറി, പ്രചരണം കൊഴുത്തു. ആര് വാഴും ആര് വീഴും എന്ന് വ്യക്തമല്ലാത്ത രാഷ്ട്രീയ സാഹചര്യം. To advertise here, തൃക്കരിപ്പൂരിലെ ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ സന്ദീപ് വാര്യരെ രംഗത്തിറക്കി യുഡിഎഫ് അപ്രതീക്ഷിത നീക്കം നടത്തി. വലിയ ആവേശമാണ് തൃക്കരിപ്പൂരിൽ യുഡിഎഫ് അണികൾക്കിടയിൽ ഈ നീക്കം ഉണ്ടാക്കിയത്. കാസർകോട് ലീഗിന്റെ കോട്ടയിളക്കാൻ ഷാനവാസ് പാദൂരിനെ കളത്തിലിറക്കി എൽഡിഎഫും ഞെട്ടിച്ചു. ബിജെപി വെല്ലുവിളി നേരിടുന്ന മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എ.കെ.എം. അഷറഫ് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കെ. സുരേന്ദ്രൻ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് മഞ്ചേശ്വരം മണ്ഡലം കൈവിട്ടതിന്റെ ക്ഷീണം തീർക്കാനാണ് സുരേന്ദ്രന്റെ ശ്രമം. തീപാറുന്നു, തൃക്കരിപ്പൂരിൽ സ്ഥാനാർഥിനിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായിരുന്നു തൃക്കരിപ്പൂർ മണ്ഡലത്തിൽ. കേരള കോൺഗ്രസിൽനിന്ന് സീറ്റെടുത്ത് കോൺഗ്രസ് ചാനൽ ചർച്ചകളിലെ പാർട്ടിമുഖം സന്ദീപ് വാരിയരെ പ്രഖ്യാപിച്ചു. എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനലിലെ പോരാട്ടം നേരിട്ട് കളത്തിലേക്കായി;  തൃക്കരിപ്പൂരിൽ വണ്ടിയിറങ്ങി, സ്വീകരണം ഏറ്റുവാങ്ങുമ്പോൾ, ഇവിടെ സ്റ്റേഷൻമാസ്റ്ററായിരുന്ന ഗോവിന്ദ വാരിയരുടെ മകനായ തനിക്ക് ഇതൊരു അപരിചിതനാടല്ലെന്ന് പറഞ്ഞ് പാലക്കാട്ടുകാരനായ സന്ദീപ് വാരിയർ മാസ് എൻട്രി നടത്തി. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പംനിന്ന തൃക്കരിപ്പൂർ വലത്തോട്ട് ചായുമോയെന്ന ചോദ്യവും ഉയരുന്നു. അങ്ങനെയൊരു ചോദ്യവും ചിന്തയും ഒരുഘട്ടത്തിലും ഇടതുപക്ഷത്തിനോ ഈ മണ്ഡലത്തിലെ ജനങ്ങൾക്കോ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് മുസ്തഫ പ്രചാരണം കൊഴുപ്പിക്കുന്നു. എന്നാൽ ഉണ്ണിത്താനുശേഷം കാസർകോടിന്റെ മിന്നലാട്ടമായിരിക്കും സന്ദീപ് വാരിയരെന്ന് പറഞ്ഞ് ആവേശത്തിലാകുന്നു യു.ഡി.എഫ്. എൻ.ഡി.എ. ഇക്കുറി ഇറക്കിയത് ട്വന്റി-ട്വന്റിയെയാണ്. ഏതാനും ദിവസം മുൻപ് ആ പാർട്ടിയിൽ ചേർന്ന കാഞ്ഞങ്ങാട്ടുകാരനായ രവി കുളങ്ങരയാണ്‌ അവരുടെ സ്ഥാനാർഥി. ഇ.എം.എസിനെയും നായനാരെയും മുഖ്യമന്ത്രിയാക്കിയ മണ്ണ് 1957-ൽ ഇ.എം.എസ്. നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന്‌ ജയിച്ചാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായത്. അന്ന് തൃക്കരിപ്പൂരും നീലേശ്വരവും പയ്യന്നൂരും ഉൾപ്പെട്ടതായിരുന്നു നീലേശ്വരം അസംബ്ലി മണ്ഡലം. 87-ൽ നായനാർ മുഖ്യമന്ത്രിപദത്തിലെത്തുന്നത് ഇവിടെ വിജയിച്ചാണ്. 1977-ലാണ് തൃക്കരിപ്പൂർ മണ്ഡലമുണ്ടായത്. 2008-ലെ മണ്ഡല പുനർനിർണയത്തിൽ ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകൾ പയ്യന്നൂർ മണ്ഡലത്തിന്റെ ഭാഗമാക്കി. ഹൊസ്ദുർഗ് മണ്ഡലത്തിലുൾപ്പെട്ട ചെറുവത്തൂർ പഞ്ചായത്തും നീലേശ്വരം നഗരസഭയും തൃക്കരിപ്പൂരിനൊപ്പവുമായി. 77 മുതൽ അഞ്ചുവർഷം സി.പി.എമ്മിലെ പി.കരുണാകരനും അടുത്ത അഞ്ചുവർഷം സി.പി.എമ്മിലെ ഒ.ഭരതനും 87 മുതൽ 96 വരെ ഇ.കെ.നായനാരും പിന്നീട് 10 വർഷം സി.പി.എം. സംസ്ഥാനസമിതിയംഗം കെ.പി.സതീഷ് ചന്ദ്രനും അടുത്ത 10 വർഷം പാർട്ടിയുടെ മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗം കെ.കുഞ്ഞിരാമനും എം.എൽ.എ. ആയി. സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാലനാണ് നിലവിലെ എം.എൽ.എ. അദ്ദേഹത്തിന്റെ രണ്ടാമൂഴമായിരുന്നു. മണ്ഡലത്തിലുൾപ്പെടുന്ന പടന്ന, വലിയപറമ്പ്, പിലിക്കോട്, വെസ്റ്റ് എളേരി-കയ്യൂർ ചീമേനി പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ഇടതുമുന്നണിയും തൃക്കരിപ്പൂർ, വലിയപറമ്പ്, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. വോട്ടുകണക്കിലെ മാറിമറയലുകൾ കഴിഞ്ഞതവണ എം.രാജഗോപാലൻ ജയിച്ചത് 26,137 വോട്ടിനാണ്. കേരള കോൺഗ്രസിലെ എം.പി.ജോസഫായിരുന്നു എതിരാളി. 2011-ൽ 8785 വോട്ടിന് കോൺഗ്രസിലെ കെ.വി.ഗംഗാധരനെ തോല്പിച്ചാണ് സി.പി.എമ്മിലെ കെ.കുഞ്ഞിരാമന്റെ വിജയം. 2016-ലെ തിരഞ്ഞെടുപ്പിൽ എം.രാജഗോപാലൻ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ചത് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനെ 19,659 വോട്ടിന് പരാജയപ്പെടുത്തിയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചു. 2024-ൽ രാജ്‌മോഹൻ ഉണ്ണിത്താന് ഇവിടെ 10,448 വോട്ടിന്റെ ലീഡ് കിട്ടി. പക്ഷേ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ 6,010 വോട്ടിന്റെ ലീഡ്‌ ഇടതുമുന്നണി നേടി. ഇത്തവണ പോരാട്ടം കനത്തതായിരിക്കുമെന്ന് ഉറപ്പ്. കാഞ്ഞങ്ങാട്ടിലെ കാറ്റെങ്ങോട്ട്? ലാളിത്യത്തിന്റെ ആൾരൂപമെന്ന വിശേഷത്തോടെയാണ് ഇടതുപക്ഷം സി.പി.ഐ. നേതാവ് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനെ ജനഹൃദയത്തിലേക്കെത്തിക്കുന്നത്. ദാരിദ്ര്യം അനുഭവിച്ച് വളർന്നയാളാണ് എന്ന് വ്യക്തമാക്കി ഷൈജി ഓട്ടപ്പള്ളിയുടെ പാരമ്പര്യം യു.ഡി.എഫ്. എടുത്തുകാട്ടുന്നു. എളിമയാണ് എൻ.ഡി.എ.യുടെ എം. ബൽരാജിന്റെ മുഖമുദ്ര. ഗോവിന്ദൻ പള്ളിക്കാപ്പിൽ രാവണേശ്വരം മാക്കി സ്വദേശിയാണ്. വിദ്യാർഥി-യുവജന രാഷ്ട്രീയത്തിലൂടെ വളർന്ന് സി.പി.ഐ.യുടെ ദേശീയ കൗൺസിലംഗമായി. യു.ഡി.എഫ്. സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി കോട്ടയം ജില്ലയിലെ കൈപ്പുഴക്കാരനാണ്. കേരള കോൺഗ്രസിന്റെ (ജെ) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ കാഞ്ഞങ്ങാട്ടുകാരൻ എം. ബൽരാജ് എൻ.ഡി.എ.യുടെ സ്ഥാനാർഥിയാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നതാണ് ഗോവിന്ദൻ പള്ളിക്കാപ്പിൽ. തയ്യൽത്തൊഴിലാളിയുടെ മകനായ ഷൈജി രാജപുരത്തെ അമ്മയുടെ കുടുംബത്തെ ചൂണ്ടിക്കാട്ടി ഈ നാടുമായുള്ള ബന്ധം പുതുക്കുന്നു. 15 വർഷംകൊണ്ട് 5,500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയ ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യുടെ വികസനമാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു തുറുപ്പുചീട്ട്. നിങ്ങൾ കോട്ടയവും പാലായും കണ്ടിട്ടുണ്ടോ, നാടിന്റെ വികസനം എങ്ങനെ വേണമെന്ന് കാണിച്ചുതരാമെന്ന് ഷൈജിയും. ജില്ലാ ആസ്പത്രിയെ കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജിന് സമാനമാക്കി വളർത്തിക്കാണിച്ചുതരാമെന്ന് പറഞ്ഞാണ് ബൽരാജിന്റെ വോട്ടഭ്യർഥന. കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ, മടിക്കൈ, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. കള്ളാർ, ബളാൽ പഞ്ചായത്തുകൾ യു.ഡി.എഫും ബാക്കി പഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും എൽ.ഡി.എഫും ഭരിക്കുന്നു. മുമ്പ് ഹൊസ്ദുർഗ് മണ്ഡലമായിരുന്നപ്പോൾ സോഷ്യലിസ്റ്റുകളും കോൺഗ്രസും ഇവിടെ ജയിച്ചിട്ടുണ്ട്. 1991 മുതൽ (പിന്നീട് കാഞ്ഞങ്ങാട് ആയപ്പോഴും) സി.പി.ഐ. തന്നെ കൈവശം വെയ്ക്കുന്നു. 1987-ൽ മാത്രമാണ് ഇവിടെ യു.ഡി.എഫ്. വിജയിച്ചത്. കോൺഗ്രസിലെ എൻ.കെ. മനോഹരനാണ് 89 വോട്ടിന് വിജയിച്ചത്. മറ്റു തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ 2,050 വോട്ടിന്റെ മേൽക്കൈ നേടി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. തരംഗമുണ്ടായപ്പോൾപോലും എൽ.ഡി.എഫിന് 2,221 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 14,915 വോട്ടിന്റെ ലീഡ് മണ്ഡലത്തിലുണ്ടായിരുന്നു. ചാഞ്ചാടുമോ ഉദുമ? പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മുന്നണിസ്ഥാനാർഥികൾ തമ്മിലാണ് ഉദുമയിൽ അങ്കം. 35 വർഷമായി എൽ.ഡി.എഫിന്റെ മേൽക്കൈയിലാണ് ഈ മണ്ഡലം. പിടിച്ചെടുക്കാൻ സാക്ഷാൽ കെ. സുധാകരൻതന്നെ വന്നിട്ടും കുലുങ്ങാത്ത തട്ടകം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനദിവസംതന്നെ പ്രചാരണപ്രവർത്തനം തുടങ്ങിയതാണ് സിറ്റിങ് എം.എൽ.എയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പു. നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ജനശ്രീ ജില്ലാ ചെയർമാനുമായ യു.ഡി.എഫിലെ കെ. നീലകണ്ഠനും ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ മനുലാൽ മേലത്തും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമുണ്ട്. ബേഡഡുക്കക്കാരനായ സി.എച്ച്. കുഞ്ഞമ്പുവിന് മണ്ഡലത്തിൽ മിക്കവരുടെയും പേരെടുത്തുവിളിക്കാനുള്ള സൗഹൃദമുണ്ട്. 2006-ലെ കന്നിയങ്കത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയെ അയ്യായിരത്തിൽപ്പരം വോട്ടിന് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. 2021 ൽ കെ.പി.സി.സി. സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ പെരിയയെ 13,322 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഉദുമയിൽനിന്നുള്ള വിജയം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം മറികടക്കാൻ യു.ഡി.എഫിനായതാണ് കെ. നീലകണ്ഠന്റെ ആത്മവിശ്വാസം. അദ്ദേഹം 2013-ലാണ് കെ.പി.സി.സി. നേതൃപദവിയിലെത്തിയത്. പാർട്ടിയിലും ജനശ്രീയിലും സഹകരണ പ്രസ്ഥാനങ്ങളിലുമുള്ള ബന്ധം മണ്ഡലത്തിൽ അനുകൂലമാകുമെന്നാണ് നീലകണ്ഠന്റെ പ്രതീക്ഷ. ബന്തടുക്ക മാനടുക്കം സ്വദേശിയാണ് മനുലാൽ മേലത്ത്. കൊച്ചിയിലെ കോർപ്പറേറ്റ് കമ്പനിയിലുണ്ടായിരുന്ന ഉദ്യോഗം 2016-ൽ ഉപേക്ഷിച്ച് ആർ.എസ്.എസിൽ സജീവമാകുകയായിരുന്നു. പ്രമുഖർ പയറ്റിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ ആരോഗ്യ, സഹകരണമന്ത്രിയുമായിരുന്ന എൻ.കെ. ബാലകൃഷ്ണൻ 1977-ൽ നിയസഭയിലെത്തിയത് ഉദുമയിൽ നിന്നായിരുന്നു. 3545 വോട്ടിന് കെ.ജി. മാരാരോടായിരുന്നു ജയം. 1987-ൽ കെ.പി. കുഞ്ഞിക്കണ്ണൻ വിജയിച്ചതാണ് ഉദുമയിൽ ഒടുവിൽ യു.ഡി.എഫിന് ലഭിച്ച വിജയം. 1991-ൽ പി. രാഘവനിലൂടെ തുടങ്ങിയ വിജയം ഇത്തവണയും ആവർത്തിക്കുമെന്നും ഭൂരിപക്ഷം കൂടുമെന്നും എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. 2006-ൽ എൽ.ഡി.എഫിലെ കെ.വി. കുഞ്ഞിരാമൻ മണ്ഡലത്തിലെ ഭൂരിപക്ഷം 27,294 ആയി ഉയർത്തിയിരുന്നു. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായിരുന്ന കെ. സുധാകരൻ 2016-ൽ ഉദുമയിൽ മത്സരിച്ചത് ചുവപ്പ് കോട്ടയായ മണ്ഡലം പിടിക്കാനായിരുന്നു. പക്ഷേ, എൽ.ഡി.എഫിലെ കെ. കുഞ്ഞിരാമനോട് 3,698 വോട്ടിന് തോറ്റു. യു.ഡി.എഫിന്റെ പ്രതീക്ഷ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 11,959 വോട്ട് യു.ഡി.എഫിനാണ് കൂടുതൽ. 2026-ലെ തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ആയിരത്തിൽപ്പരം വോട്ടിന്റെ മുൻതൂക്കമുണ്ട്. ചെമ്മനാട്, ദേലമ്പാടി, മുളിയാർ പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. ബേഡഡുക്കയും കുറ്റിക്കോലും പള്ളിക്കരയും എൽ.ഡി.എഫും. പുല്ലൂർ-പെരിയയിൽ ഇരുമുന്നണികൾ സമാസമത്തിലായതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് പ്രസിഡന്റ് പദം കിട്ടി. ഉദുമയിൽ യു.ഡി.എഫിന് 12-ഉം എൽ.ഡി.എഫിന് 11-ഉം സീറ്റുകളാണെങ്കിലും യു.ഡി.എഫ്. അംഗത്തിന്റെ വോട്ട് അസാധുവായതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. പ്രസിഡന്റാണ് നിലവിൽ. വോട്ടർമാർ കൂടി അന്തിമ വോട്ടർപ്പട്ടിക പ്രകാരം മണ്ഡലത്തിൽ 2,28,512 വോട്ടർമാരുണ്ട്. 1,16,342 സ്ത്രീകളും 1,12,166 പുരുഷന്മാരും. 2021-ലെ തിരഞ്ഞെടുപ്പിൽ 2,14,209 വോട്ടർമാരായിരുന്നു. ഇത്തവണ 14,303 വോട്ടർമാർ കൂടിയിട്ടുണ്ട്. 196 തിരഞ്ഞെടുപ്പ് ബൂത്തുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 237 ബൂത്തുകൾ ഉണ്ടാകും. കടലിനും കാടിനുമിടയിൽ കാറ്റ് വീശുന്ന കാസർകോട്... അറബിക്കടലിൽനിന്ന് നെല്ലിക്കുന്ന് കസബ കടപ്പുറത്തേക്ക് ആർത്തലച്ചെത്തുന്ന തിരമാലയിൽനിന്നുയരുന്ന കാറ്റ് കാതങ്ങൾ കടന്ന് കാടുമായി അതിർത്തിപങ്കിടുന്ന ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകൾ വരെ നീളും. അതാണ് കാസർകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശം. കടലിൽനിന്നെത്തുന്ന തിരമാല കരയെടുക്കുന്നതും കാട് ഭരിക്കുന്ന ഇടങ്ങളിലെ വിളകൾ കാട്ടുമൃഗങ്ങൾ കൊണ്ടുപോകുന്നതുമാണ് കാസർകോട് മണ്ഡലവാസികളുടെ പ്രധാന പരാതികൾ. രാഷ്ട്രീയക്കാർക്ക് മുൻപിൽ പലതവണ ആവർത്തിച്ചിട്ടും സാങ്കേതികക്കുരുക്കുകളിൽ അലിയുന്ന പരാതികൾക്കിടയിലും തിരഞ്ഞെടുപ്പ് ആവേശമൊട്ടും കുറയ്ക്കുന്നില്ല വോട്ടർമാർ. തിരഞ്ഞെടുപ്പാവേശത്തിരയിൽ ഓളങ്ങൾ തീർത്ത് അവരും ആഘോഷമാക്കുകയാണ്. ജില്ലയിലെ രണ്ട് പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാർ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് കാസർകോട്. യു.ഡി.എഫ്. ജില്ലാ ചെയർമാനും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജിയും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുമാണിവർ. മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർഥിയായി ജില്ലയിൽ സ്ത്രീ മത്സരിക്കുന്ന ഏക മണ്ഡലമെന്ന പ്രത്യേകതയും കാസർകോടിനുണ്ട്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ മൂന്നാമൻ എൽ.ഡി.എഫ്. സ്വതന്ത്രനായ ഷാനവാസ് പാദൂരാണ്. കോട്ട കാക്കാനൊരുങ്ങുന്ന ലീഗിനും കോട്ട പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്കും ഒരേപോലെ നെഞ്ചിടിപ്പേറ്റുന്ന സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും മണ്ഡലത്തിലെ ജനപ്രീതിയും കണക്കിലെടുക്കുമ്പോൾ 'കറുത്ത കുതിര'യാകാൻ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്ഥാനാർഥി. നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കക്കാർ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയി ആരായാലും നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പുതിയൊരാൾ വരുമെന്നതാണ് യാഥാർഥ്യം. ചരിത്രം ആവർത്തിക്കുമോ, തിരുത്തുമോ? :ആര് മത്സരിച്ചാലും ലീഗ് മാത്രം ജയിക്കുന്നതാണ് മണ്ഡലത്തിന്റെ അരനൂറ്റാണ്ടായുള്ള ചരിത്രം. 1977 മുതൽ ലീഗ് മാത്രം പ്രതിനിധീകരിച്ച മണ്ഡലം. എതിർമുന്നണിക്കാർ ആവനാഴിയിലെ സർവ അസ്ത്രവുമെടുത്ത് പ്രയോഗിക്കുമ്പോഴും ആരിവിടെ ജയിക്കുമെന്നതൊരു ചോദ്യമാണ്. ഒന്നും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതി. കാലങ്ങളായി മൂന്നാംസ്ഥാനത്തെത്താറുള്ള എൽ.ഡി.എഫ്. പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ സാന്നിധ്യം ഏത് മുന്നണിയിലെ വോട്ടാണ് ചോർത്തുകയെന്നതിനെ ആശ്രയിച്ചിരിക്കും മണ്ഡലത്തിലെ വിജയം. ആദ്യം സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത് യു.ഡി.എഫാണ്. പിന്നാലെ, മുഖ്യ എതിരാളിയായ എൻ.ഡി.എ.യുടെ പ്രഖ്യാപനവുമെത്തി. അൽപ്പം വൈകിയാണ് ഇടതുപക്ഷ സ്വതന്ത്രൻ പ്രചാരണരംഗത്തേക്കെത്തുന്നത്. ആദ്യം ഡീലെന്നും അല്ലാ, നോഡീലെന്നും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ പ്രഖ്യാപനം. പ്രചാരണ മുഖങ്ങളിൽ മൂവരും മുന്നേറുകയാണ്. വോട്ടർമാരെ നേരിൽക്കണ്ടും വോട്ട് ബാങ്കാകാൻ സാധ്യതയുള്ള സാമൂഹിക-മതനേതാക്കളെ സന്ദർശിച്ചും പിന്തുണയറിയിച്ചും വോട്ട് തേടിയുള്ള യാത്ര തുടരുന്നു. ഇതിനൊപ്പം സാമൂഹികമാധ്യമങ്ങളിലും റീലുകളിലും സ്ഥാനാർഥികൾ വോട്ടന്വേഷിച്ചുള്ള യാത്ര തുടരുന്നു. മഞ്ചേശ്വരത്തെ മനസ്സിലെന്ത്? അപര, വിമത സാന്നിധ്യവും സമ്മർദവും പത്രികപിൻവലിക്കലും പ്രസ്താവനാ യുദ്ധവുമെല്ലാമായി ഇതിനകംതന്നെ മഞ്ചേശ്വരം മണ്ഡലത്തിലെ പോര് ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ഏറെക്കാലമായി കൂടെയുള്ള മണ്ഡലം ഇക്കുറിയും ഒപ്പംകൂട്ടാനുള്ള കഠിനാധ്വാനത്തിലാണ് സിറ്റിങ് എം.എൽ.എ.യും യു.ഡി.എഫ്. സ്ഥാനാർഥിയുമായ മുസ്‌ലിം ലീഗിലെ എ.കെ.എം. അഷ്റഫ്. ഒരിക്കൽ 89 വോട്ടകലംവരെയെത്തിയ മണ്ഡലത്തിൽ നാലാംവട്ടമെങ്കിലും വിജയിക്കണമെന്ന വാശിയിലാണ് ബി.ജെ.പി.യിലെ കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത് ചുവപ്പ് മാഞ്ഞിട്ടില്ലെന്ന് തെളിയിക്കാനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ കെ.ആർ. ജയാനന്ദ. കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലവുമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണി സ്ഥാനാർഥികൾക്കുപുറമേ ബി.എസ്.പി.യും ഏഴ് സ്വതന്ത്രരും. എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി ജില്ലാ കൗൺസിൽ അംഗം കെ.എം. അഷ്റഫ് പത്രികനൽകിയത് വലിയ ചർച്ചയായിരുന്നു. ഇനിഷ്യലിൽ ഒരക്ഷരംമാത്രം കുറവുള്ള അദ്ദേഹം യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം. അഷ്റഫിന് എതിരാളിക്കൊപ്പം അപരനുമായി. ഇത് എൻ.ഡി.എ. സ്ഥാനാർഥിക്ക് നേട്ടമാകുമെന്ന് പ്രചാരണമുയർന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് പത്രിക പിൻവലിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് കെ.എം. അഷ്റഫ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുന്നതായും പ്രഖ്യാപിച്ചു. എങ്കിലും പ്രശ്നം പൂർണമായി കെട്ടടങ്ങിയിട്ടില്ല. അദ്ദേഹം ഒഴിവായെന്നുവെച്ച് എ.കെ.എം. അഷ്റഫിന് അപരശല്യം ഒഴിവായെന്നു കരുതേണ്ട. അദ്ദേഹത്തിന്റെ പേരുമായി സാമ്യമുള്ള രണ്ട് സ്വതന്ത്രർ മത്സരിക്കുന്നുണ്ട്. കെ. സുരേന്ദ്രന്റെ അപരൻ വന്നത് അങ്ങ് തിരുവനന്തപുരത്തുനിന്നാണ്. മണ്ഡലത്തിൽ ത്രികോണമത്സരമാണെങ്കിലും പ്രധാനപോര് യു.ഡി.എഫും എൻ.ഡി.എ.യും തമ്മിലാണ്. എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്താണ്. 1987-നുശേഷം 2006-ൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു വിജയിച്ചതൊഴിച്ചാൽ മണ്ഡലം യു.ഡി.എഫ്. പക്ഷത്താണ്. 2016-ൽ യു.ഡി.എഫ്. സ്ഥാനാർഥി ലീഗിലെ പി.ബി. അബ്ദുൾ റസാഖ് കേവലം 89 വോട്ടിനാണ് മണ്ഡലത്തിൽ രണ്ടാമങ്കത്തിനിറങ്ങിയ കെ. സുരേന്ദ്രനെ തോൽപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 2019-ൽനടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ എം.സി. ഖമറുദ്ദീൻ ഭൂരിപക്ഷം 7923 ആയി ഉയർത്തി. ബി.ജെ.പി.യിലെ രവീശതന്ത്രി കുണ്ടാറായിരുന്നു എതിരാളി. 2021-ൽ മൂന്നാമങ്കത്തിനെത്തിയ സുരേന്ദ്രനോട് ആദ്യ അങ്കത്തിനിറങ്ങിയ എ.കെ.എം. അഷ്റഫിന് 745 വോട്ടിന്റെ ഭൂരിപക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മലയാളം, കന്നഡ, ബ്യാരി, തുളു തുടങ്ങി മണ്ഡലത്തിലെ വോട്ടർമാർ സംസാരിക്കുന്ന മിക്ക ഭാഷകളും എ.കെ.എം. അഷ്റഫിന് വഴങ്ങും. കോഴിക്കോട് ജില്ലക്കാരനാണെങ്കിലും അത്യാവശ്യം കന്നഡയൊക്കെ പഠിച്ച് കെ. സുരേന്ദ്രനും മണ്ഡലത്തിന് പരിചിതനായിമാറി. ക്രോസ് വോട്ടിങ്ങാണ് പ്രധാന പരാജയകാരണമെന്നും സ്ഥാനാർഥി പറയുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ആർ. ജയാനന്ദ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തുളു അക്കാദമി ചെയർമാനുമാണ്. മഞ്ചേശ്വരം ബങ്കരസ്വദേശിയായ അദ്ദേഹവും മണ്ഡലത്തിൽ സുപരിചിതനാണ്. പരമാവധി വോട്ടുപിടിച്ച് ശക്തിതെളിയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വോട്ടുകൂടി. രണ്ടാംസ്ഥാനത്തുള്ള എൻ.ഡി.എ.യ്ക്ക് പക്ഷേ, വോട്ട് കുറയുകയായിരുന്നു. എൽ.ഡി.എഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ അത് നികത്താനായി. മണ്ഡലത്തിലെ എട്ട് തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫാണ് ഭരിക്കുന്നത്. 2021-നെ അപേക്ഷിച്ച് 7499 വോട്ടർമാർ ഇത്തവണ കൂടുതലാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ക്ഷീണം തീർക്കുമോ? സന്ദീപ് വാര്യർ ഞ… | Boolokam