അർബുദത്തേയും ട്യൂബർക്കുലോസിസിനേയും ഫാറ്റിലിവറിനേയുമൊക്കെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് നിർമാതാവും നടൻ ഹൃതിക് റോഷന്റെ സഹോദരിയുമായ സുനൈന റോഷൻ. ഇപ്പോഴിതാ അടുത്തിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിനുപിന്നാലെ സ്ട്രെങ്ത് ട്രെയിനിങ്ങിന് പ്രാധാന്യം നൽകാൻ തീരുമാനിച്ചതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് സുനൈന റോഷൻ. To advertise here, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുനൈന ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ആരോഗ്യനില താഴെ പോകുന്നതുവരെ സ്ട്രെങ്ത് ട്രെയിനിങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ല. കാഴ്ചയിൽ എത്രത്തോളം കരുത്താർന്നിരിക്കുന്നു എന്നതിലല്ല സ്വയം കരുത്തയാണോ എന്നാണ് അനുഭവപ്പെടേണ്ടതെന്ന് തന്നെ ഓർമപ്പെടുത്തിയത് മഞ്ഞപ്പിത്തമാണെന്നും സുനൈന പറഞ്ഞു. സ്ട്രെങ്ത് ട്രെയിനിങ് എന്നത് പേശികൾക്ക് വേണ്ടിയുള്ളത് മാത്രമല്ല. മഞ്ഞപ്പിത്തത്തിന് മുമ്പ് വ്യായാമം അങ്ങനെ ചെയ്തിട്ടില്ലാത്തതിനാൽ ചെറുതായി ചെയ്യുമ്പോൾ പോലും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഊർജം വളരെ കുറവായിരുന്നു. ചലിക്കാൻ പോലും കഷ്ടമായിരുന്നു. അങ്ങനെയാണ് കാഴ്ചയിൽ എങ്ങനെയിരിക്കുന്നു എന്നതിലല്ല പ്രധാനമെന്ന് മനസ്സിലാക്കിയത്. പതിയെ സ്ട്രെങ്ത് ട്രെയിനിങ് ആരംഭിച്ചു. പേശികൾക്കുവേണ്ടിയല്ല, കരുത്ത് കൂട്ടാനും സന്ധികൾക്ക് കരുത്തേകാനും ആരോഗ്യവതിയായി തോന്നാനുമാണ് സ്ട്രെങ്ത് ട്രെയിനിങ് ആരംഭിച്ചത്- സുനൈന പറയുന്നു. ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഒട്ടും വൈകിക്കാതെ പരിഹാരമാർഗങ്ങൾ തേടുന്നതിലൂടെ ഫാറ്റി ലിവറിനെയും കൈകാര്യം ചെയ്യാമെന്ന് സുനൈന അടുത്തിടെ പറഞ്ഞിരുന്നു. ഗ്രേഡ് ത്രീ ഫാറ്റിലിവർ ആണ് തനിക്ക് സ്ഥിരീകരിച്ചതെന്നും ജങ്ക് ഫുഡിനോടും മദ്യത്തോടും ആസക്തിയുണ്ടായിരുന്നുവെന്നും സുനൈന പറഞ്ഞിട്ടുണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്തതാണ് തനിക്ക് ഗുണം ചെയ്തത്. നേരത്തേ സെർവിക്കൽ കാൻസർ, ബ്രെയിൻ ട്യൂബർകുലോസിസ് എന്നിവയെ അതിജീവിച്ചതിനേക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സുനൈന ഡംബൈൽസ്, മെഷീനുകൾ, ബാൻഡുകൾ, ശരീരഭാരം തുടങ്ങിയവയിലൂടെ ശരീരത്തിന്റെ പേശികൾ കരുത്താർന്നതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും അസ്ഥിയുടെ ആരോഗ്യത്തിനുമൊക്കെ ചെയ്യുന്നവയാണ് സ്ട്രെങ്ത് ട്രെയിനിങ്ങുകൾ. വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത് ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ. എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്. ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്. ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ. പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം. നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്. വാം അപ് നിർബന്ധം വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം. വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും. ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം. അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം. Content Highlights: Sunaina Roshan emphasizes strength training for joint health and inner stamina, not just aesthetics., The importance of professional guidance before starting any intensive fitness regimen. Published: 23 Apr 2026, 03:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഞ്ഞപ്പിത്തത്തിനുശേഷം സ്ട്രെങ്ത് ട്രെയിനിങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു- സുനൈന റോഷൻ
M
MathrubhumiSource Link
17 days ago