തൃശ്ശൂർ: ചൊവ്വാഴ്ച കാലത്ത് ഓടേണ്ട.. ഓടിത്തളരേണ്ട എന്ന പാട്ട് പാടുമ്പോൾ പൂരാവേശത്തിലായിരുന്നു വിൽസൺ. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ജീവനും കൈയിൽ പിടിച്ച് ഓടിയതുകൊണ്ട് മാത്രമാണ് ഈ പടക്കനിർമാണ തൊഴിലാളി ഇന്നും ജീവിച്ചിരിക്കുന്നത്. പടക്കനിർമാണത്തിനിടെയാണ് വിൽസന്റെ പാട്ടിന്റെ ആവേശം മാതൃഭൂമി ന്യൂസ് സംഘം കാലത്ത് ക്യാമറയിൽ പകർത്തിയത്. എന്നാൽ, പാട്ടിനും ആവേശത്തിനും മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. വൈകീട്ട് മൂന്നരയോടെ മുണ്ടത്തിക്കോട്ടെ വയലിൽ പൊട്ടിത്തെറിക്കുകയും തീ വിഴുങ്ങുകയും ചെയ്തവയിൽ വിൽസൺ ജോലി ചെയ്ത വെടിക്കെട്ട്പുരയും ഉണ്ടായിരുന്നു. വിൽസന്റെ തൊട്ടടുത്തുള്ള പടക്കത്തിന്റെ തിരിക്കാണ് ആദ്യം തീ പിടിച്ചത്. തീ കണ്ടതോടെ വിൽസൺ ഓടി രക്ഷപ്പെടുകയായിരുന്നു. വലിയൊരു ദുരന്തത്തിനാണ് ദൂരെ നിന്ന് വിൽസൺ പിന്നെ സാക്ഷ്യംവഹിച്ചത്. സ്ഫോടനം പിന്നീട് പ്രദേശത്തെ അഞ്ച് ഷെഡ്ഡുകളിലേയ്ക്കും അവിടെ സംഭരിച്ച പടക്കങ്ങളിലേയ്ക്കും പടർന്നു. അതൊരു വലിയ ദുരന്തമായി പരിണമിച്ചു. ഓടി രക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് പതിനാലു പേരുടെ ജീവനെടുത്ത ദുരന്തത്തിൽ നിന്ന് വിൽസൺ കഷ്ടിച്ച് രക്ഷപ്പെട്ടത്. To advertise here, വെടിക്കെട്ട് പുരയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ചാനൽക്യാമറയ്ക്ക് മുന്നിൽ നീട്ടിയും കുറുക്കിയും ഈ പാട്ട് പാടിയത്. ആളുകൾ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും മറ്റ് തയ്യാറെടുപ്പുകൾ നടത്തുന്നതും മാതൃഭൂമി ന്യൂസിന്റെ ക്യാമറയിൽ പതിഞ്ഞു. ഞെട്ടലോടെയും തെല്ല് ചങ്കിടിപ്പോടെയുമാണ് പ്രേക്ഷകർ വൈകീട്ട് ഈ പാട്ടിന്റെ ദൃശ്യങ്ങൾ കണ്ടുതീർത്തത്. രാവിലെ മാതൃഭൂമി സംഘമെത്തുമ്പോൾ പ്രദേശം മുഴുവൻ പൂരാവേശത്തിലായിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം അപകടം നടന്നതോടെ സ്ഥിതി മാറി. പിന്നീട് കേരളം ഞെട്ടിയ വാർത്തകളാണ് പുറത്തുവന്നത്. അപകടത്തിനു മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ വിൽസന്റെ ചങ്കിടിപ്പ് കുറഞ്ഞിരുന്നില്ല. ‘’നിയമവിരുദ്ധമായ ഒരു രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ല. ബാക്കിയെല്ലാ കാര്യങ്ങളും ഭംഗിയായിട്ട് പൂർത്തിയാക്കി. പടക്കത്തിന്റെ തിരിയാണ് കത്തിയത്. ചൂട് കാരണമാകാമിത്. എന്നാൽ, കരിമരുന്ന് വെയിലത്ത് കിടന്ന് ഉണങ്ങേണ്ടതുണ്ട്. എന്റെ അടുത്തുള്ള തിരിയാണ് കത്തിയത്.’’ - വിൽസൺ പറഞ്ഞു. ‘’അഞ്ചുമീറ്റർ അകലെ ‘ശേ’ എന്നൊരടി. ഞാൻ പെട്ടെന്ന് മറിഞ്ഞു. അപ്പോഴേക്കും തിരിയൊക്കെ കത്തി. എനിക്ക് മനസിലായി ചതിച്ചൂന്ന്. ഞാൻ ഓടുമ്പോഴേക്കും ഷെഡ് പൊട്ടി. രണ്ട് വയൽ കടന്നുകഴിയുമ്പോൾ സ്‌റ്റോറും പൊട്ടി. പിന്നെ ഞാൻ നിന്നില്ല.’’-അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് 14 പേരാണ് മരിച്ചത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. പലർക്കും ഗുരുതരമായി പരിക്കേറ്റു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. മണിക്കൂറുകൾ കഴിഞ്ഞാണ് തീ പൂർണമായും അണച്ചത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയിൽ ആളുകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നൽകുന്ന വിവരം. ഇവരിൽ ചിലർ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കളക്ടർ വ്യക്തമാക്കി. Content Highlights: Exclusive footage released hours before the 2026 Mundathikkode explosion., 14 lives lost in the devastating fireworks tragedy., Survivor account detailing the sequence of the blast., Official investigation underway regarding safety protocols and chemical use., Current status of injured victims at Thrissur Medical College. Published: 21 Apr 2026, 09:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മണിക്കൂറുകൾക്ക് മുൻപ് പൂരാവേശത്തിൽ ഓടേണ്ട, ഓടേണ്ടെന്ന് പാടി, തിരി കത്തിയതോടെ ഓടി രക്ഷപ്പെട്ട് വിൽസൺ
M
MathrubhumiSource Link
19 days ago