മണ്ണിലെ അദൃശ്യവില്ലന്മാർ; കൃഷി നശിപ്പിക്കുന്ന നിമാവിരകളെ തിരിച്ചറിയാം, പ്രതിരോധിക്കാം

മണ്ണിലെ അദൃശ്യവില്ലന്മാർ; കൃഷി നശിപ്പിക്കുന്ന നിമാവിരകളെ തിരിച്ചറിയാം, പ്രതിരോധിക്കാം

M
MathrubhumiSource Link
മണ്ണിനകത്ത്‌ സൂക്ഷ്‌മാണുക്കൾ ഒത്തിരിയാണല്ലോ. കണ്ണുകൾക്ക് കാണാനാവുന്ന ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇതല്ലാതെ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാനാവാത്ത നിരവധി സൂക്ഷ്‌മ ജീവാണുക്കളുടെ ആവാസകേന്ദ്രമാണ് മണ്ണ്. ഒരു കൈപ്പിടി മണ്ണിൽ കോടാനുകോടി സൂക്ഷ്‌മജീവികളടങ്ങിയിരിക്കും. എന്നാൽ ഈ സൂക്ഷ്മലോകത്ത് ഒളിഞ്ഞിരിക്കുന്ന ചില വില്ലന്മാരുണ്ട്. വിവിധ വിളകളെ ദോഷകരമായി ബാധിക്കുന്നവയാണ് നിമാവിരകൾ (Nematodes). നിമാവിരകളെ ഉരുളൻ വിരകൾ എന്നും വിളിക്കാറുണ്ട്. ഇവക്ക് 0.5 മില്ലിമീറ്റർ താഴെ നീളവും, 0.05 മില്ലീമീറ്റർ വ്യാസവുമുണ്ട്. ഇവയെ മൈക്രോസ്കോപ്പിന്റെ കീഴിൽ വെച്ചാലെ കാണാനാവുകയുള്ളൂ. ഇത്തരം നിമാവിരകൾ, പല വിളകളെയും ആക്രമിക്കുന്നതിനാൽ വിളകളുടെ വളർച്ച ശോഷിക്കുന്നതിനും വിളവ് കുറയാനും കാരണമാകുന്നു. പച്ചക്കറി വിളകൾ, കിഴങ്ങുവർഗ്ഗ വിളകൾ, സുഗന്ധ വിളകൾ, ധാന്യ വിളകൾ എന്നിവയെ നിമാവിരകൾ ആക്രമിച്ച് വിളവില്ലാതാക്കും. To advertise here, നെല്ലിനെ പലതരം നിമാവിരകൾ ശല്യം ചെയ്യാറുണ്ട്. സിസ്റ്റ് നിമാവിര, വേരുതുരപ്പൻ നിമാവിര, വേരുബന്ധക നിമാവിര എന്നിവയാണിതിൽ പ്രധാനം. സിസ്റ്റ് നിമാവിരകളെ ശാസ്ത്രീയമായി ‘ഹെറ്ററോഡീറ ഒറൈസിക്കോള’ എന്നാണ് പറയുന്നത്. ഇവ നെല്ലിനെ ആക്രമിച്ചാൽ നെൽച്ചെടിയുടെ വേരുകളുടെ ഭാരം കുറയുകയും ചിനപ്പുപൊട്ടാനുള്ള ശേഷിയില്ലാതാവുകയും ചെയ്യും. നെൽപ്പാടങ്ങളിൽ പലയിടങ്ങളിലായി നെൽച്ചെടികൾ വളർച്ചയില്ലാതെ മുരടിച്ച് മഞ്ഞളിപ്പ് ബാധിച്ച് നിൽക്കുന്നത് സിസ്റ്റ് നിമാവിര ശല്ല്യത്തിന്റെ ലക്ഷണമാണ്. വേരുതുരപ്പൻ നിമാവിരകളുടെ ആക്രമണ ഫലമായി നെൽച്ചെടിയുടെ ചിനപ്പുപൊട്ടാനുള്ള ശേഷിയില്ലാതാവും. ആക്രമണം നേരിട്ട നെൽച്ചെടികളുടെ വേരുകൾ പരിശോധിച്ചാൽ വേരുകൾ ഉള്ളുപൊള്ളയായിരിക്കുന്നത് കാണാം. ഇതിന്റെ ഫലമായി നെൽച്ചെടികൾക്ക്, മണ്ണിൽനിന്ന് പോഷകങ്ങൾ ആഗിരണം ചെയ്തുപയോഗിക്കാനുള്ള കഴിവ് കുറയുന്നു. നെൽച്ചെടികളിൽനിന്ന് വിളവ് ഗണ്യമായി കുറയുന്നു. ‘ഹിർഷ്‌മാനിയെല്ല ഒറൈസ’ എന്നാണ് വേരുതുരപ്പൻ നിമാവിരയുടെ ശാസ്ത്രീയനാമം. പച്ചക്കറിവിളകളെ ബാധിക്കുന്നതുപോലെത്തന്നെ നെൽച്ചെടികളുടെ വേരുകളെ ആക്രമിച്ച് നശിപ്പിക്കും. ‘മെലോയിഡോഗൈൻ ഗ്രാമിനിക്കോളം’ എന്ന വിഭാഗം നിമാവിരകളാണ് നെൽവേരിലെ പ്രധാന ശല്ല്യക്കാർ. ഇവ വേരിൽ മുഴകൾ ഉണ്ടാക്കുന്നതിനാൽ വളർച്ച മുരടിച്ച് ധാന്യ വിളവ് കുറയ്ക്കും. പച്ചക്കറി വിളകളിൽ മുഖ്യമായി വഴുതിന വർഗ്ഗ വിളകളായ തക്കാളി, വഴുതിന, മുളക്, എന്നിവയിലും വെണ്ട, പയർവർഗ്ഗ വിളകൾ, പാവൽ, എന്നിവയിലും നിമാവിരബാധയുണ്ടാകും. വേരുബന്ധ നിമാവിരകളായ ‘മെലോയിഡോഗൈൻ ഇൻകോഗ്നിറ്റ’ ഒരു ആന്തരിക പാരസൈറ്റ് ഇനമാണ്. ഇതിന്റെ കുഞ്ഞുങ്ങൾ പച്ചക്കറി ചെടിയെ ആക്രമിച്ച് ചെടിയുടെ ഉള്ളിലേക്ക് കടന്നുകയറുന്നു. ഇവയുടെ പ്രവർത്തനഫലമായി ചില ജൈവ-രാസ പ്രവർത്തനങ്ങളുണ്ടാകുന്നു. തത്‌ഫലമായി വേരുകളിൽ നിറയെ മുഴകൾ ഉണ്ടാകും. ഇതിനാൽ ചെടികൾക്ക് സുഗമമായി പോഷകങ്ങളും മറ്റും വലിച്ചെടുത്ത് ഉപയോഗിക്കാനാകാതെ ചെടികൾ മഞ്ഞളിച്ച് വളർച്ച മുരടിച്ച് വിളവില്ലാതെ നിൽക്കും. വിവിധ പച്ചക്കറി വിളകളുടെ മറ്റൊരു ശല്യക്കാരനായ മണ്ണിലെ നിമാവിരയാണ് വൃക്ക നിമാവിരകൾ. റോട്ടിലെൻക്കുലസ് റെനിഫോർമിസ് എന്നാണ്‌ ശാസ്ത്രീയനാമം. ഇവ പച്ചക്കറി വിളകളല്ലാതെ പരുത്തി, സോയബിൻ, മധുരക്കിഴങ്ങ്, പുകയില, എന്നിവയെയും ബാധിക്കും. നല്ല വളർച്ച വരുമ്പോൾ നിമാവിരകൾക്ക് വൃക്കയുടെ ആകൃതി കൈവരും. വേരുകൾക്ക് വരുന്ന വ്രണങ്ങളിലൂടെ വിവിധ സസ്യരോഗകാരികൾ (രോഗകാരികളായ സൂക്ഷ്‌മ ജീവികൾ) എന്നിവ സസ്യങ്ങളുടെ ഉൾഭാഗത്തേക്കെത്തി രോഗബാധയും, ചെടികളുടെ നാശവും ഉണ്ടാക്കും. കാലക്രമേണ വിളവിൽ കുറവുണ്ടാവുകയും ചെയ്യും. സുഗന്ധ വിളകളായ ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക്, എന്നീ വിളകൾക്കും നിമാവിരശല്യം പ്രശ്ന‌മാണ്. ഇഞ്ചിയെയും, മഞ്ഞളിനെയും വേരുബന്ധക നിമാവിരകൾ, വേരുതുരപ്പൻ നിമാവരകൾ, ലീഷൻ നിമാവിരകൾ എന്നിവയാണ് ശല്യം ചെയ്യുന്നത്. ഇഞ്ചിയുടെ ഭൂകാണ്ഡം ചീയുന്ന അഴുകൽ രോഗം നിമാവിരകളുടെ ആക്രമണഫലമായി വർദ്ധിക്കാൻ കാരണമാവും. കുരുമുളകിന് ഒട്ടേറെ കീടരോഗശല്യം ഉണ്ടല്ലോ. ഇതിനുപുറമെയാണ്, നിമാവിരകളുടെ വിളയാട്ടം. കുരുമുളകിൻ്റെ പ്രധാന നിമാവിരകളാണ് വേരുതുരപ്പൻ നിമാവിരയും, വേരുബന്ധക നിമാവിരകളും കുരുമുളക് ‌ചെടിയുടെ സാവധാന വാട്ടരോഗം ഉള്ളയിടങ്ങളിൽ വേരുതുരപ്പൻ വിരകൾ ധാരാളമുണ്ടായിരിക്കും. ആക്രമണവിധേയമായ കുരുമുളക് ചെടിയിലെ ഇലകൾ മഞ്ഞളിക്കും. കാലക്രമേണ ഇലകൾ കൊഴിയും. ചെടിയുടെ നാമ്പ് ഉണങ്ങി ചെടി നശിക്കും. വേരുബന്ധക നിമാവിരശല്ല്യം നിമിത്തം കുരുമുളക് ചെടികളിലെ വേരുകൾക്ക് നിറച്ച് മുഴകൾ വരും. കിഴങ്ങുവർഗ്ഗ വിളകളിലും നിമാവിരബാധ വരും. ഇതിൽ നമ്മുടെ നാട്ടിൽ, കൂർക്കയിൽ ഇവ വലിയ ശല്ല്യമാണ്. കൂർക്കയുടെ കിഴങ്ങിൽ നിറച്ച് മുഴകൾ (ട്യൂമറുകൾ) കാണാറുണ്ട്. ഇവയുടെ ശല്ല്യം നിമിത്തം കൂർക്കയുടെ കിഴങ്ങിന് പുറത്ത് പല വലിപ്പത്തിലുള്ള മുഴകൾ കാണും. കൂർക്ക കൃഷിക്കാർക്ക് ഇതിലൂടെ വലിയ വിളനാശവും വിപണിയിൽ വിലയിടിവും ഉണ്ടാകും. കൂർക്കയുടെ സ്വാഭാവിക മണവും രുചിയും ഗുണവും കൂർക്കയുടെ മന്ത് വഴി നഷ്ടപ്പെടാറുണ്ട്. കൂർക്ക കൃഷിയിടത്തിൽ, കണിക്കൊന്നയില, ശീമക്കൊന്നയില, വേപ്പില, കരിനൊച്ചിയില, കാഞ്ഞിരയില, എന്നിവ ചേർക്കുന്നതിലൂടെയും വേപ്പിൻപിണ്ണാക്ക്. അറക്കപ്പൊടി എന്നിവ ചേർക്കുന്നതിലൂടെയും നിമാവിരശല്ല്യം കുറയ്ക്കാമെന്ന് കർഷകരുടെ നാട്ടറിവ് തെളിയിക്കുന്നു. വാഴയിലും നിമാവിരശല്ല്യം വലിയ തലവേദനയാണ്. 6 വിവിധ തരത്തിലുള്ള നിമാവിരകളാണ് നമ്മുടെ നാട്ടിലെ വാഴയെ ആക്രമിക്കുന്നത്. വേരുതുരപ്പൻ വിര, മുഴയുണ്ടാക്കുന്ന വിര, വൃക്കാ നിമാവിര, ലീഷൻ നിമാവിര, സ്പൈറൽ നിമാവിര, വേരുബന്ധക നിമാവിര എന്നിവയും വാഴകളെ ആക്രമിക്കും. വേരിൽ മുഴയുണ്ടായി വേരിലെ കോശങ്ങളെ നശിപ്പിച്ച് വേര് അഴുകുന്നതിലൂടെ വിളവും കുറയും. നിമാവിരകളെ എങ്ങിനെ നിയന്ത്രിക്കാം പച്ചക്കറി വിളകൾ വിവിധ പച്ചക്കറി വിളകൾ സ്ഥിരമായി ഒരേസ്ഥലത്തെ മണ്ണിൽതന്നെ നടാതെ, മാറ്റി മാറ്റി നടുക. വിളകൾ മാറ്റി നടുന്നത് മണ്ണിലെ നിമാവിരബാധ കുറയ്ക്കും. പച്ചക്കറി നടുന്ന തവാരണകളിൽ മണ്ണ് താപീകരണം (സൂര്യ താപീകരണം) ചെയ്യുക. തവാരണയിലെ മണ്ണിൽ കടലപിണ്ണാക്ക്/വേപ്പിൻപിണ്ണാക്ക് 200 ഗ്രാം പച്ചക്കറിവിത്തിടുന്നതിന് 7 ദിവസം മുൻപ് ഒരു ചതുരശ്ര മീറ്റർ തോതിൽ ചേർക്കുക. കാൽകിലോ ചതച്ച വേപ്പില / കമ്മ്യൂണിസ്റ്റ് പച്ചയില എന്നിവ നടുന്ന കുഴിയിൽ ചേർക്കുക. നന്നായി മണ്ണിൽ ഇലകൾ അഴുകിയശേഷം തൈ നടണം. തൈകൾ നടുന്നതിന് രണ്ടാഴ്‌ച മുൻപായി ഓരോ കുഴിയിലും അര കി.ഗ്രാം ഉമിയോ, അറക്കപ്പൊടിയോ ചേർക്കുക. ‘ബാസില്ലസ് മാസിറൻസ്’ 3 ശതമാനം ഉപയോഗിച്ച് പച്ചക്കറി വിത്തിൽ പുരട്ടി നടുക. വാഴ രണ്ട് വാഴകൾക്കിടയിൽ ഒരുവരി ചെണ്ടുമല്ലി, കനകാംബരം, വാടാർമല്ലി, എന്നിവ നടുന്നത് നിമാവിരബാധ തടയാൻ നല്ലതാണ്. ‘പേസിലോമൈസസ് ലൈലാസിനസ്’ എന്ന മിത്ര ഫംഗസ് ഇരുന്നൂറ്റിതൊണ്ണൂറ് ഗ്രാമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനി വാഴ ചുവട്ടിൽ ഒഴിക്കണം. വാഴതോട്ടത്തിൽ മണ്ണിൽ നല്ല നീർവാർച്ചയുറപ്പാക്കുക. കൃഷി വിദഗ്‌ധരുടെ ശുപാർശയനുസരിച്ച് കാർബോസൾഫാൻ തരിരൂപമരുന്ന് 16.7 കി.ഗ്രാം ഒരു ഹെക്ടറിനെന്ന കണക്കിൽ ചേർക്കണം. കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ്, തരിരൂപ നിമാവിരനാശിനി വാഴയൊന്നിന് പത്ത് ഗ്രാം വീതം വാഴ ചുവട്ടിൽ ചേർക്കുന്നതും നിമാവിര ബാധയെ നിയന്ത്രിക്കാൻ നല്ലതാണ്. കിഴങ്ങുവർഗ്ഗ വിളകൾ, കൃഷിയിറക്കുന്ന മണ്ണിനെ നന്നായി ഉഴുതുമറിച്ച്, സൂര്യതാപീകരണം നടത്തുന്നത് നല്ലതാണ്. കിഴങ്ങുവിത്ത് നടുന്ന കുഴികൾ, ചപ്പിലയിട്ട് ചെറുതായി ചൂടുന്നത് നിമാവിരശല്യം കുറക്കും. വിളകൾ മാറ്റി മാറ്റി നടുക. ജൈവനിമാവിരനാശിനി ‘ബാസില്ലസ് മാസിറൻസ്’ രണ്ട് ശതമാനം ലായനി, നടുന്നതിന് മുമ്പായി തടത്തിൽ ഒഴിക്കുക. നട്ടതിനുശേഷം, രണ്ട് ശതമാനം വീര്യത്തിൽ ഇത് വീണ്ടും തടത്തിൽ ചേർക്കണം. കുരുമുളകിൽ നിയവിരബാധയില്ലാത്ത തൈകൾ നടാൻ ശ്രദ്ധിക്കുക. കുരുമുളക് കൊടികൾ നടുന്ന സമയത്ത് ‘ബാസില്ലസ് മാസിറൻസ്’ എന്ന ജൈവനിമാവിരനാശിനി പത്ത് ഗ്രാം വീതം കൊടിച്ചുവട്ടിൽ ചേർക്കണം. വേപ്പിൻപിണ്ണാക്ക്, ഉമി, ഈർച്ചപ്പൊടി, എന്നിവ ചുവട്ടിൽ ചേർക്കുന്നതും നിമാവിരയെ നിയന്ത്രിക്കും. ഇഞ്ചി വിത്ത് മൂന്ന് ശതമാനം ‘ബാസില്ലസ് മാസിറൻസ്’ ഉപയോഗിച്ച് പരിചരണശേഷം നടുക. ഒരു ഹെക്‌ടറിൽ (ഇരുന്നൂറ്റമ്പത് സെന്റ്) ഒരു ടൺ വേപ്പിൻപിണ്ണാക്ക് നടുമ്പോൾ ചേർക്കുക. ഇത് നട്ട് 45 ദിവസശേഷം വീണ്ടും ചേർക്കുക. ഇഞ്ചി, മഞ്ഞൾ, തടത്തിൽ നിമാവിരശല്യം തടയാൻ ആര്യവേപ്പില, കമ്മ്യൂണിസ്റ്റ് പച്ചയില, ശീമക്കൊന്നയില, കശുമാവില, കണിക്കൊന്നയില, കരിനൊച്ചിയില, എന്നിവയാൽ പുതയിടുക. നെൽപാടം നന്നായി ഉഴുതിളക്കിയിടണം. വേനൽക്കാലത്ത് വയൽ ഉഴുതിളക്കി നല്ല വെയിൽ തട്ടാൻ സാഹചര്യമുണ്ടാക്കണം. കാർബോസൾഫാൻ തരിരൂപകീടനാശിനി വിദഗ്ധോപദേശപ്രകാരം ആവശ്യമെങ്കിൽ ചേർക്കാനും ശ്രദ്ധവേണം. ഇങ്ങിനെ നന്നായി ശ്രദ്ധിച്ചാൽ നമ്മുടെ മണ്ണിനകത്ത് ഒളിഞ്ഞിരിക്കുന്ന വില്ലൻ നിമാവിരകളെ നിയന്ത്രിക്കാനും വിളകളുടെ വിളവ് സംരക്ഷിക്കാനും നമുക്ക് സാധിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ണിലെ അദൃശ്യവില്ലന്മാർ; കൃഷി നശിപ്പിക്കുന്ന നിമാവിരകളെ തി… | Boolokam