അമ്പലപ്പുഴ : നതോന്നതയുടെ താളത്തിൽ ചുവടുവെച്ച് വഞ്ചിപ്പാട്ടുസംഘം. ഹരേരാമ ഹരേകൃഷ്ണ മന്ത്രങ്ങളുരുവിട്ട് ഭക്തജനസഞ്ചയം. മധുരമൂറുന്ന ഐതിഹ്യത്തിന്റെ ഓർമ്മപുതുക്കലായ നാടകശാലസദ്യയ്ക്ക് ഒരിക്കൽക്കൂടി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം വേദിയായി. ഒൻപതാം ഉത്സവദിനമായ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ചരിത്രപ്രസിദ്ധമായ നാടകശാലസദ്യ. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാടകശാലയുടെ വടക്കുപടിഞ്ഞാറേമൂലയിൽ വലിയ പപ്പടം കെട്ടിത്തൂക്കി. To advertise here, ഊട്ടുപുരയിൽ വിഭവങ്ങൾ തയ്യാറായതോടെ സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ദീപം തെളിച്ചു. ദേവസ്വം സെക്രട്ടറി പി.എൻ. ഗണേശൻ പോറ്റി ആദ്യ ഇലയിൽ ചോറുവിളമ്പി. വിഭവങ്ങൾ വിളമ്പിയതോടെ ബാരിക്കേഡിൽ വരിനിന്ന ഭക്തരെ നാടകശാലയിൽ പ്രവേശിപ്പിച്ചു. സദ്യ പൂർത്തിയാതോടെ തോട്ടയ്ക്കാട് വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിപ്പാട്ടുപാടി ചുവടുകൾവെച്ച് പുത്തൻകുളം കരയിലേക്കുനീങ്ങി. നാടകശാലയിൽ വിളമ്പിയ സദ്യയുടെ പങ്കുപറ്റാനായി ഭക്തർ തിരക്കുകൂട്ടുന്നുണ്ടായിരുന്നു. പുത്തൻകുളം കരയിൽനിന്നു മടങ്ങിയെത്തിയ വഞ്ചിപ്പാട്ടുസംഘത്തെ പോലീസ് അധികാരികളും ദേവസ്വം അധികാരികളും ചേർന്ന് പഴക്കുലയും പണക്കിഴിയും നൽകി സ്വീകരിച്ചു. ഡിവൈ.എസ്.പി. കെ.എൻ. രാജേഷ്, ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തിരുനടയിലെത്തി പാട്ടുപാടി നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാക്കി. അഞ്ഞൂറുപേർക്കാണ് നാടകശാലയിൽ സദ്യവിളമ്പിയത്. ഊട്ടുപുരയിൽ നടന്ന പ്രസാദമൂട്ടിൽ എണ്ണായിരത്തിലധികം ആളുകൾ പങ്കെടുത്തു. കാക്കാഴം നാലുപറയിൽ രാജേഷിന്റെ നേതൃത്വത്തിലാണ് വിഭവങ്ങളൊരുക്കിയത്. രാജപ്രതിനിധി തെക്കേടത്ത് നാരായണഭട്ടതിരി, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി. ഈശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. അജിത്കുമാർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.ആർ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. നാടകശാലസദ്യയുടെ ഐതിഹ്യം സജു പാർഥസാരഥി മൈക്കിലൂടെ വിവരിച്ചു. പത്തുനാൾനീളുന്ന ഉത്സവത്തിന് സമാപനംകുറിച്ച് ഞായറാഴ്ച വൈകുന്നേരം ആറാട്ടുനടക്കും. Published: 15 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മധുരംപകർന്ന് അമ്പലപ്പുഴയിൽ നാടകശാലസദ്യ; ആറാട്ട് ഇന്ന്
M
MathrubhumiSource Link
about 2 months ago