ദശാബ്ദങ്ങളുടെ അശാന്തിയിൽ നിന്ന് പതുക്കെ കരകയറുകയായിരുന്നു കശ്മീർ. പത്ത് വർഷത്തിന് ശേഷം 2024-ൽ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സർക്കാർ അധികാരമേറിയതും കശ്മീരിലെ വിനോദസഞ്ചാരമേഖല കരുത്താർജ്ജിച്ചതുമൊന്നും ഭീകരർക്ക് ദഹിച്ചില്ല. പറന്നുയരാൻ തുടങ്ങിയ കശ്മീരിന്റെ ചിറകരിയലായിരുന്നു ഭീകരരുടെ ലക്ഷ്യം. 2025 ഏപ്രിൽ 22-ന് വൈകിട്ടാണ് രാജ്യം നടുങ്ങിയ ഭീകരാക്രമണമുണ്ടായത്. നിരവധി ബോളിവുഡ് സിനിമകളിലെ ഗാനരംഗങ്ങൾക്ക് നിറംപകർന്ന ബൈസരൺവാലിയിലെ പച്ചപ്പുൽമേടുകളിൽ രക്തത്തിന്റെ നിറംവീണു. ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവൻപൊലിഞ്ഞു. വിനോദസഞ്ചാരികളേയല്ല, കശ്മീരിന്റെ ഉയിർപ്പിനെയാണവർ വെടിവെച്ചിട്ടത്. സംഭവം റിപ്പോർട്ട് ചെയ്യാൻ നിയോഗമെത്തിയതോടെ പെട്ടെന്ന് കിട്ടിയ വിമാനത്തിൽ ചീഫ് ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണികൃഷ്ണനൊപ്പം ഡൽഹിയിൽ നിന്ന് രാത്രിതന്നെ ശ്രീനഗറിലേക്ക് കുതിച്ചു. പിന്നെ പത്ത് നാളുകൾ കശ്മീരിൽ കണ്ടതെല്ലാം ഒരു വർഷം പിന്നിടുമ്പോഴും തീവ്രതചോരാതെ മനസ്സിൽ തെളിയുകയാണ്. To advertise here, മനോഹരമായ മഞ്ഞുമലകളുടെ കാഴ്ചകളെ അകലെയാക്കിക്കൊണ്ട് വിമാനം പുലർച്ചെ ശ്രീനഗറിലിറങ്ങുമ്പോൾ ശൂന്യതയായിരുന്നു മനസ്സിൽ. വിമാനത്താവളത്തിലും പുറത്തും വല്ലാത്തൊരു ശാന്തത. സുരക്ഷാ സൈനികരുടെ നിരീക്ഷണക്കണ്ണുകൾക്കിടയിലൂടെ പുറത്തിയശേഷം നേരത്തേ പറഞ്ഞുവെച്ച ടാക്‌സിയിൽ ഹോട്ടലിലേക്ക് പോകാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ നേരെ പഹൽഗാമിലേക്ക് തന്നെ വച്ചുപിടിക്കാൻ തീരുമാനിച്ചെങ്കിലും ഇടയ്ക്ക് വെച്ച് സൈനികർ വാഹനം തടഞ്ഞു. ആരേയും ആ ഭാഗത്തേയ്ക്ക് കടത്തിവിടുന്നില്ല. റോഡുകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. മൂന്നര പതിറ്റാണ്ടിന് ശേഷം കശ്മീരിൽ ആദ്യമായി ബന്ദ് നടക്കുകയാണ്. പാതി തുറന്നുവെച്ച കടയിൽ ചായ കുടിക്കാനിരുന്നു. ഞങ്ങളുടെ ചുറ്റുംകൂടിയ പ്രദേശവാസികളുടെ കണ്ണുകളിൽ ഭീകരാക്രമണത്തിന്റെ ഭീതിയേക്കാൾ കടുത്ത ദുഃഖവും നിരാശയും നിഴലിച്ചു. ''ഇത് കശ്മീരികൾക്ക് നേരെയുള്ള ആക്രമണമാണ്, മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ്... ഞങ്ങളൊന്ന് ജീവിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ, എല്ലാം നശിപ്പിച്ചു, ഇനി മറ്റുനാടുകളിൽ ജോലിചെയ്യുന്ന കശ്മീരികളെ നിങ്ങളെങ്ങനെയാകും നോക്കിക്കാണുക..'' എല്ലാവർക്കും ഒരേ സ്വരം. ശ്രീനഗറിലെ സായുധ പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും വൈകാതെ അവിടെ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുമെന്നും വിവരം ലഭിച്ചതോടെ നേരെ അവിടെയെത്തി. അൽപ്പനേരം കാത്തുനിന്നപ്പോഴേക്കും ഒന്നിനുപുറകെ ഒന്നായി ആംബുലൻസുകളിൽ മൃതദേഹങ്ങൾ പുറത്തേയ്ക്ക്.. ബൈസരൺവാലിയിലേക്ക്... ആദ്യദിവസം പോകാനനുവദിക്കാത്ത ബൈസരൺവാലിയിലേക്ക് പിറ്റേന്നുപുലർച്ചെ യാത്രതിരിച്ചു. അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ സുരക്ഷാസൈനികർ വലിയതോതിൽ നിലയുറപ്പിക്കുംമുൻപേ ഞങ്ങൾ പഹൽഗാമിലെത്തി. കശ്മീരിനെ കൈവള്ളയിൽ കൊണ്ടുനടക്കുന്ന ടാക്‌സി ഡ്രൈവർ തൻവീറിന്റെ ഉപദേശപ്രകാരം ബൈസരൺവാലിയിലേക്ക് നേരിട്ടുള്ള വഴിപിടിക്കാതെ കാട്ടിലൂടെ, ആരുംപോകാത്ത മാർഗത്തിലൂടെ മലകയറി. തലേന്നത്തെ മഴയുണ്ടാക്കിയ വഴുക്കലിൽ ഏറെ പ്രയാസപ്പെട്ടാണ് ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണികൃഷ്ണനൊപ്പം ആറ് കിലോമീറ്റർ കുത്തനെയുള്ള കുന്ന് കയറിയത്. കുറച്ച് ചാനൽ റിപ്പോർട്ടർമാരും വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറും ഏതാണ്ട് ഒപ്പംതന്നെ മലയറുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട മലകയറ്റത്തിനൊടുവിൽ ബൈസരൺവാലിയിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ ഇന്നും നോവുപടർത്തും. അവധിയാഘോഷിക്കാനെത്തിയ നൂറുകണക്കിനാളുകളുടെ ആഹ്ലാദങ്ങൾ അലയടിച്ച പുൽമേട്ടിലപ്പോൾ ഭീതിയുടെ ശാന്തത. പുൽമേട്ടിലേക്കുള്ള ഗേറ്റിന് സമീപം രക്തക്കറകൾ മായാതെ കിടക്കുന്നു. ഭീകരാക്രമണത്തിനിടെ ഒടിരക്ഷപ്പെടുമ്പോൾ അഴിഞ്ഞുപോയ പലരുടേയും പാദരക്ഷകൾ അവിടവിടെയായി ചെളിയിൽ പൂണ്ടുകിടക്കുന്നു. അതിൽ ചെറിയ കുട്ടികളുടെ ചെരിപ്പുകളും കണ്ടപ്പോൾ മനസ്സുവിങ്ങി. ഭീകരാക്രമണം നടന്നശേഷം ബൈസരൺവാലിയിൽ ആദ്യമെത്തുന്ന അച്ചടി മാധ്യമപ്രവർത്തകരായിരുന്നു ഞങ്ങൾ. പുലർച്ചെ മലകയറിയ കുറച്ചു മാധ്യമപ്രവർത്തകർക്ക് മാത്രമാണ് സംഭവസ്ഥലത്തെത്താനായത്. പിന്നീട് വന്നവരേയെല്ലാം പഹൽഗാമിൽ വെച്ചുതന്നെ സേനാംഗങ്ങൾ തടഞ്ഞു. ഭീതിയുടെ മലയിറക്കം ബൈസരൺവാലിയിലെ പുൽമേട്ടിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ മറ്റൊരുവഴിയാണ് ആശ്രയിച്ചത്. അത് വേണ്ടായിരുന്നുവെന്ന് കുറച്ചുകഴിഞ്ഞതേ മനസ്സിലായി. കാട്ടിനുള്ളിലൂടെ കാണുന്ന ചെറുവഴികളിലൂടെ ഞങ്ങൾ രണ്ടുപേർ മാത്രം നടന്നിറങ്ങുന്നു. പക്ഷികളുടെ ശബ്ദംപോലുമില്ലാത്ത കാട്.. അതിനേക്കാൾ ഭയപ്പെടുത്തിയത് കാട്ടിനുള്ളിലെ ചില മരങ്ങൾക്ക് പിന്നിൽ മറഞ്ഞുനിൽക്കുന്ന ആയുധധാരികളായ സൈനികരെ കണ്ടപ്പോഴാണ്. ഇവർ സൈനികർ തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാനാകും. ഭീകരാക്രമണം നടത്തിയവർ ഈ കാട്ടിൽനിന്ന് പുറത്തുപോയിട്ടില്ലെന്നാണ് അപ്പോഴത്തെ വിവരം. ആരേയും പിടികൂടാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ സൈന്യത്തിലേയും അന്വേഷണ ഏജൻസികളിലേയും ഉന്നത ഉദ്യോഗസ്ഥർ ഞങ്ങൾ ഇറങ്ങുന്ന വഴിയിലൂടെ മുകളിലേക്ക് വരുന്നതുകണ്ടു. ഞങ്ങൾ എങ്ങനെ മുകളിലെത്തിയെന്നായി ചോദ്യം. കയറുമ്പോൾ ആരും തടഞ്ഞില്ലെന്ന മറുപടിയിൽ അവർ തൃപ്തരായില്ല. ഏതിലേയാണ് കയറിയതെന്നായി അവർ. ചിലരുടെ പിന്നാലെ കയറിയെന്ന് ഞങ്ങൾ. അപ്പോൾ മുകളിൽ ഇനിയും ആളുകളുണ്ടോയെന്ന് ചോദ്യം. ഉണ്ടെന്ന് പറഞ്ഞതോടെ ഞങ്ങളെ വിട്ട് അവർ കുന്നുകയറ്റം തുടർന്നു. ഞങ്ങൾ താഴേക്കും. ഭീകരരുടെ വീട് തകർക്കൽ അടുത്തദിവസം ഉറക്കമുണരുമ്പോൾ കേട്ടത്, ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകൾ അധികൃതർ സ്‌ഫോടനത്തിലൂടെ തകർത്തുവെന്നാണ്. സ്ഥലം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടെങ്കിലും അവിടേക്ക് കുതിച്ചെത്തി. തെക്കൻ കശ്മീരിലെ ത്രാളിന് സമീപം മൊംഗാമയിലെ ആസിഫിന്റെ വീടും ബിജ്ബെഹറയിലെ ഗുറിയിലെ ആദിലിന്റെ വീടുമാണ് ആദ്യദിവസം രാത്രി തകർത്തത്. വീട്ടുകാരെ മാറ്റിയശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. രണ്ടിടത്തും എത്താനും അവരുടെ ബന്ധുക്കളോട് സംസാരിക്കാനും ചിത്രങ്ങളെടുക്കാനും സാധിച്ചു. ആദിലും ആസിഫുമൊന്നുംതന്നെ വർഷങ്ങളായി എവിടെയെന്നുപോലും വീട്ടുകാർക്കറിയില്ല. ഇവരിൽ ചിലർ പാകിസ്താനിൽ പോയി ഭീകരപരിശീലനം നേടിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. അവരെ തൂക്കിലേറ്റിക്കൊള്ളൂ, ഞങ്ങളെയെന്തിനാണ് ദ്രോഹിക്കുന്നതെന്ന് ബന്ധുക്കൾ വിലപിച്ചു. നാട്ടുകർക്ക് നിസ്സംഗത. പലരും തണുപ്പൻ പ്രതികരണമാണ് അപ്പോൾ നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആദിലിന്റെ വീട് സ്ഫോടനത്തിലൂടെ തകർത്തപ്പോൾ നിശ്ചലമായ കശ്മീർ തുടർദിവസങ്ങളിൽ നിശ്ചലമായ കശ്മീരിനേയാണ് കണ്ടത്. ജമ്മുകശ്മീരിലെ 87വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48-ഉം അടച്ചിട്ടു. ഇന്ത്യയുടെ ദാവോസ് എന്നറിയപ്പെടുന്ന കശ്മീരിലെ ഗുൽമർഗിൽ സഞ്ചാരികളുടെ ഒഴുക്കുനിന്നു. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള (13,500 അടി) ഗുൽമർഗിലെ കേബിൾ കാറിൽ നിന്ന് 2024-ലെ ടിക്കറ്റ് വരുമാനം 103 കോടിയായിരുന്നു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പഹൽഗാമിലും കേബിൾ കാർ പദ്ധതി തുടങ്ങാനിരിക്കേയാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നാലരക്കോടി സഞ്ചാരികളെത്തിയ കശ്മീരിന് ടൂറിസം മേഖലയിലെ തിരിച്ചടി താങ്ങാനാവുമായിരുന്നില്ല. പഹൽഗാമിൽ മാത്രം സഞ്ചാരികളെ സവാരി ചെയ്യിക്കാൻ മൂവായിരത്തിലേറെ കുതിരകളുണ്ടായിരുന്നു. അത്രയും കുടുംബങ്ങളുടെ ആശ്രയമായിരുന്നു അത്. അതേസമയം, ലാൽചൗക്ക്, ദാൽ തടാകം തുടങ്ങി നിരവധി കേന്ദ്രങ്ങൾ തുറന്നുതന്നെ കിടന്നെങ്കിലും സഞ്ചാരികൾ തീരെയെത്താതായി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ ഗുൽമർഗ് ആദിലും മുസാഫറും കശ്മീരികളുടെ സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും പര്യായമായി പഹൽഗാം സംഭവത്തിൽ തെളിഞ്ഞ രണ്ടുപേരുകളാണ് ആദിലും മുസാഫറും. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട, സഞ്ചാരിയല്ലാത്ത ഏക നാട്ടുകാരനാണ് ആദിൽ. സഞ്ചാരികളെ മലകയറ്റുന്ന കുതിരക്കാരൻ. ആദിലിന് വേണമെങ്കിൽ ഭീകരരിൽ നിന്ന് രക്ഷപ്പെടാമായിരുന്നിട്ടും അതു ചെയ്തില്ല. സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുന്നത് തടയാനും ചോദ്യംചെയ്യാനും ശ്രമിച്ചത് ആദിലിന്റെ ജീവൻ നഷ്ടമാക്കി. ആദിലിന്റെ വീട്ടുകാരെ കാണാനായി അവരുടെ ഗ്രാമത്തിൽ പോയി. കുടുംബത്തിന് പിന്തുണയുമായി നിരവധിപ്പേർ എത്തിക്കൊണ്ടിരുന്നു. കുടുംബത്തിന്റെ ആശ്രയം ഇല്ലാതായെങ്കിലും ആദിലിനേക്കുറിച്ച് വീട്ടുകാർക്ക് അഭിമാനം. ഭീകരരിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കവേയാണ് ആദിലിന് വെടിയേറ്റതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി സഹോദരൻ നൗഷാദ് ഞങ്ങളോട് പറഞ്ഞു. തോക്ക് പിടിച്ചുവലിക്കുന്നതിനിടെ വീണുപോയ ആദിലിനുനേരെ മൂന്ന് തവണ കൂടി ഭീകരർ നിറയൊഴിച്ചുവത്രേ. പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച എറണാകുളം സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി, തന്നെ കശ്മീരിൽ സഹായിച്ച ഡ്രൈവർ മുസാഫറിനേക്കുറിച്ച് പറഞ്ഞിരുന്നു. ഈ മുസാഫറിനെ കണ്ടെത്താനും സാധിച്ചു. അച്ഛൻ നഷ്ടപ്പെട്ട മകളേയും കുടുംബത്തേയും തിരിച്ച് നാട്ടിലേക്ക് വിമാനംകയറ്റുന്നതുവരെ എങ്ങനെയാണ് തങ്ങൾ ചേർത്തുപിടിച്ചതെന്ന് വിവരിക്കുമ്പോൾ മുസാഫറിന് കണ്ണുനനയുന്നുണ്ടായിരുന്നു. അതിർത്തി ഗ്രാമത്തിലേക്ക് കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളുടെ അവസ്ഥയെന്തെന്ന് അറിയാനായി ഉറിക്ക് സമീപത്തെ ചുരുണ്ടയിലേക്കുള്ള യാത്ര തീർത്തും സാഹസമായിരുന്നു. ഉറിയിൽ നിന്ന് 800 അടിയിലേറെ ഉയരത്തിൽ മലനിരകൾക്ക് മുകളിൽ ചിതറിക്കിടക്കുന്നതാണ് ചുരുണ്ട ഗ്രാമം. മണ്ണിടിച്ചിലും മഞ്ഞുപെയ്ത്തുംകൊണ്ട് നശിച്ച റോഡിലൂടെ കുത്തനെ കയറി വേണം ചുരുണ്ടയിലെത്താൻ. മുള്ളുവേലികളും സൈനിക പോസ്റ്റുകളും സുരക്ഷയൊരുക്കുന്ന അതിർത്തിഗ്രാമത്തിലേക്ക് പുറമേനിന്നുള്ളവർക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാവില്ല. ഉറിക്ക് സമീപത്തെ അതിർത്തി ഗ്രാമമായ ചുരുണ്ട. പിന്നിൽ കാണുന്ന കുന്നുകൾ പാക് അധീന കശ്മീർ ആണ് മഞ്ഞുകാലത്ത് നാല് മാസത്തോളം നെഞ്ചിനൊപ്പം പൊക്കത്തിൽ ഐസ് നിറയുന്നതിനാൽ മലയിറക്കം ഏറെക്കുറെ അസാധ്യം. ഇക്കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാൻപോലും പ്രയാസം. എങ്കിലും, ചെങ്കുത്തായ മലനിരകളിൽ കൃഷിചെയ്തും സൈനികർക്ക് വേണ്ടി സാധനങ്ങൾ എത്തിക്കുന്ന ജോലിയെടുത്തുമാണ് 1500 ഓളം വരുന്ന ഗ്രാമവാസികൾ ജീവിതം നയിക്കുന്നത്. അമ്പതോളം കുട്ടികൾ വീതം പഠിക്കുന്ന അഞ്ച് ചെറിയ സ്‌കൂളുകളുമുണ്ട് ചുരുണ്ടയിൽ. എട്ടാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് മലയിറങ്ങി പത്ത് കിലോമീറ്റർ സഞ്ചരിക്കണം. ഇതിനായി ജീപ്പുകാത്തു നിൽക്കുന്ന കുട്ടികളേയും കണ്ടു. ചുരുണ്ടയിൽ പലയിടത്തുമായി ഗ്രാമവാസികളുടെ സുരക്ഷയ്ക്ക് ബങ്കറുകളുണ്ടായിട്ടുണ്ട്. അതിർത്തിക്കപ്പുറത്തുനിന്ന് ആക്രമണമുണ്ടായാൽ ഗ്രാമവാസികൾക്ക് സുരക്ഷിതരായിരിക്കാൻ നിർമിച്ച ബങ്കറുകളെല്ലാം ചെളിനിറഞ്ഞ് കിടക്കുന്നു. ഏത് നിമിഷവും പാകിസ്താനിൽ നിന്ന് ആക്രമണമുണ്ടാകുമെന്ന ഭീതി നിൽക്കുമ്പോഴും ചുരുണ്ടയിലെ സ്‌കൂളുകൾ പോലും അടച്ചിട്ടില്ലെന്നതും അത്ഭുതപ്പെടുത്തി. ഉണർവിനേറ്റ തിരിച്ചടി അശാന്തിയുടെ അന്തരീക്ഷം കശ്മീരിന് പുത്തരിയല്ല. സമീപകാലത്തുതന്നെ, 2016-ൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് ബുർഹാൻ വാണിയെ വധിച്ചതിനേത്തുടർന്നുണ്ടായ വൻ പ്രക്ഷോഭം, തുടർച്ചയായ ഭീകരാക്രമണങ്ങൾ (ഉറി-2018, പുൽവാമ-2019), സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കൽ (2019) എന്നിവയ്ക്കെല്ലാം കശ്മീർ സാക്ഷ്യം വഹിച്ചു. പിന്നീട്, സ്ഥിതിഗതികൾ മെല്ലെ മെച്ചപ്പെടുകയും 2024-ൽ, പത്ത് വർഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. ഭീകരാക്രമണം നടന്ന ബൈസരൺവാലിയിലെ പുൽമേട്ടിൽ ലേഖകൻ സംഘർഷങ്ങൾ കുറഞ്ഞതിന്റെ പോസിറ്റീവായ പ്രതിഫലനങ്ങൾ കശ്മീരിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിലും കണ്ടുതുടങ്ങിയിരുന്നു. വിനോദ സഞ്ചാര മേഖലയിലാണ് പ്രകടമായ മാറ്റങ്ങളുണ്ടായത്. 2023, 2024 വർഷങ്ങളിൽ കശ്മീരിൽ നാലരക്കോടിയോളം സന്ദർശകരെത്തിയത് റെക്കോർഡാണ്. ഇതോടെ കൂടുതൽ നിക്ഷേപങ്ങളെത്തി. പുതിയ ഹോട്ടലുകൾ, കൂടുതൽ ട്രാവൽ ഏജൻസികൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയുണ്ടായി. മാത്രവുമല്ല പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുമായും സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. അതിനിടെയാണ് പഹൽഗാം സംഭവിച്ചത്. കശ്മീരിൽ തെളിഞ്ഞത് സുരക്ഷ കൂട്ടാനും ഭീകരതയെ ചെറുക്കാനും ഭരണകൂടം നടപടികൾ സ്വീകരിക്കുന്നത് കശ്മീരികളെ വിശ്വാസമെടുത്തുകൊണ്ടല്ലെങ്കിൽ ഗുണത്തിനേക്കാളേറെ ദോഷം ചെയ്തേക്കുമെന്ന് ബോധ്യപ്പെട്ടു. സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി കശ്മീർവാസികൾ തള്ളുന്നതാണ് ആദ്യദിവസങ്ങളിൽ കണ്ടത്. ഭീകരവാദത്തെ അപലപിച്ചുകൊണ്ട് കശ്മീരിൽ ഇതുപോലൊരു ബന്ദ് നടക്കുന്നതും ആദ്യമായിരുന്നു. എന്നാൽ, പഹൽഗാം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇവിടുത്തെ പ്രാദേശിക ചർച്ചകൾ വഴിമാറിത്തുടങ്ങെന്ന് മനസ്സിലായി. പ്രദേശവാസികൾക്കിടയിൽ എന്തൊക്കെയോ പുകയുന്നപോലെ. ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ വീടുകൾ അധികൃതർ തകർക്കാനാരംഭിച്ചതുമുതലാണ് മറ്റുതരം ആഖ്യാനങ്ങൾക്ക് കരുത്തേറിയത്. വർഷങ്ങളായി നാട്ടിലില്ലാത്ത കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം തെറ്റുചെയ്യാത്തവരെ എന്തിന് ശിക്ഷിക്കുന്നുവെന്ന ചോദ്യം ആദ്യമൊക്കെ പിറുപിറുക്കലായിരുന്നെങ്കിൽ പിന്നീട് ശക്തമായി ഉയരാൻ തുടങ്ങി. അതിനാൽ ഭരണകൂടം എന്ത് നടപടി സ്വീകരിക്കുന്നതും കശ്മീരികളെ വിശ്വാസത്തിലെടുത്താവണമെന്ന് തോന്നി. കുതിപ്പ് തുടരാൻ കശ്മീർ പഹൽഗാമിന് ശേഷം കശ്മീരിലേക്ക് വിനോദസഞ്ചാരികളെത്താൻ മടിച്ചിരുന്നു. പഹൽഗാം സംഭവത്തിന് തൊട്ടുപിന്നാലെ വന്ന അമർനാഥ് തീർത്ഥാടനം ഇതിന്റെ ആദ്യ ടെസ്റ്റ് ഡോസായിരുന്നു. അമർനാഥ് തീർത്ഥാടനത്തിന് ബുക്കിങ് വളരേ കുറഞ്ഞാൽ പുറമേനിന്നുള്ളവർ കശ്മീരിനെ എത്രത്തോളം ഭയക്കുന്നുവെന്നതിന് ഒരു അളവുകോലാകുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ 2024-ൽ 5.12 ലക്ഷം പേരെത്തിയ അമർനാഥ് യാത്രയ്ക്ക് ഭീകരാക്രമണത്തിന് ശേഷമുള്ള 2025-ലെ യാത്രയ്ക്കും 4.14 ലക്ഷം പേരെത്തി. തീർത്ഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിച്ച കുറവുണ്ടായില്ലെന്നത് കശ്മീർ തിരിച്ചുകയറുമെന്നതിന്റെ ആദ്യസൂചനയായി. 2026-ലെ അമർനാഥ് യാത്രയ്ക്കുള്ള ബുക്കിങ് ഏപ്രിൽ 15-ന് തുടങ്ങിയപ്പോൾ ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 25,000 പേർ ബുക്ക് ചെയ്തത് നല്ല സൂചനയായി കാണുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48-ഉം അടച്ചിരുന്നു. ഭീകരാക്രമണം നടന്ന ബൈസരൺ വാലി പോലെ സുരക്ഷാ പഴുതുകൾ കൂടുതലുള്ള സ്ഥലങ്ങളാണ് അടച്ചിട്ടത്. പിന്നീട് പല ഘട്ടങ്ങളിലായി അവയിൽ മിക്കതും തുറന്നുവെന്നുമാത്രമല്ല സഞ്ചാരികൾ നല്ലരീതിയിൽ എത്തിക്കൊണ്ടിരിക്കുന്നതും കശ്മീരിന് പ്രതീക്ഷ പകരുന്നു.

മനസ്സിൽ മായാതെ ബൈസരൺവാലി; പഹൽഗാമിൽ നിന്ന് പറന്നുയരാൻ കശ്മീർ
M
MathrubhumiSource Link
18 days ago