റോബോട്ടിക് ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് ഒരു യന്ത്രമനുഷ്യൻ തനിയെ നിന്ന് ഓപ്പറേഷൻ ചെയ്യുന്നു എന്നാണ്. എന്നാൽ, അങ്ങനെയല്ല. റോബോട്ടിക് ശസ്ത്രക്രിയയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ശസ്ത്രക്രിയ ചെയ്യുന്ന സർജൻ തന്നെയാണ്. ലളിതമായി പറഞ്ഞാൽ, സാധാരണ കാണാറുള്ളതുപോലെ രോഗിയുടെ ചുറ്റും വലിയ ശസ്ത്രക്രിയ ഉപകരണങ്ങളുമായി നിൽക്കുന്ന ഡോക്ടർമാരല്ല, പകരം രോഗിയിൽനിന്ന് അല്പം മാറി ഒരു കൺസോളിന് മുന്നിലിരുന്ന് അതീവ ഏകാഗ്രതയോടെ റോബോട്ടിക് കൈകളെ നിയന്ത്രിക്കുന്ന ഡോക്ടറാണ് ഇവിടെയുള്ളത്. സർജന്റെ കൈകളുടെ ചലനങ്ങൾ അതേപടി അനുകരിക്കുകയാണ് റോബോട്ടിക് കൈകൾ ചെയ്യുന്നത്. To advertise here, എന്താണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഗുണങ്ങൾ ? കൂടുതൽ വ്യക്തത: രോഗിയുടെ ശരീരത്തിൽ വളരെ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിലൂടെ അതിസൂക്ഷ്മമായ ക്യാമറകളും റോബോട്ടിക് കൈകളും ഉള്ളിലേക്ക് കടത്തിവിടുന്നു. സാധാരണ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തതിനേക്കാൾ പത്തിരട്ടി വലിപ്പത്തിലും വ്യക്തതയിലും (3D High Definition) ഉള്ളിലെ ദൃശ്യങ്ങൾ ഡോക്ടർക്ക് സ്ക്രീനിൽ കാണാൻ സാധിക്കും. വളരെ ചെറിയ രക്തക്കുഴലുകൾ പോലും വ്യക്തമായി കാണാൻ കഴിയുന്നതുകൊണ്ട് രക്തസ്രാവം കുറയ്ക്കാനാകും. കൃത്യത: മനുഷ്യന്റെ കൈത്തണ്ടയ്ക്ക് തിരിയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആംഗിളുകളിൽ തിരിയാൻ ഈ റോബോട്ടിക് ഉപകരണങ്ങൾക്ക് സാധിക്കും. ഇതുവഴി ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗങ്ങളിൽപോലും മുറിവുകൾ ഏൽപ്പിക്കാതെ ചികിത്സിക്കാൻ ഡോക്ടർക്ക് സാധിക്കുന്നു. മനുഷ്യസഹജമായ കൈവിറയലുകൾ ഒന്നും തന്നെ ഈ റോബോട്ടിക് കൈകൾക്ക് ഉണ്ടാകില്ല. ഒരു പെൻസിൽ മുനയോളം ചെറിയ ഇടങ്ങളിൽ പോലും അതിശയിപ്പിക്കുന്ന കൃത്യതയോടെ ഈ യന്ത്രക്കൈകൾക്ക് ചലിക്കാൻ കഴിയും. ചെറിയ മുറിവും കുറഞ്ഞ വേദനയും: പരമ്പരാഗത ശസ്ത്രക്രിയകൾ പോലെ വലിയ മുറിവുകൾ ഇതിന് ഉണ്ടാകില്ല. താക്കോൽദ്വാര ശസ്ത്രക്രിയയെക്കാൾ കുറഞ്ഞ വലുപ്പത്തിലുള്ള മുറിവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ വേദന കുറവായിരിക്കും. ശസ്ത്രക്രയയ്ക്ക് ശേഷം രോഗിക്ക് വേഗത്തിൽ വീട്ടിൽ പോകാനും സാധിക്കും. കാൻസർ ചികിത്സയിലെ റോബോട്ടിക് സാന്നിധ്യം കാൻസർ ചികിത്സാരംഗത്തെയും ഏറ്റവും വലിയ മുന്നേറ്റമാണ് റോബോട്ടിക് സർജറി. മുൻകാലങ്ങളിൽ ശസ്ത്രക്രിയയെയും വേദനയേറിയ കീമോതെറാപ്പിയെയും ഭയപ്പെട്ടിരുന്നവർക്ക് കുറഞ്ഞ വേദനയിൽ കൃത്യതയോടെയും വേഗതയോടെയും ഫലപ്രദമായ ചികിത്സ നൽകാൻ റോബോട്ടിക് സർജറി കൊണ്ട് ഇന്ന് സാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിലെ ഗർഭാശയ കാൻസർ, ഗർഭാശയത്തിലെ മുഴകൾ, സെർവിക്കൽ കാൻസർ എന്നിവയുടെ ചികിത്സയിൽ അദ്ഭുതകരമായ ഫലങ്ങളാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത്. ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളെ പരിക്കേൽപ്പിക്കാതെ അതീവ കൃത്യതയോടെ കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്യാൻ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ഭൂരിഭാഗം ഇൻഷുറൻസ് പ്ലാനുകളും റോബോട്ടിക് ശസ്ത്രക്രിയകൾക്കും റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയകൾക്കും പരിരക്ഷ നൽകുന്നു എന്നതിനാൽ ഉയർന്ന ചികിത്സാ ചെലവ് എന്ന ഭയവും വേണ്ട. സ്തനാർബുദ ചികിത്സയിലെ പുതുവഴികൾ സ്തനാർബുദ ചികിത്സയിൽ ഇന്ന് മാറിടം പൂർണ്ണമായും നീക്കം ചെയ്യേണ്ട സാഹചര്യം കുറവാണ്. ഇത് ശാരീരികമായും വൈകാരികമായും ഒരാൾക്ക് ആത്മവിശ്വാസം നൽകുന്നു. ബ്രെസ്റ്റ് കൺസർവേഷൻ സർജറി: കാൻസർ ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുകയും മാറിടം സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണിത്. ട്യൂമറും അതിനു ചുറ്റുമുള്ള കുറച്ചു കോശങ്ങളും മാത്രമേ നീക്കം ചെയ്യുകയുള്ളൂ. ബാക്കി സ്തനം നിലനിർത്തുന്നു. ഓങ്കോപ്ലാസ്റ്റി: കാൻസർ നീക്കം ചെയ്തതിനുശേഷം മാറിടത്തിന്റെ സ്വാഭാവിക ആകൃതി നിലനിർത്തുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ: സ്തനം പൂർണ്ണമായും നീക്കം ചെയ്യുന്ന മാസ്റ്റെക്ടമി ശസ്ത്രക്രിയയ്ക്ക് ശേഷം സ്തനങ്ങളുടെ രൂപം വീണ്ടെടുക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയയാണ് ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ. പ്രധാനമായും രണ്ട് തരത്തിലാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്: 1. ഇംപ്ലാന്റ് ഉപയോഗിച്ചുള്ള രീതി- സ്തനത്തിന്റെ ആകൃതി നിലനിർത്താൻ സിലിക്കൺ ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാകാതെയാണ് ഇത് ചെയ്യുന്നത്. 2. ഫ്ലാപ്പ് റീകൺസ്ട്രക്ഷൻ- ഫ്ലാപ്പുകൾ (രോഗിയുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള ടിഷ്യൂ) ഉപയോഗിച്ച് സ്തനം നിർമ്മിക്കുന്നു. പ്രതിരോധവും നേരത്തെയുള്ള കണ്ടെത്തലും ചികിത്സയേക്കാൾ പ്രധാനം കാൻസർ വരാതെ നോക്കുന്നതും നേരത്തെ കണ്ടെത്തുന്നതുമാണ്. ഇതിനായി അത്യാധുനിക സ്ക്രീനിംഗ് സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. പാപ്പ് സ്മിയർ: ഗർഭാശയഗള കാൻസർ (Cervical Cancer) തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കുന്നു. കൃത്യസമയത്തുള്ള ഈ പരിശോധന കാൻസറിന് മുന്നോടിയായുള്ള കോശമാറ്റങ്ങളെപ്പോലും തിരിച്ചറിയാൻ സഹായിക്കും. മാമോഗ്രാം: സ്തനാർബുദം തുടക്കത്തിലേ കണ്ടുപിടിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മാമോഗ്രാം. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ മാമോഗ്രാം ചെയ്യുന്നത് ഉചിതമാണ്. ലക്ഷണങ്ങൾ അവഗണിക്കരുത് നിശ്ചിതപ്രായത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ ബോഡി ചെക്കപ്പുകൾ നടത്തുന്നത് രോഗം തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കും. നേരത്തെയുള്ള പരിശോധനയും നൂതന ചികിത്സയും ഉണ്ടെങ്കിൽ കാൻസറിനെ തോൽപ്പിക്കാം. വിട്ടുമാറാത്ത ചുമ, ശരീരത്തിൽ കാണുന്ന മുഴകൾ, ഉണങ്ങാത്ത മുറിവുകൾ, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ് അല്ലെങ്കിൽ വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ തന്നെ ഒരു ഓങ്കോളജിസ്റ്റിനെ സമീപിക്കുക. (അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ) Content Highlights: Robotic surgery is surgeon-controlled, providing enhanced 3D visualization., Superior precision and range of motion compared to human hands., Smaller incisions lead to faster recovery and reduced pain. Published: 23 Apr 2026, 10:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മനുഷ്യസഹജമായ കൈവിറയൽ പോലുമുണ്ടാവില്ല…! റോബോട്ടിക് ശസ്ത്രക്രിയ ചെയ്യുന്നത് യന്ത്രമോ അതോ ഡോക്ടറോ?
M
MathrubhumiSource Link
17 days ago