അടൂർമല ഉന്നതി അംബേദ്കർ സെറ്റിൽമെന്റ് വികസനപദ്ധതി To advertise here, തൊടുപുഴ : പിന്നാക്കസമൂഹം കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റത്തിന് വിധേയമാകണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു. അടൂർമല ഉന്നതി അംബേദ്കർ സെറ്റിൽമെന്റ് വികസന പ്രവൃത്തികളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ട വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വികസന പദ്ധതികളാണ് വിവിധ ഉന്നതികളിലായി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ രൂക്ഷമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. അവ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമ്മുടെ സമൂഹം ഉയർന്നുവരുകയുള്ളൂ. ഇടുക്കി ജില്ലയിൽ പട്ടികജാതി- പട്ടികവർഗ സമൂഹത്തിൽനിന്ന് 1104 വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചു. കൂടാതെ, 215 വിദ്യാർഥികൾ ഏവിയേഷൻ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. നമ്മുടെ സമൂഹം സ്വയം മാറ്റത്തിന് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വിശിഷ്ടാതിഥിയായി. ജില്ലാ നിർമിതികേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ കെ.വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ, ജില്ലാപഞ്ചായത്തംഗം സജി പി.ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം രാജു ഓടയ്ക്കൽ, കുടയത്തൂർ പഞ്ചായത്ത് അംഗം അജി മോഹനൻ, സംസ്ഥാന പട്ടികവർഗ ഉപദേശകസമിതി അംഗം കെ.എ. ബാബു, പട്ടികജാതി- പട്ടികഗോത്രവർഗ കമ്മീഷൻ അംഗം അഡ്വ. സേതു നാരായണൻ, അടൂർമല ഉന്നതി ഊരുമൂപ്പൻ പി.വി. നൈനാൻ തുടങ്ങിയവർ പങ്കെടുത്തു. Published: 04 Jan 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
